8 മാസത്തിനിടയിൽ ജീവിതത്തിലെത്തിയത് മൂന്നുകുഞ്ഞുങ്ങൾ; മാതൃത്വത്തെക്കുറിച്ച് സണ്ണിലിയോൺ

സണ്ണിലിയോൺ കുടുംബത്തോടൊപ്പം.

കുട്ടികളുടെ കളിയും ചിരിയും ബഹളവും നിറഞ്ഞ വലിയൊരു കുടുംബം ആകണം തന്റേതെന്ന് ഒരുകാലത്ത് സണ്ണി ആഗ്രഹിച്ചിരുന്നു. പിന്നീട് വിധി സണ്ണിക്കായി കാത്തുവെച്ചതും സ്വപ്നം കണ്ടതിനേക്കാൾ സുന്ദരമായൊരു ജീവിതമാണ്. സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വെബറും ആദ്യം നിഷ എന്ന പെൺകുട്ടിയെയാണ് ദത്തെടുത്തത്. പിന്നീട് വാടകഗർഭധാരണത്തിലൂടെ നോഹ എന്നും അഷർ എന്നും പേരുള്ള ഇരട്ട ആൺകുട്ടികളുടെ അച്ഛനമ്മമാരായി.

ഒരു അമ്മയായപ്പോൾ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് സണ്ണി. ഈ മാസം ആദ്യമാണ്  തങ്ങൾ ഇരട്ടക്കുട്ടികളുടെ അച്ഛനമ്മമാരായ വിവരം സണ്ണിയും വെബറും ആരാധകരെ അറിയിച്ചത്. വർഷങ്ങളായി കുഞ്ഞുങ്ങളെക്കുറിച്ച് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും എന്നാൽ അവർ ജീവിതത്തിലേക്കെത്താനുള്ള ഉചിതമായ സമയത്തിനു വേണ്ടി ഇതുവരെ കാത്തിരിക്കുകയായിരുന്നെന്നും സണ്ണി പറയുന്നു. 

മൂന്നു കുഞ്ഞുങ്ങളേയും ലഭിച്ചത് ഒരേദിവസമാണെന്നും സണ്ണി വെളിപ്പെടുത്തുന്നു. ദത്തെടുക്കലിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയത് ജൂൺ 21 നായിരുന്നെന്നും അതേദിവസമായിരുന്നു വാടകഗർഭധാരണത്തിനുള്ള കാര്യങ്ങളും പൂർത്തിയായതെന്നും സണ്ണിപറയുന്നു. അതുതികച്ചും ആകസ്മികമാണെന്നു താൻ വശ്വസിക്കുന്നില്ലെന്നും ആ മൂന്നു കുഞ്ഞുങ്ങളും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരിക്കേണ്ടവരാണെന്നു നേരത്തെ നിശ്ചയിക്കപ്പെട്ടതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് സണ്ണിയുടെ പക്ഷം.

ഇപ്പോഴാണ് കുടുംബം പൂർണ്ണമായതെന്നും ഇപ്പോൾ ഏറെ സന്തോഷമുള്ള ഒരു വലിയ കുടുംബമാണ് തങ്ങളുടേതെന്നും അവർ പറയുന്നു. മുൻപത്തേക്കാൾ ജീവിതം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ടെന്നും അതു തന്നെയാണ് തങ്ങളുടെ കുടുംബത്തിന്റെ വിജയരഹസ്യമെന്നും അവർ പറയുന്നു. ഒരു മുതിർന്ന ചേച്ചിയെപ്പോലെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന നിഷയുടെ ചില പ്രവർത്തികൾ തന്നെ ഏറെ അത്ഭുതപ്പെടുത്താറുണ്ടെന്നും അവർ പറയുന്നു.

നിഷയ്ക്ക് 21 മാസം പ്രായമായപ്പോഴാണ് അവളെ ഞങ്ങൾക്ക് കിട്ടുന്നത്. അതുകൊണ്ട് നവജാതശിശുക്കളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചൊന്നും ഞങ്ങൾക്ക് നല്ല ധാരണയുണ്ടായിരുന്നില്ല. എന്നാൽ ചിലപ്പോഴൊക്കെ ഞങ്ങളെ അമ്പരപ്പിക്കുന്ന വിധം ഒരു അമ്മയുടെ കരുതലാണ് നിഷ അവളുടെ സഹോദരങ്ങളോട് കാണിക്കുന്നത്. ഇരട്ടക്കുഞ്ഞുങ്ങൾ വന്നതോടെ ഞങ്ങളും തീരെച്ചെറിയ കുഞ്ഞുങ്ങളെ എങ്ങനെ മാനേജ് ചെയ്യണമെന്നൊക്കെ പഠിച്ചു കഴിഞ്ഞു. അധികം വൈകാതെ കുഞ്ഞുങ്ങളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും സണ്ണിവെളിപ്പെുത്തി.