എന്തിനാണ് അവരെന്റെ കുഞ്ഞിനെ ജയിലിലിട്ടത്?

ചില അമ്മമാർ അങ്ങനെയാണ് മക്കൾ എന്തു തെറ്റുചെയ്താലും അവരെ ന്യായീകരിക്കും. ബോളിവുഡ് നടൻ സൽമാൻഖാന്റെ കാര്യത്തിലും അതു തന്നെയാണവസ്ഥ. കൃഷ്ണ മൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ സൽമാൻഖാന് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരിക്കുകയാണ് ജോധ്പൂർ സെഷൻസ് കോടതി. സൽമാന്റെ വ്യക്തി ജീവിതത്തിനും കരിയറിനും കൂട്ടായി എന്നും വിവാദങ്ങളുണ്ടായിരുന്നു. അമിത മദ്യപാനവും പ്രണയവും പ്രണയനൈരാശ്യങ്ങളുമെല്ലാമായി സംഭവബഹുലമായ ജീവിതം.

ഇതാദ്യമായല്ല സൽമാന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിലും സൽമാൻ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2002 സെപ്റ്റംബര്‍ 28-ന് മുംബൈ ബാന്ദ്രയില്‍ ബേക്കറിക്കുമുമ്പില്‍ ഉറങ്ങിക്കിടന്നവരുടെയിടയിലേക്ക്  മദ്യലഹരിയിൽ കാര്‍ ഓടിച്ചുകയറ്റിയതാണ് കേസ്. സംഭവത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആയിടയ്ക്ക് നടന്ന ഒരഭിമുഖത്തിൽ സൽമാന്റെ അമ്മ സുശീല ചാരക് ( സൽമ ഖാൻ) പറഞ്ഞതിങ്ങനെ. '' എന്റെ മകൻ ജയിൽക്കിടന്ന ദിവസങ്ങൾ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ഒരുപാട് ബുദ്ധിമുട്ടിയാണ് ആ സമയത്തെ ഞാൻ അതിജീവിച്ചത്. അവൻ എന്റെ മുന്നിൽ സങ്കടപ്പെട്ടിട്ടേയില്ല. ചിലപ്പോൾ അങ്ങനെ അഭിനയിച്ചതാകാം. എന്നിരുന്നാലും എല്ലാം അവൻ നല്ല രീതിയിലാണെടുത്തത്. എന്റെ കുഞ്ഞിനെ ഞാൻ ജയിലിൽ പോയി കണ്ടിട്ടില്ല. എനിക്കതു സഹിക്കാൻകഴിയില്ല. എനിക്കറിയില്ല എന്തിനാണ് അവർ എന്റെ കുഞ്ഞിനെ ജയിലിലിട്ടത്''.

2002 ലെ നരഹത്യാക്കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ഖാനെ 2015 ല്‍ വെറുതെവിട്ടിരുന്നു. 1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുരിലെ ബിഷ്ണോയ് ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്നതിനാണ് സൽമാന്‍ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.