ജീവിതത്തിൽ സംഭവിച്ച ചില ദുരന്തങ്ങൾ തീവ്രപ്രണയത്തിലേക്കുള്ള വഴിയൊരുക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ നിങ്ങൾ തീർച്ചയായും നെഹാൽ–അനൂപ് ദമ്പതികളുടെ കഥയറിയണം. ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളിൽപ്പോലും സമാനതകൾ ഉണ്ടായിരുന്ന അവർക്ക് പരസ്പരം സ്വന്തമാകാൻ വേണ്ടി വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.
ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നെഹാൽ എന്ന ഗുജറാത്തി പെൺകുട്ടി അവളുടെ പ്രണയകഥ പങ്കുവെച്ചത്. ദക്ഷിണേന്ത്യനായ അനൂപ് ചന്ദ്രൻ തന്റെ പ്രാണന്റെ പാതിയായ കഥ അവൾ പങ്കുവെച്ചതിങ്ങനെ. 'ഞങ്ങളുടെ ജീവിതത്തിൽ ഒട്ടേറെ സമാനതകളുണ്ട്. ബോബെയിൽവെച്ചാണ് ഞങ്ങൾ കാറപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഇരുവരുടേയും സ്പൈനൽകോഡിനായിരുന്നു പരുക്ക്. തുടർന്ന് ഇരുവരുടെയും ജീവിതം വീൽചെയറിലായി.
ഞങ്ങൾ സഞ്ചരിച്ചതുപോലും ഒരുപോലെയുള്ള കാറിലായിരുന്നു. ആകെയുണ്ടായിരുന്ന വ്യത്യാസം ഞങ്ങളുടെ കാറുകൾ അപകടത്തിൽപ്പെടുന്നത് മൂന്നുവർഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു എന്നതുമാത്രമാണ്. മുംബെയിൽ നടന്ന സ്പൈന്ൽ കോഡ് ഇൻജുറി എൻജിഒയിൽവെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. രണ്ടു വ്യത്യസ്ത പശ്ചാതലത്തിൽ നിന്നാണ് വരുന്നതെങ്കിലും തമ്മിൽ ഒന്നിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഞങ്ങൾ പരസ്പരം കണ്ടെത്തി'. അധികം വൈകാതെ കേരളത്തിൽ നിന്നുള്ള അനൂപ് ചന്ദ്രനും ഗുജറാത്തിൽ നിന്നുള്ള നെഹാലും പരസ്പരം ഹൃദയം കൈമാറി.
വളരെപ്പെട്ടന്ന് പ്രണയത്തിലായെങ്കിലും ഒന്നിച്ചു ജീവിക്കാനുള്ള അനുവാദം ബന്ധുക്കളിൽ നിന്ന് നേടിയെടുക്കാൻ അവർക്ക് 7 വർഷത്തോളം വേണ്ടി വന്നു. വീൽചെയറിൽ ജീവിക്കുന്ന രണ്ടുപേർ എങ്ങനെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ തനിച്ചു നിറവേറ്റുമെന്ന ആശങ്കയായിരുന്നു കുടുംബത്തിന് ഒടുവിൽ അവരുടെ പ്രണയത്തിനു മുന്നിൽ ബന്ധുക്കളുടെ ആശങ്ക തോറ്റു. അങ്ങനെ 2017 ഡിസംബർ 12 ന് മുംബൈയിൽ വെച്ച് നെഹാൽ ആനൂപിന് സ്വന്തമായി.
വിവാഹദിനത്തിലെ അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സബ്യസാചി ലെഹംഗയിൽ സുന്ദരിയായ നെഹാലും ഷെർവാണിയിൽ സുന്ദരനായ അനൂപും ഏവരുടേയും മനം കവർന്നു. തുടക്കത്തിൽ വീട്ടിലെ ഉത്തരവാദിത്തങ്ങളൊക്കെ നിറവേറ്റാൻ ഇവർക്ക് മറ്റുള്ളവരുടെ സഹായം വേണ്ടി വന്നെങ്കിലും പിന്നീട് ഇവർ ഒറ്റയ്ക്ക് കാര്യങ്ങളെല്ലാം മാനേജ് ചെയ്യാൻ പഠിച്ചു.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന ഇരുകുടുംബക്കാരും ഇപ്പോളേറെ സന്തോഷത്തിലാണ്. ഇരുവീടുകളിൽ നിന്നും അകലെയാണ് ഞങ്ങൾ താമസിക്കുന്നത്. അതുകൊണ്ടു തന്നെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം ഞങ്ങൾ തനിയെയാണ് ചെയ്യുന്നതും. ജീവിതം ബുദ്ധിമുട്ടേറിയതാണെന്ന് ഇതുവരെ തോന്നിയിട്ടില്ല നെഹാൽ പറയുന്നു.
നിങ്ങളുടെ പ്രണയം ശക്തമാണെങ്കിൽ അതു സാധ്യമാകുക തന്നെ ചെയ്യും എന്തൊക്കെ തടസ്സങ്ങൾ വന്നാലും എത്ര വൈകിയാലും അതു സ്വന്തമാക്കാൻ സാധിക്കുമെന്നു പറഞ്ഞുകൊണ്ട് നെഹാൽ തന്റെ പ്രണയകഥ പറഞ്ഞവസാനിപ്പിക്കുന്നത്.