നന്നായി ഭക്ഷണം പാകം ചെയ്യാനറിയാവുന്ന ഭാര്യയെ പ്രതീക്ഷിച്ചിരിക്കുന്നവർ വായിക്കാൻ; ഇത് നിങ്ങളുടെ മനസ്സു മാറ്റും തീർച്ച

പ്രതീകാത്മക ചിത്രം.

ജോലി ചെയ്തു തളർന്നു വരുമ്പോൾ മുഖം നിറയെ പുഞ്ചിരിയും കൈയിൽ ഒരു കപ്പു ചൂടുചായയുമായി ഭാര്യ കാത്തിരിക്കാനുണ്ടെങ്കിൽ എന്തൊരു രസമായിരിക്കും. ഭാര്യ വീട്ടമ്മയോ വർക്കിങ് വിമനോ ആരുമാവട്ടെ പക്ഷേ ഭർത്താവിനും വീട്ടിലുള്ള മുഴുവൻ പേർക്കും അവൾ തന്നെ ഭക്ഷണം പാകം ചെയ്യണം. കുഞ്ഞുങ്ങളുടെ പഠന കാര്യം അവൾ തന്നെ നോക്കണം. വീട്ടിലെ മുതിർന്നവരുടെ പരിചരണത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട. അവൾ മിടുക്കിയല്ലേ അതും അവൾ തന്നെ നോക്കിയും കണ്ടും ചെയ്യണം. 

ഇങ്ങനെ ഉത്തരവാദിത്തങ്ങളെല്ലാം ഭാര്യയുടെ തലയിലേറ്റിയിട്ട് ഉത്തമകുടുംബസ്ഥനാകാൻ ആഗ്രഹിക്കുന്ന പുരുഷന്മാരുടെ മനസ്സിൽ ഒരു ചെറുചലനമെങ്കിലും ഉണ്ടാക്കണമെന്ന വാശിയിൽ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കുറേ പുരുഷപ്രജകൾ. ഇതുവരെ സ്ത്രീകൾക്കൊരു പ്രശ്നം വരുമ്പോൾ സ്ത്രീകൾ മാത്രമാണ് അഭിപ്രായപ്രകടനങ്ങളും ക്യാംപെയിനുകളുമായി മുന്നോട്ടു വന്നതെങ്കിൽ ഇക്കുറി അതേറ്റെടുത്തിരിക്കുന്നത് പുരുഷന്മാരാണ്.

ഖാനാഖുദ്ഗരംകർലോ ( ആഹാരം സ്വയം ചൂടാക്കി കഴിക്കൂ) എന്ന ഹാഷ്ടാഗോടെ എത്തിയിരിക്കുന്ന ക്യാംപെയിനിലൂടെ നിരവധി പുരുഷന്മാരാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത്. വീട്ടിലുള്ളവർക്ക് ഭാര്യമാർ ആഹാരം വെച്ചുണ്ടാക്കിയാൽ പോരാ വൈകിവരുന്ന ഭർത്താവിന് ആഹാരം ചൂടാക്കിക്കൊടുക്കേണ്ട കടമ കൂടി ഭാര്യമാർക്കുണ്ടെന്നു വിശ്വസിക്കുന്ന ഭർത്താക്കന്മാർക്കു വേണ്ടിയാണ് ഈ യുവാക്കൾ സ്വന്തം അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.

ഓഫീസിൽ നിന്ന് വിശന്ന് പൊരിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മ നല്ല ഉറക്കത്തിലും ഭാര്യ പ്രാർഥനയിലുമാണെന്നും അവർ വരുന്നതുവരെ കാത്തു നിൽക്കാൻ ക്ഷമയില്ലാതിരുന്നതുകൊണ്ട് ഭക്ഷണം തനിയെ ചൂടാക്കി കഴിക്കേണ്ടി വന്നുവെന്നും. സ്വയം അങ്ങനെ ചെയ്യേണ്ടി വന്നപ്പോൾ ഇടയ്ക്കിടെ ഉള്ളിലുള്ള ആൺധാർഷ്ട്യത്തിന്റെ ഈഗോ ഉള്ളിൽ നിന്നും ഉയർന്നുകൊണ്ടിരുന്നുവെന്നും ചിലർ പറയുന്നു. വിശന്നു വയറുപൊരിഞ്ഞാലും ഭാര്യയെടുത്തു തന്നാലേ ആഹാരം കഴിക്കൂവെന്നും അത് അവളുടെ കടമയാണെന്നും വിശ്വസിക്കുന്നതാണ് ആണത്തമെന്ന ധാരണ ഉള്ളിൽ നിന്നു മാറ്റാതെ യഥാർഥ പുരുഷനാവില്ല എന്നും പറഞ്ഞുകൊണ്ടാണ് ചിലർ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ അനുഭവം പങ്കുവെയ്ക്കുന്നത്.

പ്രതീകാത്മക ചിത്രം.

വീട്ടിലെ ജോലികളെല്ലാം സ്വയം ചെയ്യാനാണ് ഭാര്യയ്ക്കിഷ്ടം. എന്റേയും കുട്ടികളുടേയും എല്ലാക്കാര്യങ്ങളും അവൾ തന്നെയാണ് നോക്കുന്നതും പക്ഷേ എന്നാൽ കഴിയുന്ന ചെറിയജോലികളിൽ ഞാനവളെ സഹായിക്കാറുണ്ട്. ഇടയ്ക്കിടെ അവൾക്കിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കിയും അവൾക്ക് ഓഫീസിലിടാനുള്ള വസ്ത്രങ്ങൾ ഇസ്തിരിയിട്ടുകൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള് ചെറിയ ജോലികൾ ചെയ്യുന്നതിലൂടെ അവളുടെ ജോലിഭാരം ഞാൻ പങ്കിട്ടെടുക്കുന്നില്ല എന്നെനിക്കറിയാം. പക്ഷേ അവൾ എപ്പോഴും സന്തോഷത്തോടെയിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സ്വന്തം ഭാര്യ സന്തോഷത്തോടെയിരിക്കുന്ന ആഗ്രഹിക്കുന്നയാൾ ഒരു ഫെമിനിസ്റ്റാണെങ്കിൽ ഞാൻ തീർച്ചയായും ഒരു ഫെമിനിസ്റ്റാണ് മറ്റൊരു യുവാവ് പറയുന്നു.

സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമൂഹത്തോട് തുറന്നു പറയാൻ ആർജ്ജവം കാട്ടുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒപ്പം നിൽക്കുവാൻ പരുഷന്മാർ തയാറാവുകയും ചെയ്യുന്നതാണ് ഇത്തരം ക്യാംപെയിനുകളുടെ നന്മ എന്നാണ് ഇതിനോട് പോസിറ്റീവായി പ്രതികരിച്ചവരുടെ അഭിപ്രായം.