ഇത് താൻ അല്ലയോ അത്; ആരാധ്യയുടെ പിങ്ക് ഫ്രോക്കിൽ കണ്ണുടക്കി ആരാധകർ

സെലിബ്രിറ്റികൾ എന്തു ചെയ്താലും അതു വാർത്തയാണ്. പ്രത്യേകിച്ച് മുൻലോകസുന്ദരി ഐശ്വര്യയോടും മകൾ ആരാധ്യയോടും ഒരു പ്രത്യേകയിഷ്ടമാണ് ആരാധകർക്ക്. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിലെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾപോലും ചർച്ചയാകാറുണ്ട്. മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകൻ ആകാശ് അംബാനിയും ശ്ലോകയും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങിൽ ആരാധ്യയണിഞ്ഞ പിങ്ക് ഫ്രോക്കിനെച്ചൊല്ലിയാണ് ഇപ്പോൾചർച്ച മുറുകിയിരിക്കുന്നത്.

എംബ്രോഡറി വർക്ക് ചെയ്ത ബ്ലാക്ക് ഗൗണിൽ അൽപ്പം ഗ്ലാമറസായി ഐശ്വര്യയെത്തിയപ്പോൾ ഫ്ലോറൽ ടിയാര ധരിച്ച് ഗൗരിനൈനിക പിങ്ക് ഡ്രസ്സിലാണ് ആരാധ്യയെത്തിയത്. ആ ഫ്രോക്ക് കണ്ടപ്പോൾ മുതൽ മുൻപ് അതെവിടെയോ കണ്ടിട്ടുണ്ടെന്നുറപ്പിച്ചു പറയുകയാണ് ആരാധകർ. അതു തങ്ങളുടെ വെറും സംശയമല്ലെന്ന് ഉറപ്പിക്കാൻ ആ ചിത്രങ്ങൾ തപ്പിപ്പോകാൻ മിനക്കെടുകയും ചെയ്തു ചിലർ.

ഒടുവിൽ കഴിഞ്ഞവർഷം നടന്ന 70–ാമത്കാൻ ചലച്ചിത്രോത്സവത്തിൽ റെഡ്കാർപ്പറ്റിലൂടെ ഐശ്വര്യയ്ക്കൊപ്പം നടന്ന ആരാധ്യ അന്ന് ധരിച്ച പിങ്കുടപ്പാണ് ഇപ്പോൾ വീണ്ടും ആകാശിന്റെ വിവാഹനിശ്ചയച്ചടങ്ങിൽ ധരിച്ചതെന്നും അവർ കണ്ടെത്തി. സംഗതിയെന്തായാലും കുഞ്ഞ് ആരാധ്യ പാർട്ടി ശരിക്കും ആഘോഷിച്ചുവെന്നും പാർട്ടിയിൽ പങ്കെടുക്കാൻ ആരാധ്യയെ നിതഅംബാനി പ്രത്യേകം ക്ഷണിച്ചുവെന്നും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ പറയുന്നു. കുഞ്ഞുകുട്ടികളുടെ നൃത്തനാടകമൊരുക്കി ആരാധ്യയ്ക്ക് നിത സർപ്രൈസ് നൽകുകയും ചെയ്തിരുന്നു.