ഭർത്താവ് കിം ജോങ് ഉൻ ഒരുപാടുപേരുടെ പേടിസ്വപ്നമാണെങ്കിലും ഉത്തര കൊറിയയിലെ പ്രഥമവനിത റി–സോൽ–ജു വിന് ഇപ്പോൾ ഏറെ ആരാധകരുണ്ട്. ഭർത്താവിനൊപ്പം രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെ ബെയ്ജീങ്ങിലെത്തിയപ്പോൾ ധരിച്ച വസ്ത്രങ്ങളാണ് റി–സോൽജുവിനെ ഫാഷൻ പ്രേമികളുടെ പ്രിയങ്കരിയാക്കിയത്.
രണ്ടു ദിവസത്തെ ചടങ്ങിൽ വ്യത്യസ്ത ഔട്ട്ഫിറ്റിലെത്തിയ റി സോൽ ജുവിനെ സംസ്ഥാന ടെലിവിഷനിലൂടെ കണ്ട ചൈനയിലെ ജനങ്ങൾ അക്ഷരാർഥത്തിൽ സ്തംബധരായിരിക്കുകയാണ്. കിമ്മിന്റെ ഭാര്യയ്ക്ക് ഇത്രത്തോളം ഫാഷൻസെൻസുണ്ടെന്ന് ഇപ്പോഴാണറിയുന്നത് എന്നു പറഞ്ഞുകൊണ്ടാണ് ഉത്തരകൊറിയയിലെ പ്രഥമ വനിതയുടെ ചിത്രങ്ങൾ അവർ പങ്കുവെയ്ക്കുന്നത്.
വളരെ അപൂർവമായി മാത്രം പൊതുചടങ്ങുകളിൽ പ്രത്യക്ഷപ്പെടുന്ന റിസോൽജുവിന്റെ ഈ അപ്പിയറൻസ് കലക്കിയെന്നും മറ്റു സെലിബ്രിറ്റകളിലൊന്നും ഇത്രയും ഫാഷൻസെൻസ് കാണാൻ സാധിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങൾ റി സോൽ ജു വിനെ പുകഴ്ത്തുന്നത്.
റി സോൽ ജു സുന്ദരിയും സൗമ്യവതിയുമാണെന്നും കിമ്മിന്റെ സഹോദരിയേക്കാൾ പലകാര്യങ്ങളിലുെ യോഗ്യത റി സോൽ ജു വിനാണെന്നും ഒരാൾ പറയുന്നു. കിമ്മും ഭാര്യയും ബെൽജിയം സന്ദർശിക്കുന്നതിനു മുന്നോടിയായി കിമ്മിന്റെ സഹോദരി കിം യോ ജോങ് നടത്തിയ യാത്രയിൽ ദുരൂഹതയുണ്ടെന്നു സംശയിച്ചുകൊണ്ടാണ് ചിലയാളുകൾ കിമ്മിന്റെ സഹോദരിയേയും ഭാര്യയേയും താരതമ്യം ചെയ്തു സംസാരിച്ചത്. ചൈനയുടെ പ്രഥമവനിതയുടെ വേഷം കുറച്ചുകൂടെ ഫാഷനബിൾ ആയിരുന്നെങ്കിലും റി സോൽ ജുവിന്റെ വേഷമാണ് മികച്ചതെന്നും ചിലർ അഭിപ്രായപ്പെട്ടു.
കിമ്മിന്റെ സഹോദരിയുമായും ചൈനയുടെ പ്രഥമവനിതയുമായും മാത്രമല്ല ആളുകൾ റി സോൽ ജുവിനെ താരതമ്യം ചെയ്തത്. ചൈനീസ് സെലിബ്രിറ്റികൾപോലും റിസോൽജുവിന്റെ സൗന്ദര്യത്തിനുമുന്നിലൊന്നുമല്ലെന്ന് കടന്നു പറഞ്ഞു കളഞ്ഞു. 2012 ലാണ് വിവാഹ വാർത്തയെപ്പറ്റി കിം അനൗൺസ് ചെയ്തത്. 1989 ലാണ് റിസോൽജുവിന്റെ ജനനമെന്നും ഈ ദമ്പതികൾക്ക് മൂന്നുമക്കളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സ്വാഗതച്ചടങ്ങിൽ കാമൽക്രോപ്പഡ് ജാക്കറ്റും അതിനു ചേരുന്ന മിഡിസ്കേർട്ടും കോർട്ട് ഷൂസുമാണ് റി സോൽ ജു ധരിച്ചത്. വസ്ത്രത്തിന് മാറ്റു കൂട്ടാൻ പിങ്ക്–ഗോൾഡ് ബട്ടർഫ്ലൈ ബ്രൂച്ചും നെക്ക്‌ലേസും ഇയർസ്റ്റഡും അണിഞ്ഞിരുന്നു. ചൈനീസ് അക്കാഡമി സന്ദർശനവേളയിൽ റി സോൽ ജു എത്തിയത് ആപ്പിൾ ഗ്രീൻ ഡ്രസ്സിനൊപ്പം വൈറ്റ് ജാക്കറ്റ് ധരിച്ചുകൊണ്ടാണ്. ഔട്ട്ഫിറ്റിന് അഴകു കൂട്ടാൻ ബ്രൗൺറിബണും ലെതർ ക്ലച്ചും ധരിച്ചിരുന്നു. ഫ്ലോറൽ ഡെക്കറേഷനും സ്ലീവ്സിൽ ഫ്രില്ലുമുള്ള ഐവറി കളർ ടൂപീസാണ് ഗസ്റ്റ്ഹൗസിൽ നടന്ന വിരുന്നിനെത്തുമ്പോൾ റി ധരിച്ചത്.
റിയുടെ ഫാഷൻ സെൻസിനെ സമൂഹമാധ്യമങ്ങൾ പുകഴ്ത്തുന്നുണ്ടെങ്കിലും അതിൽ രണ്ടു വസ്ത്രങ്ങൾ ഔട്ട്ഡേറ്റഡ് ആണെന്നാണ് ഹോങ്കോങ്ങിലെ ഫാഷൻ ഡിസൈനറായ വില്യം റ്റാങ് റ്റാറ്റ് ചി പറയുന്നത്. റി യുടെ ചിത്രങ്ങൾ തരംഗമായതോടെ മിഡി ധരിച്ച ചിത്രങ്ങളും റിയൂടെ ചിത്രങ്ങൾക്കു വന്ന കമന്റുകളും വെബ്സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.