Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ പിറന്നാൾ ആഘോഷത്തിൽ ഐശ്വര്യയും ആരാധ്യയുമെവിടെ?

aishwarya-001

ബിടൗണിലെ ബിഗ്ബി അമിതാബ് ബച്ചന്റെ ഭാര്യ ജയാബച്ചന്റെ 70–ാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണിപ്പോൾ. അതിമനോഹരമായ ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പുമെഴുതിയാണ് അമിതാബ് ബച്ചൻ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. എന്റെ ലോകം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അഭിഷേക് അമ്മയെ പിറന്നാൾ ആശംസകൾ അറിയിച്ചത്.

ശബാന ആസ്മിയും ഇഷാ ഡിയോളും  സോനം കൂറും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ ജയ‌യ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. ബച്ചൻ കുടുംബവും ബിടൗണിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ജയയുടെ 70–ാം പിറന്നാൾ ആഘോഷമാക്കിയപ്പോൾ ആരാധകർ ശ്രദ്ധിച്ചത് ബച്ചൻ കുടുംബത്തിലെ രണ്ടുപേരുടെ അസാന്നിധ്യമായിരുന്നു.

ആഘോഷച്ചടങ്ങുകളിലെങ്ങും തന്നെ ഐശ്വര്യ റായ് ബച്ചനെ കാണാനില്ല, ഐശ്വര്യയുടേയോ ആരാധ്യയുടേയോ ഒരൊറ്റ ചിത്രം പോലും പുറത്തു വന്നിട്ടുമില്ല ഈ കാര്യങ്ങളാണ് ആരാധകരുടെ സംശയത്തിന്റെ ബലം കൂട്ടിയത്. ബച്ചൻ കുടുംബത്തിലെ പൊട്ടിത്തെറികൾ കാണാൻ കാത്തിരുന്ന പാപ്പരാസികൾക്കും ഈ സംഭവത്തോടെ സംശയം ബലപ്പെട്ടു. എന്നാൽ ജയാബച്ചന്റെ പിറന്നാളിന് ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ അസാന്നിധ്യം എല്ലാവരും ചർച്ച ചെയ്തപ്പോൾ പൂനെയിലെ അവാർഡ് ദാനച്ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഐശ്വര്യ.

 സംഭവമെന്തായാലും പിറന്നാൾ ദിനത്തിലെ ചില ചിത്രങ്ങൾ ആരാധകരുടെ മനസ്സു കവർന്നു എന്നു പറയാതെ വയ്യ. മകൻ അഭിഷേകിനും മകൾ ശ്വേതാനന്ദയ്ക്കുമൊപ്പം സ്നേഹം പങ്കുവെയ്ക്കുന്ന ജയയുടെ ചിത്രമാണ് അതിലൊന്ന്. ഷാരൂഖാന്റെ മകൾ സുഹാനയ്ക്കൊപ്പം കരൾജോഹർ പങ്കുവെച്ച ഗ്ലാമർ ചിത്രവും ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റി. സാറാ അലീഖാൻ അമ്മ അമൃതസിങ്ങിനൊപ്പമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.