അച്ഛനെ അഭിനന്ദിച്ചുകൊണ്ട് കുഞ്ഞിന്റെ കത്ത്; അതു നെഞ്ചേറ്റി സാമൂഹ്യമാധ്യമങ്ങളും

പ്രതീകാത്മക ചിത്രം.

അച്ഛനമ്മമാരുടെ കഷ്ടപ്പാടിനും കഠിന പ്രയത്നങ്ങൾക്കും പുല്ലുവില നൽകാതെ പുതിയ ഓരോ ആഗ്രഹങ്ങളുമായി അവരുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തുന്ന കുട്ടികൾ തീർച്ചയായും ഈ കത്ത് വായിക്കണം. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന അച്ഛനെ അഭിന്ദിച്ചുകൊണ്ടുള്ള കത്താണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കത്തിൽ ഒരു കുസൃതിയൊളിപ്പിച്ചിട്ടുണ്ടെങ്കിലും വെർച്വൽ ലോകം ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആ കത്ത്. അച്ഛന്റെ കഷ്ടപ്പാടിനെക്കുറിച്ചാണ് കുഞ്ഞിന്റെ കത്ത്.

അച്ഛൻ ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നു തനിക്കറിയാമെന്നും ഈ ലോകത്തെത്തന്നെ മാറ്റി മറിക്കാൻ അച്ഛനു കഴിയുമെന്നും പറഞ്ഞ ശേഷം അച്ഛൻ ഇനിയും കഷ്ടപ്പെടാൻ ഒരുക്കമാണെങ്കിൽ താനാഗ്രഹിച്ച ഗെയിം തനിക്കു വാങ്ങിത്തരാൻ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ് അവൻ കത്ത് അവസാനിപ്പിച്ചത്. സമ്മാനം കിട്ടാൻ വേണ്ടി കുട്ടി അച്ഛനെ സോപ്പിടുകയാണെന്നൊക്കെ ദോഷൈകദൃക്കുകൾ പറയുന്നുണ്ടെങ്കിലും ഈ ചെറിയ പ്രായത്തിനും അച്ഛന്റെ കഷ്ടപ്പാടിനെക്കുറിച്ച് ചിന്തിക്കാൻ അവനു മനസ്സുണ്ടല്ലോയെന്നാണ് ഭൂരിപക്ഷം ആളുകളുടേയും അഭിപ്രായം.

ഈ കത്ത് കണ്ട് മനസ്സിൽ കുറ്റബോധം തോന്നിയ മറ്റൊരാൾ കുറിച്ചതിങ്ങനെ. 'ചെറുപ്പത്തിൽ ഞാനും അച്ഛനു കത്തെഴുതിയിട്ടുണ്ട്. അതു പക്ഷേ അച്ഛനെ അഭിനന്ദിക്കാനായിരുന്നില്ല. അച്ഛനോടുള്ള എന്റെ അനിഷ്ടം പ്രകടിപ്പിക്കാനായിരുന്നു. കൂട്ടുകാരുടെയൊപ്പം കളിക്കാൻ പോകാൻ ഒരിക്കലും അച്ഛനെന്നെ അനുവദിച്ചിരുന്നില്ല. അച്ഛനോടുള്ള എതിർപ്പ് എങ്ങനെ പ്രകടിപ്പിക്കണമെന്ന് ആലോചിച്ചിരുന്നപ്പോഴാണ് എനിക്കാ ബുദ്ധി തോന്നിയത്. അച്ഛനെ വെറുക്കുന്നുവെന്നും അച്ഛൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ആ കുറിപ്പ്.

അത് പഠനമേശയിൽവെച്ചിട്ട് എന്റെ മുറിയിൽ അച്ഛനൊരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ ഞാനങ്ങോട്ടയച്ചു. അതു വായിച്ച് അദ്ദേഹത്തിന്റെ മനസ്സ് എത്രത്തോളം വേദനിച്ചിരുന്നുവെന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നുണ്ട്. അന്നു ചെയ്തുപോയ തെറ്റിനെക്കുറിച്ച് എനിക്കിപ്പോൾ വളരെ സങ്കടമുണ്ട്'. പശ്ചാത്താപത്തോടെ അയാൾ കുറിച്ചു.