തീയതി നിശ്ചയിച്ചു അതു പക്ഷേ റിട്ടയർമെന്റിനുള്ളതല്ല കുഞ്ഞു പിറക്കാനുള്ളതാണ്

ആരാധകർ ഏറെ ആഘോഷത്തോടെ ഏറ്റെടുത്ത വിവാഹമായിരുന്നു  തെന്നിന്ത്യൻ താരങ്ങളായ നാഗചൈതന്യയുടേതും  സമാന്തയുടേതും. പ്രണയസാഫല്യത്തിന്റെ നിറവിൽ 2017 ഒക്ടോബറിലാണ് ഇവർ വിവാഹിതരായത്. വിവാഹശേഷം അധികം വൈകാതെ ഇരുവരും സിനിമയിൽ സജീവമാവുകയും ചെയ്തു. എങ്കിലും വിവാഹിതരായ നടിമാരോട് ചോദിക്കുന്ന സ്ഥിരം ചില ചോദ്യങ്ങളിൽ നിന്ന് സമാന്തയെ ഒഴിവാക്കാൻ മാധ്യമപ്രവർത്തകർ തയാറായില്ല.

അടുത്തിടെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സമാന്ത ആ ചോദ്യം നേരിട്ടത്. സമാന്ത എന്നാണ് സിനിമയിൽ നിന്ന് റിട്ടയർ ചെയ്യാൻ പോകുന്നത് എന്നായിരുന്നു ആ ചോദ്യം. ആ ചോദ്യത്തിന് വളരെ കൃത്യമായ മറുപടിയാണ് താരം നൽകിയത്. താൻ തീയതി നിശ്ചയിച്ചുവെന്നും അതു പക്ഷേ റിട്ടയർമെന്റിനുള്ള തീയതിയല്ലെന്നും മറിച്ച് കുഞ്ഞുപിറക്കാനുള്ള തീയതിയാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. താൻ ആഗ്രഹിക്കുന്നതെന്തോ അതു കിട്ടാതാവുമ്പോൾ മാത്രമേ താൻ റിട്ടയർമെന്റിനെക്കുറിച്ചു ചിന്തിക്കൂവെന്നും ഇപ്പോൾ അതിനുള്ള സാധ്യത കാണുന്നില്ലെന്നും താരം പറയുന്നു.

പക്ഷേ ഒരു കുഞ്ഞ് പിറക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും തങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും തങ്ങൾ ഫിക്സ് ചെയ്ത തീയതിയിൽത്തന്നെ അതു നടക്കുമോയെന്നറിയില്ലെന്നും. എന്നാൽ നാഗചൈതന്യയ്ക്ക് അക്കാര്യത്തിൽ ഉറപ്പുണ്ടെന്നും താരം പറയുന്നു. എന്നാണ് ആ തീയതിയെന്നായി മാധ്യമപ്രവർത്തകരുടെ അടുത്ത ചോദ്യം അതിപ്പോൾ പറഞ്ഞാൽ ശരിയാവില്ലെന്നും കുഞ്ഞു പിറന്നാൽപ്പിന്നെ കുഞ്ഞായിരിക്കും തന്റെ ലോകമെന്നും സമാന്ത പറയുന്നു.