ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർ എത്രമണിക്കൂർ ഉറങ്ങും?

കുഞ്ഞുങ്ങളെ താലോലിക്കാനും കൊഞ്ചിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഒരുമണിക്കൂർ തികച്ച് അവരെ നോക്കാൻ ക്ഷമയുള്ള എത്രപേരുണ്ടാവും? അപ്പോൾപ്പിന്നെ ഒന്നിലധികം ചെറിയ കുട്ടികളുള്ള അമ്മമാർക്ക് എത്രത്തോളം ക്ഷമയും സഹിഷ്ണതയും വേണം. രാവിലെ നേരത്തെ എഴുന്നേൽക്കാത്തതിന് അമ്മായിയമ്മ മുഖം കറുപ്പിക്കുമ്പോഴും ബ്രേക്ക്ഫാസ്റ്റിന് വിഭവങ്ങൾ പോരെന്നു പറഞ്ഞ് ഭർത്താവ് ദേഷ്യം കാട്ടുമ്പോഴും ചെറിയ കുട്ടികളുള്ള അമ്മമാർക്ക് ഒരുത്തരമേ കാണൂ. 

ഇന്നലെ രാത്രി കുഞ്ഞ് ഒട്ടും ഉറക്കിയില്ലെന്ന്. മുട്ടാപ്പോക്കു ന്യായമായി പലരും ഇതിനെ തള്ളാറുണ്ട്. അങ്ങനെയുള്ളവർ തീർച്ചയായും ഈ വിഡിയോ കാണണം. ലോസാഞ്ചലസ് സ്വദേശിനിയായ മെലാനിയ എന്ന വീട്ടമ്മയാണ് വിഡിയോ പങ്കുവെച്ചത്. മൂന്നുമക്കളാണ് മെലാനിയയ്ക്ക് മൂത്ത കുട്ടിക്ക് വയസ്സ് നാല് രണ്ടാമത്തെയാൾക്ക് രണ്ടും മൂന്നാമത്തെയാൾക്ക് 10 മാസവുമാണ് പ്രായം.

ജോലിയുടെ ഭാഗമായി ഭർത്താവ് വീടുവിട്ടു നിന്നപ്പോൾ മൂന്നു കുഞ്ഞുങ്ങളേയും പരിചരിക്കേണ്ട ഉത്തരവാദിത്തം മെലാനിയയ്ക്കായി. ഒറ്റയ്ക്കായ അമ്മയെ കണക്കിനു വലയ്ക്കുന്ന കുഞ്ഞുങ്ങളെ കാട്ടിത്തരാനല്ല മെലാനിയ ശ്രമിച്ചത്. അതിലുപരി ചെറിയ കുട്ടികളുടെ അമ്മമാർ എത്രമണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ്.

താൻ എത്രസമയം ഉറങ്ങുന്നുണ്ടെന്നറിയാൻ ആ അമ്മ ചെയ്തതിങ്ങനെ:-  ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി മൊബൈൽ ക്യാമറ മുറിയുടെ സീലിങ്ങിൽ ഓൺചെയ്തുവെച്ചു. ശേഷം 10 മണിക്ക് മകനൊപ്പം ഉറങ്ങാൻ കിടന്നു. കിടന്ന് അധികസമയം ആകുന്നതിനു മുൻപേ മകൻ ഉണർന്ന് കളി ആരംഭിച്ചു. ചെവിവേദനകൊണ്ടു പൊറുതിമുട്ടിയ മകളാകട്ടെ അപ്പുറത്തെ മുറിയിൽക്കിടന്ന് ഉറക്കെ നിലവിളിക്കാനും തുടങ്ങി.

ഇതിനിടയിൽ വിശക്കുന്ന മക്കൾക്ക് പാലൂട്ടുകയും ചെയ്തു. മക്കളുടെ കലാപരിപാടികളെല്ലാം കഴിഞ്ഞപ്പോൾ പുലർച്ചെ നാലുമണിയായി. അപ്പോഴേക്കും മെലാനിയയ്ക്ക് ഉണരാനുള്ള സമയവുമായി. ഉണർന്ന ശേഷം മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ച മെലാനിയയ്ക്ക് ഒരു കാര്യം വ്യക്തമായി.താൻ ഉറങ്ങിയത് കഷ്ടിച്ച് ഒരു മണിക്കൂറാണെന്ന്. 

മെലാനിയ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ 1.3 മില്യണിലധികം ആളുകളാണ് ഇതുവരെ കണ്ടത്. പകൽ മാത്രമല്ല രാത്രികാലത്തും അമ്മമാർ വിശ്രമമറിയുന്നേയില്ലെന്നും എത്ര തിരക്കിലും സ്വന്തം കാര്യങ്ങൾക്കും അൽപ്പസമയം കണ്ടെത്തണമെന്ന മുന്നറിയിപ്പോടെയാണ് മെലാനിയ വിഡിയോ പങ്കുവെയ്ക്കുന്നത്.