'അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ വിഷാദരോഗിയായേനേ': നന്ദി നാഗചൈതന്യ

ദീർഘനാളത്തെ പ്രണയം പൂവിടുകയും സ്വപ്നം കണ്ടപോലെ ഒരു ജീവിതം സ്വന്തമാക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയും സമാന്തയും. വിവാഹത്തിനു ശേഷം ഇരുവരും സിനിമയുടെ തിരക്കിലേക്കു മടങ്ങി വരുകയും ചെയ്തു. വിവാഹശേഷമുള്ള അഭിനയ ജീവിതത്തെക്കുറിച്ചും നാഗചൈതന്യ നൽകുന്ന പിന്തുണയെക്കുറിച്ചും സമാന്ത മനസ്സു തുറന്നത് ഈ അടുത്തു നടന്ന ഒരു അഭിമുഖത്തിലാണ്.

''ഞാൻ കേൾക്കുന്ന കഥകളെക്കുറിച്ചോ ചെയ്യാൻ പോകുന്ന സിനിമയെപ്പറ്റിയോ ഉള്ള ഒരുകാര്യം പോലും നാഗചൈതന്യയുമായി ചർച്ച ചെയ്യാറില്ല. തിരിച്ച് അദ്ദേഹവും അങ്ങനെ തന്നെയാണ്. പക്ഷേ ചിത്രത്തിന്റെ റിലീസ് ദിവസം ഞാൻ വളരെയധികം മാനസികസമ്മർദ്ദം അനുഭവിക്കാറുണ്ട്. ചിത്രങ്ങൾ പരാജയപ്പെടുമോ എന്ന ഭീതി എന്നെ വിഷാദത്തിലാക്കും.

ഈ സ്വഭാവത്തിൽ നിന്ന് എനിക്ക് മുക്തി തന്നത് നാഗചൈതന്യയാണ്. ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹം കഴിവിന്റെ പരമാവധി നൽകുമെന്നും എങ്കിലും പ്രേഷകപ്രതികരണത്തെ നിയന്ത്രിക്കാൻ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു തന്നു. ഇപ്പോൾ ഞാനും അങ്ങനെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് ആവശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചു വിഷമിക്കാതെ എല്ലാക്കാര്യവും നന്നായിച്ചെയ്യാൻ എനിക്കു സാധിക്കുന്നുണ്ട്'' : - സമാന്ത പറയുന്നു.