തെസ്നി ഖാന്‍ എന്ന പേര് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ചെറിയ വേഷങ്ങളിലൂടെ മുപ്പത് വര്‍ഷമായി മലയാള സിനിമയുടെയും ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായ തെസ്നിയെ തങ്ങളില്‍ ഒരാളെപ്പോലെ പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. ട്രിവാണ്ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ക്യാരക്റ്റര്‍ റോളുകളും തനിക്കു പറ്റുമെന്ന് തെളിയിച്ച തെസ്നി തന്‍റെ അഭിനയ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ് എന്നുതന്നെ പറയാം. തെസ്നിയുടെ വിശേഷങ്ങളിലേക്ക്...
ആദ്യകാലത്ത് കോംപറ്റീഷന്‍ കുറവായിരുന്നു
കലാഭവനില്‍ വന്ന സമയത്ത് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. കാരണം കോംപറ്റീഷന്‍ ഉണ്ടായിരുന്നില്ല. ആകെ ടീമില്‍ ഞാനൊരു സ്ത്രീ മാത്രം. അമ്മൂമ്മയും അമ്മയും കാമുകിയും ഭാര്യയും എല്ലാ വേഷങ്ങളും ഞാന്‍ തന്നെ. അവരുടെ കൂടെ രസമായിട്ട് അങ്ങ് പോയി. സ്റ്റേജ് പെര്‍ഫോമന്‍സിനെക്കുറിച്ച് ഒരുപാട് പഠിച്ചു. ഇപ്പോഴും മത്സരം ഒന്നും എനിക്ക് ഫീല്‍ ചെയ്യാറില്ല. എന്റെ ശൈലിയില്‍ എനിക്ക് വിശ്വാസമുണ്ട്. വര്‍ക്ക് കുറഞ്ഞത് ആകെ ഒരു സമയത്താണ്. കല്‍പ്പന ചേച്ചിയും ബിന്ദു പണിക്കരും ഒക്കെ സജീവമായി വന്ന സമയത്ത്. അവര്‍ക്ക് ക്യാരക്റ്റര്‍ റോളുകൾ കൊടുക്കാന്‍ ആളുണ്ടായിരുന്നു. ആ സമയം ഞാന്‍ സീരിയലുകളില്‍ ശ്രദ്ധിച്ചു തുടങ്ങി.
സിനിമ കുട്ടിക്കളിയായിരുന്നു
എന്നെ സംബന്ധിച്ച് സിനിമ പ്രൊഫഷന്‍ ആക്കണം എന്നൊന്നുമില്ലാരുന്നു. എം ടി സാര്‍ എന്‍റെ ഗ്രാന്‍ഡ് ഫാദറിന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് വൈശാലിയിലേക്കെത്തുന്നത്. തോഴിയുടെ വേഷമായിരുന്നു. തോഴിയെങ്കില്‍ തോഴി എന്നൊക്കെയുള്ള കുട്ടിക്കളിയായിരുന്നു. ബിഗ് ബജറ്റ് പടം, ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ എന്നൊക്കെയുള്ള രസം അല്ലാതെ സീരിയസ് ആയി ഒന്നിനെയും കണ്ടില്ല. ഇന്നത്തെ പക്വത അന്നുണ്ടായിരുന്നെങ്കില്‍ നല്ല റോളിനു വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു.
മൂന്നാം പക്കത്തില്‍ സെക്കന്റ് ഹീറോയിന്‍ ആയാണ് ആദ്യം സെലക്റ്റ് ചെയ്തത്. കഥയൊക്കെ പറഞ്ഞ് കോസ്റ്റ്യൂം വരെ റെഡിയാക്കി കഴിഞ്ഞപ്പോഴാണ് വേറൊരാളാണ് ആ വേഷം ചെയ്യുന്നതെന്ന് അറിയുന്നത്. അതുപോലും അന്നെന്നെ ബാധിച്ചില്ല. അത്രയ്ക്കു പോലും ഞാന്‍ സീരിയസ് ആയിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോഴാണ് മനസ്സിലാകുന്നത്. അവരോടൊക്കെ അന്ന് കുറച്ചു കൂടി സീരിയസ് ആയി ഉത്തരവാദിത്തത്തോടെ നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ അവസരം കിട്ടുമായിരുന്നു.
പിന്നീട് കുറേനാള്‍ കഴിഞ്ഞു സത്യന്‍ അന്തിക്കാടിന്റെ സിനിമയിലാണ് നല്ല റോള്‍ കിട്ടുന്നത്. അന്ന് സ്ക്രിപ്റ്റ് എഴുതിയിരുന്ന ലോഹിസാര്‍ ആണ് സഹായിച്ചത്. ഒരു നടി എങ്ങനെയാണ് ക്യാമറയുടെ മുന്നില്‍ ബീഹേവ് ചെയ്യേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങള്‍ കൃത്യമായി പറഞ്ഞുതരുന്നത് അദ്ദേഹമാണ്. ഇപ്പോള്‍ വീണ്ടും സീരിയസ് റോളുകള്‍ കിട്ടിത്തുടങ്ങി. മാത്രമല്ല സിനിമയും മാറിയല്ലോ. ഗോഷ്ടി കാണിച്ച് ആളുകളെ ചിരിപ്പിക്കുന്ന കാലം കഴിഞ്ഞു. സിറ്റുവേഷൻ കോമഡിയാണ് ഇപ്പോള്‍ വേണ്ടത്.
പത്തുവര്‍ഷം ജോലി ചെയ്തിട്ടും എന്നെ തഴഞ്ഞു
ചാനലിന്റെ ഹാസ്യപരിപാടിയിൽ പത്തുവര്‍ഷമുണ്ടായിരുന്നു. ഒരു പ്രോഗ്രാമിന് വേണ്ടിയും ഇത്ര ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടില്ല. ഇന്നത്തെ പോലെയല്ല. അന്ന് അസിസ്റ്റന്‍സോ കോസ്റ്റ്യൂം ഡിസൈനര്‍മാരോ ഇല്ല. സ്കിറ്റ് ഏതാണ് വേഷം ഏതാണ് എന്ന് ഫോണ്‍ പറയും. നമ്മള്‍ ഒരു പെട്ടിയില്‍ സ്വന്തമായി എല്ലാം കൊണ്ടുപോകുകയാണ്. മേക്കപ്പ് സാധനങ്ങള്‍, കോസ്റ്റ്യൂംസ്, വിഗ് എല്ലാം കൊണ്ടു പോകണം. ഇന്ന് സ്പോൺസര്‍മാരുണ്ട്. അസിസ്റ്റന്റ്സ് ഉണ്ട്. അന്ന് ഓരോ സ്കിറ്റിനും പ്രതിഫലം പോലും ചോദിച്ചിട്ടില്ല. ബാങ്കില്‍ ക്യാഷ് വരും. അത്രയേക്ക് വിശ്വാസവും ആത്മാര്‍ത്ഥതയുമായിരുന്നു. ബാക്കിയെല്ലാം നമ്മുടെ ഉത്തരവാദിത്തമാണ്.
അത്രയും കഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നിട്ടും ആ പരിപാടിയുടെ പത്താം വാര്‍ഷികച്ചടങ്ങില്‍ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികള്‍ക്കും ശേഷം ഏറ്റവും അവസാനമായിരുന്നു നമ്മുടെ സ്ഥാനം. ഓഡിയന്‍സിനോട് സംസാരിക്കാന്‍ പോലും അവസരം തന്നില്ല. സത്യത്തില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല. മമ്മൂക്കയുടെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ ഒരു വേഷം കിട്ടിയിരുന്നു. ബിഗ് സ്ക്രീന്‍ എല്ലാവരുടെയും ഒരു സ്വപ്നമാണ്. ആ സമയത്തായിരുന്നു ഈ പരിപാടിയുടെ തീരുമാനങ്ങള്‍ വന്നത്. എന്നെ അവഗണിക്കുകയായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനും ഇങ്ങനൊരു ഗതി വരരുത്. ആരോടും ഇത്രയും ആത്മാർഥത പാടില്ല എന്നു പഠിച്ചു. ദൈവം സഹായിച്ച് ആരെയും ആശ്രയിക്കാതെ തന്നെ അവസരങ്ങള്‍ ഉണ്ട്.
കന്യക മേനോൻ സ്വീകരിക്കപ്പെട്ടു
അത്തരം വേഷം മുന്‍പ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഗീത, ഉര്‍വ്വശി ,സീമ തുടങ്ങിയ സീനിയേഴ്സ് ചെയ്ത് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയൊക്കെ കഷ്ടപ്പെടുന്ന ബോള്‍ഡ് ആയിട്ടുള്ള വേശ്യ. ആ കഥാപാത്രം നല്ല അഭിപ്രായവും അംഗീകാരവും നേടിയിട്ടുമുണ്ട്. ആ കഥാപാത്രവും രണ്ടുതരത്തില്‍ ചെയ്യാമല്ലോ. ആദ്യത്തേത് വസ്ത്രത്തിലും എക്സ്പ്രഷനിലും മാറ്റം വരുത്തിയുള്ളതാണ്. രണ്ടാമത്തേത് എക്സ്പോസ് ചെയ്യാതെ മൈന്യൂട്ട് ആയിട്ടുള്ള സംഭാഷണങ്ങളിലൂടെ സൂചനകള്‍ നല്‍കിക്കൊണ്ട്.
ട്രിവാന്‍ഡ്രം ലോഡ്ജിലെ കന്യക മേനോൻ അത്തരത്തിലാണ് ചെയ്തത്. വി കെ പ്രകാശും അനൂപ് മേനോനും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നു. സംസാരത്തില്‍ ഇന്നസന്‍സ് വേണം. അതു കൊണ്ടുവരാന്‍ കഴിഞ്ഞതുകൊണ്ടാണ് ആളുകള്‍ ആ വേഷം സ്വീകരിച്ചത്. പിന്നീട് രണ്ടു സിനിമയില്‍ക്കൂടി ആ ടൈപ്പ് റോള്‍ ചെയ്തു. അത്തരം വേഷങ്ങള്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ തന്നെ എക്സ്പോസ് ചെയ്യാതെ കോമഡി ലെവലില്‍ എന്നൊക്കെയാണ് നമ്മളോട് പറയുന്നത് തന്നെ. ഇനിയിപ്പോ അത്തരം വേഷങ്ങള്‍ ആവര്‍ത്തനമാകും. അതുകൊണ്ട് ചെയ്യുന്നില്ല എന്നാണ് തീരുമാനം. അമ്മ വേഷങ്ങള്‍ വരുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയില്‍ അമ്മ വേഷമാണ്. മമ്മൂക്കയുടെ പുതിയ സിനിമയില്‍ ഒരു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വേഷം വരുന്നുണ്ട്.
സിനിമയിലെ സ്ത്രീകളുടെ സുരക്ഷ
ഇന്നേവരെ എനിക്ക് കയ്പ്പേറിയ ഒരു അനുഭവവും ഉണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ പണ്ടേ ഈ ഫീല്‍ഡ് വിടുമായിരുന്നു. പെട്ടെന്ന് നായികയും പ്രശസ്തയുമൊന്നും ആകാമെന്ന വാഗ്ദാനവുമായി ഒരു രക്ഷകര്‍ത്താവ് എനിക്കില്ലായിരുന്നത് കൊണ്ടാവാം ഒരുപക്ഷേ അങ്ങനൊരു അനുഭവവും ഇല്ലാത്തതും. കിട്ടിയ ചെറിയ റോളുകള്‍ ചെയ്തു പിടിച്ചു നിന്നതാണ്. പെട്ടെന്ന് സ്റ്റാര്‍ ആകാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ മുന്നിലാണ് രക്ഷകന്മാര്‍ ചൂഷണത്തിനുള്ള വഴികളുമായി എത്തുന്നത്.
അന്നും ഇന്നും എല്ലാ തൊഴില്‍ മേഖലയും പോലെ ചൂഷണങ്ങള്‍ സിനിമയിലുമുണ്ട്. പണ്ടൊക്കെ കുടുംബം പോറ്റാന്‍ വരുന്നവരാണ് കൂടുതലും. എന്തേലും മോശം അനുഭവമുണ്ടായാലും പുറത്തു പറയില്ല. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. നല്ല വിദ്യാഭ്യാസവും സാമ്പത്തികവുമുള്ള കുട്ടികളാണ് കൂടുതലും. എന്തേലും ഉണ്ടായാല്‍ അവര്‍ക്ക് വിളിച്ചു പറയാനുള്ള ധൈര്യമുണ്ട്. പിന്നെ സിനിമാക്കാരും മാറി. എല്ലാ മേഖലയിലും കോംപറ്റീഷനാണ്. വര്‍ക്ക് നന്നാവണം തിരിച്ചറിയപ്പെടണം. എന്നാലെ പിടിച്ച് നിൽക്കാന്‍ പറ്റൂവെന്ന അവസ്ഥയായി.
ഉപ്പയും മാജിക്കും?
ഫാദര്‍ അലി ഖാന്‍ അന്‍പതു വര്‍ഷത്തോളം മാജിക്ക് ചെയ്തിരുന്നയാളാണ്. ഒരുപക്ഷേ ജീവിച്ചിരുന്നെങ്കില്‍ ഏറ്റവും പ്രായമുള്ള മജീഷ്യന്‍ എന്നറിയപ്പെട്ടേനെ. നാലു വയസ് മുതല്‍ അസിസ്റ്റന്റായി ഞാനും പോയിരുന്നു. ഒരു മജീഷ്യന്‍ എന്നതിനേക്കാള്‍ ഞാൻ നല്ല നടിയായി അറിയപ്പെടണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. മരിക്കുന്നതിന് ഒരാഴ്ച മുൻപു വരെ മാജിക്ക് ചെയ്തിരുന്നു. കാര്യസ്ഥന്‍ സിനിമയില്‍ എനിക്ക് സാമാന്യം നല്ല ഒരു വേഷം ലഭിച്ചിരുന്നു. ആദ്യം തൊട്ടു അവസാനം വരെ സ്ക്രീനില്‍ കയ്യടി നേടുന്ന വേഷത്തില്‍ എന്നെ കണ്ടതിനു ശേഷമാണ് ആള് പോയത്. ഞാന്‍ ഒരിക്കലും മാജിക്ക് ഒരു പ്രൊഫഷന്‍ ആയി എടുത്തിരുന്നില്ല. എവിടെപ്പോയാലും കുട്ടികള്‍ക്ക് ഒക്കെ വേണ്ടി ചില നമ്പരുകള്‍ കയ്യിലുണ്ടാവും എന്നുമാത്രം!
കുടുംബം
ഞാനും മമ്മിയും എറണാകുളത്താണ് താമസം. ഒരു സിസ്റ്റര്‍ തൊടുപുഴയില്‍ കുടുംബമായി താമസിക്കുന്നു.