ഒരു കുഞ്ഞ് ജീവിക്കണമെങ്കിൽ മറ്റേയാൾ മരിക്കണം; ഹൃദയം നൊന്ത് മാതാപിതാക്കൾ

ഇരട്ടക്കുഞ്ഞുങ്ങൾ ഒരുമിച്ചാണെങ്കിൽ ഇരുവർക്കും അധികം ആയുസ്സില്ല. വേർപെടുത്തുകയാണെങ്കിൽ അതിലൊരാൾ ജീവിക്കും. ഏതുവേണമെന്ന് നിങ്ങൾക്കു തിരഞ്ഞെടുക്കാം എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഉള്ളുരുകി കരയാനേ ആ അച്ഛനമ്മമാർക്കായുള്ളൂ. ഒരു കുഞ്ഞ് ജീവനോടെ ഇരിക്കണമെങ്കിൽ മറ്റേയാൾ മരിച്ചേ തീരൂവെന്ന അവസ്ഥ. ഉത്തരം കിട്ടാതെ ആ ചോദ്യത്തിനു മുന്നിൽ വീർപ്പുമുട്ടുകയാണ് ഫിലിപ്പീൻസ് സ്വദേശികളായ അർനെലും ഭാര്യ സോണിയയും.

തലയൊട്ടിപ്പിടിച്ച നിലയിലുള്ള സയാമീസ് ഇരട്ടപ്പെൺകുട്ടികളെച്ചൊല്ലിയാണ് ഇവരുടെ ദുഖം. കിയാര എന്നും കരിനയെന്നും പേരുള്ള ഈ കുഞ്ഞുങ്ങളുടെ അവസ്ഥയെ ക്രനിയോപോഗസ് എന്നാണ് ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ രണ്ടുകുഞ്ഞുങ്ങളും അധികം വൈകാതെ മരണപ്പെടുമെന്നും ശസ്ത്രക്രിയ നടത്തുകയാണെങ്കിൽ ഒരാളെങ്കിലും ജീവനോടെ രക്ഷപെടുമെന്നുമാണ് ഡോക്ടർമാർ ഇവരെ അറിയിച്ചത്. 77 ലക്ഷത്തിലധികം രൂപയാണ് ശസ്ത്രക്രിയക്കെന്നും ദിവസവേതനക്കാരനായ തനിക്ക് ഈ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടാലും അത്രയും തുക കണ്ടെത്താനാവില്ലെന്നും അർനെൽ പറയുന്നു.

എങ്കിലും കുഞ്ഞുങ്ങൾ ജീവനോടെയിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഹായം തേടാറുണ്ടെന്നും നിവൃത്തികേടുകൊണ്ട് ചിലപ്പോൾ അപരിചിതരോടു പോലും സാമ്പത്തികസഹായം തേടാറുണ്ടെന്നും ആ അച്ഛൻ പറയുന്നു.തന്റെ കുഞ്ഞുങ്ങളുടെ കഥയറിഞ്ഞ് ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് സുമനസ്സുകൾ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ആ അച്ഛൻ മനസ്സു തുറക്കുന്നു.

എന്നാൽ കുഞ്ഞുങ്ങളുടെ അമ്മ സോണിയ കുറച്ചുകൂടി ശുഭാപ്തിവിശ്വാസക്കാരിയാണ്. ശസ്ത്രക്രിയ നടന്നാൽ കുഞ്ഞുങ്ങളിലൊരാളേ ജീവിക്കൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരുപക്ഷേ അതു ശരിയായിരിക്കാം. പക്ഷേ ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ്. ഈ കുഞ്ഞുങ്ങൾ ഗർഭത്തിലുണ്ടായിരുന്ന സമയത്ത് ഇവർ ചാപിള്ളകളായാണ് പിറക്കാൻ പോകുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുകാരണമായി അവർ പറഞ്ഞത് കുഞ്ഞുങ്ങൾക്ക് അനക്കമില്ലെന്നായിരുന്നു.

പക്ഷേ എന്നിലെ അമ്മയ്ക്ക് എന്റെയുള്ളിലെ അവരുടെ അനക്കങ്ങൾ വളരെ വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ ഡോക്ടർമാരുടെ പ്രവചനങ്ങളെ തെറ്റിച്ച് എന്റെ കുഞ്ഞുങ്ങൾ ജീവനോടെ ഭൂമിയിലേക്ക് പിറന്നു.തലയൊട്ടിപ്പിടിച്ചിരിക്കുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാൻ അവർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കുളിക്കാനും ഭക്ഷണം കഴിക്കാനും പഠിക്കാനുമെല്ലാം. പക്ഷേ അതിനെല്ലാം അവർ പരസ്പരം താങ്ങാവുകയും ചെയ്യുന്നുണ്ട്. കിയാരയ്ക്ക് മുച്ചിറിയുള്ളതുകൊണ്ട് അവൾ സംസാരിക്കുന്നതെന്തെന്ന് മറ്റുള്ളവർക്ക് മനസ്സിലാവില്ല. അപ്പോൾ കരിനയാണ് കിയാര പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത്.

പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെയിഷ്ടമാണ് കരിനയ്ക്ക്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കാണ്. ഇരുവർക്കും പടം വരയ്ക്കാനും പാട്ടുകേൾക്കാനും വളരെയിഷ്ടമാണ്.  ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള പണം ശരിയായാൽ എന്റെ കുഞ്ഞുങ്ങളെ ഞാൻ ഏൽപ്പിക്കാൻ പോകുന്നത് മിടുക്കന്മാരായ സർജന്മാരുടെ കൈയിലാണ്. അതുകൊണ്ടു തന്നെ എനിക്കുറപ്പാണ്  ശസ്ത്രക്രിയയ്ക്കു ശേഷവും എന്റെ രണ്ടു കുഞ്ഞുങ്ങളും ജീവിക്കും. ഇത് ഒരമ്മയുടെ വിശ്വാസമാണ് പ്രതീക്ഷയാണ്.