'ഇനി നീ വരയ്ക്കേണ്ടതു വിരൽകൊണ്ടല്ല'; ഏട്ടന്റെ ഉപദേശം സുനിതയുടെ ജീവിതം മാറ്റിമറിച്ചു

സുനിത അമ്മ ജാനകിക്കും ജ്യേഷ്ഠൻ ഗണേഷ്കുമാറിനുമൊപ്പം. ചിത്രം: സജീഷ് ശങ്കർ

കറുപ്പുമഷികൊണ്ടു ജീവിതത്തിലെ നിറങ്ങൾക്കെല്ലാം അടിവരയിടാൻ തുടങ്ങിയ വേളയിലാണ് സുനിതയ്ക്കു ജ്യേഷ്ഠൻ ഗണേഷ് കുമാർ ഒരു ഉപദേശം നൽകുന്നത്: 

''ഇനി നീ വരയ്ക്കേണ്ടതു വിരൽകൊണ്ടല്ല, ചുണ്ടുകളെ വിരലാക്കുന്ന വിദ്യ പഠിച്ചെടുക്കുക''

അപ്പോൾവരെയും ബ്രഷ് പിടിക്കാൻ വഴങ്ങാത്ത വിരലുകളെ നോക്കി വേദനിച്ചിരിക്കുകയായിരുന്നു സുനിത. അൽപനേരം ബ്രഷ് പിടിച്ചിരുന്നാൽ അരിച്ചിറങ്ങിത്തുടങ്ങുന്ന വേദന. വിരലുകൾ വിട്ട് ഊർന്നു പോകുന്ന ബ്രഷ്. ജീവിതത്തിനു സാന്ത്വനമാകുമെന്നു കരുതിയ ചിത്രംവര ഉപേക്ഷിക്കാമെന്നും വീൽചെയറിൽ വീടിനുള്ളിൽ ഒതുങ്ങിക്കൂടാമെന്നും സുനിത വിചാരിച്ചുപോയി. പക്ഷേ, അവളുടെ വേദനകളെയെല്ലാം ജ്യേഷ്ഠന്റെ വാക്കുകൾ ഒപ്പിയെടുത്തു ദൂരേക്കെറിഞ്ഞു. പറഞ്ഞതു വെറുതേയല്ലെന്ന് സുനിത കൺമുന്നിൽ കാണുന്നുണ്ടായിരുന്നു, രോഗദുരിതങ്ങൾക്കു മുന്നിൽ തളരാതെ ചുണ്ടിൽ ചേർത്തു വച്ച ബ്രഷ് കൊണ്ടു ചിത്രങ്ങൾ വരച്ചുകൂട്ടുകയായിരുന്നു അപ്പോൾ ജ്യേഷ്ഠൻ. 

നിറമെന്നൊരു വീട്

കണ്ണൂർ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം തൃപ്പാണിക്കരയിലെ ഈ വീടിനു നിറമെന്നു പേര്. ഈ വീട്ടിൽ നിറയെ പെയിന്റിങ്ങുകളാണ്. ഫ്രെയിം ചെയ്തതും അല്ലാത്തതുമായി നൂറുകണക്കിനു ചിത്രങ്ങൾ. ഒക്കെയും ചുണ്ടുകളിൽ ബ്രഷ് ചേർത്തു സുനിതയും ഗണേഷ്കുമാറും വരച്ചവ. മസ്കുലാർ അട്രോഫി ബാധിച്ച് കൈകാലുകൾക്കു ചലനശേഷി നഷ്ടപ്പെട്ടവരാണ് ഇരുവരുമെന്നറിയുമ്പോഴാണ് ഈ ചിത്രങ്ങൾക്കു തെളിച്ചമേറുന്നത്. നട്ടെല്ലിന്റെ കശേരുക്കളെ ബാധിക്കുന്ന ബലക്ഷയം അരയ്ക്കു താഴെ തളർച്ചയായി മാറിയതാണ് ഇവരുടെ അവസ്ഥ. 

ആ തളർച്ചയായിരുന്നു കരുത്ത്

വീടിനുള്ളിൽ ഒതുങ്ങിക്കൂടാമെന്നു കരുതിയ സുനിത ഇന്നു വീടിനു പുറത്തു വേദികൾതോറും സഞ്ചരിക്കുന്നു. ചുണ്ടിൽ ചേർത്തുവച്ച ബ്രഷുമായി വീൽ ചെയറിലിരുന്നു പടം വരയ്ക്കുന്നു. സുനിതയുടെ കഥയറിയുന്നവർക്ക് അദ്ഭുതമാണ് ആ ജീവിതം. സുനിതയുടെ ചിത്രംവര നേരിൽ കണ്ടാലല്ലാതെ ആരും വിശ്വസിക്കില്ല ആ പെയിന്റിങ്ങുകൾ ചുണ്ടുകൊണ്ടു വരച്ചവയാണെന്ന്. അത്രമാത്രം സ്വാഭാവികതയാണ് ഓരോ ചിത്രത്തിനും. വർഷങ്ങളുടെ പരിശീലനം ലഭിച്ച ചിത്രകാരന്മാർ വരച്ചതുപോലെ. 

ഇനി ഇതുകൂടി അറിയുക

വീൽ ചെയറിൽ അമ്മ ഘടിപ്പിച്ചു കൊടുക്കുന്ന ചെറിയ സ്റ്റാൻഡിൽ പലതായി മടക്കിയ കാൻവാസിൽ, കടിച്ചുപിടിച്ച ബ്രഷ് ഉപയോഗിച്ചു സുനിത വരച്ചുകൂട്ടിയതു മൂവായിരത്തോളം ചിത്രങ്ങളാണ്. വലിയ പെയിന്റിങ്ങുകൾപോലും ഇങ്ങനെയാണു വരയ്ക്കുന്നത്. സിംഗപ്പൂരിലും ബെംഗളൂരുവിലും പുതുച്ചേരിയിലും തിരുവനന്തപുരത്തുമൊക്കെ തന്റെ ചിത്രങ്ങളുമായി സുനിത വീൽ ചെയറിൽ സഞ്ചരിക്കുന്നു; പ്രദർശനങ്ങൾ നടത്തുന്നു.

പ്രതിസന്ധികളിലും വൈകല്യങ്ങളിലും കുരുങ്ങി ജീവിതം കയ്പേറിയതാണെന്നും അത് അവസാനിപ്പിച്ചു കളയാമെന്നും കരുതി നടക്കുന്നവരൊക്കെ സുനിതയുടെ മുന്നിലെത്തുമ്പോൾ ‘ദൈവമേ, ജീവിച്ചിരിക്കണമെന്നു തോന്നിപ്പിക്കാൻ വേണ്ടിയാണല്ലോ ഈ പെൺകുട്ടിയെ നീയെനിക്കു കാണിച്ചു തന്നത്’ എന്നോർമിക്കും. ഡൽഹിയിലും ബെംഗളൂരുവിലുമെല്ലാം സ്കൂൾ വിദ്യാർഥികളുമായി സംവദിക്കാനും സുനിത പോയിട്ടുണ്ട്. ചിത്രകാരി മാത്രമല്ല, സുനിത ഇന്നു പലർക്കും ജീവിച്ചിരിക്കാനുള്ള പ്രചോദനംകൂടിയാണ്. 

സുനിത വരച്ച രാധാകൃഷ്ണ ചിത്രം.

സുനിതയ്ക്ക് ആദ്യമൊക്കെ പിടിച്ചു നടക്കാൻ കഴിഞ്ഞിരുന്നു. നാലാം ക്ലാസ് വരെ സുനിത സ്വന്തം കാലിൽ നിന്നു. പക്ഷേ, കാലുകളുടെ തളർച്ച കൂടിവന്നു. നടക്കാൻ എവിടെയെങ്കിലും പിടിക്കണം. ബാലൻസ് കിട്ടാതെ ശരീരം ചരിഞ്ഞുപോകും. സാവധാനം അവൾ മനസ്സിലാക്കി: ജ്യേഷ്ഠനെ ബാധിച്ച രോഗംതന്നെയാണു തനിക്കും. സുനിതയെപ്പറ്റി കൂടുതൽ അറിയുംമുമ്പ് ജ്യേഷ്ഠൻ ഗണേഷ് കുമാറിനെ അയറിയണം. പ്രതിസന്ധികൾ വന്നപ്പോൾ തളരാതിരുന്ന സുനിതയെ ഇന്നത്തെ സുനിത തൃപ്പാണിക്കരയാക്കിയത് ആ ജ്യേഷ്ഠനാണ്.

ഗണേഷ് കുമാറിനു ജന്മനാ കാലുകൾക്കു തകരാർ ഉണ്ടായിരുന്നു. അരയ്ക്കു താഴെ തളർച്ച ബാധിച്ച അവസ്ഥ. അതുകൊണ്ടുതന്നെ സ്കൂളിൽ പോകാൻ കൂട്ടാക്കിയില്ല. മകനെ പുറംലോകം കാണിച്ചത് അമ്മയായിരുന്നു. അമ്മ മകനെയുമെടുത്തു നടന്നു. ഉൽസവപ്പറമ്പുകളിൽ കൊണ്ടുപോയി; തെയ്യങ്ങളുടെ നിറക്കാഴ്ചകൾ കാട്ടിക്കൊടുത്തു. ഉറക്കമൊഴിഞ്ഞിരുന്നും അവൻ തെയ്യങ്ങൾ കണ്ടറിഞ്ഞു.

അതിലൂടെയാകണം നിറങ്ങളുടെ ലോകം ചൂട്ടും കത്തിച്ച് അവനിൽ ആളിത്തുടങ്ങിയത്. പൂഴിയിൽ വിരലോടിച്ചു ഗണേഷ് ചിത്രങ്ങൾ വരച്ചു. അതു കണ്ട അമ്മതന്നെയാണ് അച്ഛനോടു പറഞ്ഞത്: ‘‘ഓൻ നന്നായി വരയ്ക്കുന്നുണ്ടല്ലോ. ഓനു കടലാസ് വാങ്ങി കൊടുത്താലോ.’’ അങ്ങനെ ഗണേഷിന്റെ വര കടലാസിലായി. അവൻ വരച്ചശേഷം എറിഞ്ഞു കളയുന്ന കടലാസുകൾ ആ അമ്മ പെറുക്കി സൂക്ഷിച്ചു. ഗണേഷിന്റെ ചേട്ടനും വരയ്ക്കുമായിരുന്നു. വരയുടെ ലോകത്തേക്കു കടക്കാൻ ചേട്ടനും ഗണേഷിനു പ്രേരകമായി. ആദ്യപാഠങ്ങൾ ചേട്ടൻതന്നെ പറഞ്ഞുകൊടുത്തു. 

ചുണ്ടാൽ തെളിഞ്ഞ വരകൾ

എട്ടു വയസ്സുള്ളപ്പോഴാണു കൈകളുടെ ബലക്കുറവ് വരയ്ക്കുന്നതിനു തടസ്സമാകുന്നതു ഗണേഷ് തിരിച്ചറിയുന്നത്. നിറങ്ങളുടെ ലോകം അകന്നു പോകുമോ എന്ന ഭീതിയിൽ വായനയുടെ ലോകത്തേക്കു കടന്നു. എല്ലാം മറന്നു പുസ്തക വായനയിൽ മുഴുകിയ നാളുകളിലൊന്നിലാണ് ചുണ്ടുകൊണ്ടു ചിത്രം വരയ്ക്കുന്നവർ ഉണ്ടെന്ന വിവരം ഗണേഷ് അറിയുന്നത്. അതു വലിയൊരു സാധ്യതയായി ഗണേഷ് കണ്ടു. ബ്രഷ് കടിച്ചുപിടിച്ചു പടം വരയ്ക്കാൻ കഴിയുമോ എന്ന ആശങ്കയോടെയാണു ശ്രമം തുടങ്ങിയത്.

പക്ഷേ, സാവധാനം ആ വിദ്യ ഗണേഷിനു വഴങ്ങി. മാസങ്ങളെടുത്തു ആദ്യചിത്രം പൂർത്തിയാക്കാൻ. ഇതു തനിക്കാകുമെന്നു ഗണേഷിനു വിശ്വാസമായി. കൂടുതൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയതോടെ ചുണ്ടിൽ പിടിപ്പിച്ച ബ്രഷ് മനസ്സിനൊപ്പം സഞ്ചരിക്കാൻ തുടങ്ങി. വരകൾ കൂടുതൽ ശക്തമായി, നിറങ്ങൾക്കു മിഴിവേറി. ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ച ഏതൊരാളെപ്പോലെയും അതു പഠിക്കാത്ത ഗണേഷ് വരച്ചുതുടങ്ങി. ചുണ്ടുകളായിരുന്നു ഗണേഷിന്റെ വിരലെന്നത് ആ ചിത്രങ്ങൾ കണ്ടവർക്കു വിസ്മയമായി.

നേത്രചികിത്സയുമായി ബന്ധപ്പെട്ടാണ് കണ്ണൂരിലെ ഡോക്ടർ ജയന്തിനെ ഗണേഷ് പരിചയപ്പെടുന്നത്. അദ്ദേഹമാണ് കൈകൊണ്ടല്ലാതെ ചിത്രം വരയ്ക്കുന്ന ഒട്ടേറെപ്പേർ ലോകത്തുണ്ടെന്നും അവരെ ഒന്നിപ്പിക്കുന്ന ഒരു സംഘടനയുണ്ടെന്നും പറയുന്നത്. അസോസിയേഷൻ ഫോർ മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിങ് ആർട്ടിസ്റ്റ്സ് (എഎംഎഫ്പി) എന്ന സംഘടനയെപ്പറ്റി ഗണേഷ് ആദ്യമായി കേട്ടു. സ്വിറ്റ്സർലൻഡിലാണു സംഘടനയുടെ ഓഫിസ്. പിന്നെ അതേപ്പറ്റി കൂടുതൽ വിവരങ്ങൾ തിരക്കിയറിഞ്ഞു. അംഗത്വത്തിനായി ഗണേഷ് അപേക്ഷയും നൽകി. 1988ൽ ആ സംഘടനയിൽ അംഗമാകുന്ന കേരളത്തിലെ ആദ്യചിത്രകാരനായി ഗണേഷ്കുമാർ. കേരളത്തിൽനിന്നു ഗണേഷും സുനിതയുമടക്കം ആറുപേർക്ക് ഈ സംഘടനയിൽ ഇന്ന് അംഗത്വമുണ്ട്.

തന്നെപ്പോലെ ഒട്ടേറെപ്പേർ ലോകത്തു വേറെയുമുണ്ടെന്ന തിരിച്ചറിവും ജന്മനാ ലഭിച്ച മനക്കരുത്തും കൂടുതൽ വരയ്ക്കാൻ പ്രചോദനമായി. സംഘടനയിൽ അംഗമായതോടെ വിദേശരാജ്യങ്ങളിലേക്കു സഞ്ചരിക്കേണ്ടിവന്നു. തുടർന്നു വീൽ ചെയറിൽ യാത്രചെയ്യാനും ഗണേഷ് പഠിച്ചു. തന്റെ ആവശ്യങ്ങൾക്കനുസരിച്ച വീൽ ചെയറും ഗണേഷ് ഡിസൈൻ ചെയ്തെടുത്തു. എവിടെയും കൊണ്ടുപോകാൻ തയാറായി സുഹൃത്തുക്കളുമെത്തി.

1990ൽ സ്വയം പഠിച്ചു പരീക്ഷയെഴുതി പത്താം ക്ലാസ് പാസായി. അപ്പോഴേക്കും ഗണേഷ് അറിയപ്പെടുന്ന ചിത്രകാരനായി, ഗണേഷ് കുമാർ കുഞ്ഞിമംഗലം എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽനിന്നു മലയാള സാഹിത്യം പഠിച്ചു; എംഎക്കാരനായി.

ചിത്രകലയുടെ കൂടുതൽ സങ്കേതങ്ങളെപ്പറ്റി ഗണേഷ് പഠിക്കുന്നതും അറിയുന്നതും അതോടെയാണ്. ചിത്രപ്രദർശനത്തിനുവേണ്ടി ഒട്ടേറെ രാജ്യങ്ങളിൽ ഗണേഷ് യാത്ര ചെയ്തു. സ്വിറ്റ്സർലൻഡ്, കാനഡ, ചൈന, തയ്‌വാൻ, ഇറ്റലി തുടങ്ങി ഒട്ടേറെ നാടുകളിൽ ഗണേഷ് പ്രദർശനം നടത്തി. ചിത്രങ്ങൾ ഒട്ടേറെ വിറ്റുപോയി. മുംബൈയിലെ ജഹാംഗീർ ആർട്ട് ഗാലറി ഉൾപ്പെടെ പ്രശസ്തമായ ആർട്ട് ഗാലറികളിൽ നടത്തിയ ചിത്രപ്രദർശനങ്ങളിലൂടെ ഗണേഷിന്റെ സുഹൃത്തുക്കളുടെ എണ്ണവും കൂടിവന്നു. 

ചിറകു വിരിക്കുന്ന സന്തോഷം

വീട്ടിലും കൂട്ടുകാർ ധാരാളമെത്തി. വീൽചെയറിൽ വന്നവരും അല്ലാത്തവരുമുണ്ടായിരുന്നു. പാട്ടും ചിത്രംവരയും കൂട്ടായ്മകളുമൊക്കെയായി വീട് ഹൃദ്യമായ ഒരിടമായി. അക്കൂട്ടത്തിൽ വന്ന ഒരു സുഹൃത്താണ് ഗണേഷിനോട് ആ വീട്ടിലെ സന്തോഷത്തെപ്പറ്റി പറയുന്നത്. എന്തുകൊണ്ട് ഈ സന്തോഷം എല്ലാവർക്കുമായി പങ്കുവച്ചുകൂടാ എന്നൊരു ആശയം ആ സുഹൃത്ത് മുന്നോട്ടുവച്ചു. അങ്ങനെയാണ് വീൽ ചെയറിൽ ജീവിതം കഴിച്ചുകൂട്ടുന്നവരുടെ മാനസികമായ ഉന്നമനത്തിനായി ഫ്ലൈ എന്നൊരു സംഘടനയ്ക്കു ചിറകു മുളയ്ക്കുന്നത്.

അപ്പോഴേക്കും സുനിതയും തളർച്ചകൾ മാറ്റിവച്ചു ചിത്രകാരിയായി മാറിക്കഴിഞ്ഞിരുന്നു. ഗണേഷ് കാട്ടിക്കൊടുത്ത വഴിയേതന്നെ സുനിതയും യാത്ര ചെയ്തു. പത്തു വർഷം മുമ്പു സുനിതയും എഎംഎഫ്പിഎയിൽ അംഗത്വം നേടി. പ്ലസ് ടു വരെ സ്കൂളിൽത്തന്നെ പോയി പഠിച്ചു. പിന്നീടു കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രംവഴി മലയാളത്തിൽ എംഎയും പാസായി.

അപ്പോഴും തുടർച്ചയായി വരച്ചുകൊണ്ടിരുന്നു. ചിത്രങ്ങളുമായി സഞ്ചാരവും തുടങ്ങി. അമ്മയോ ചേച്ചിമാരോ, അടുത്തൊക്കെയാണെങ്കിൽ കൂട്ടുകാരികളോ സുനിതയ്ക്കൊപ്പം സഞ്ചരിച്ചു. ഫ്ലൈയുടെ പ്രവർത്തനങ്ങളിൽ സുനിതയും ആദ്യംമുതൽക്കേ പങ്കാളിയായി. വീൽചെയറുകളിൽ ജീവിതം തളച്ചിട്ട പലരും സുനിതയുടെകൂടി പ്രോത്സാഹനഫലമായി ഫ്ലൈ സംഘടിപ്പിക്കുന്ന കൂട്ടായ്മകളിൽ എത്തിത്തുടങ്ങി. മടിച്ചു മടിച്ച് എത്തിയവരൊക്കെ പിന്നെ പോകാൻ കൂട്ടാക്കാതിരുന്നു. യാത്രപറയുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഈ കൂട്ടായ്മകളിലൊന്നിൽവച്ചാണ് കവിതയെഴുതുന്ന ഒരു ചേച്ചിയെ സുനിത പരിചയപ്പെടുന്നത്. അവരും വീൽ ചെയറിലായിരുന്നു. ഇതുപോലെ കവിതകളെഴുതുന്നവർ വേറെയും ഉണ്ടാകുമല്ലോ എന്ന ആലോചനയിൽനിന്നാണ് ഇത്തരക്കാർക്കുവേണ്ടി ഒരു പ്രസിദ്ധീകരണം തുടങ്ങിയാലോ എന്ന ആലോചനയുണ്ടാകുന്നത്. ഏട്ടനോടു പറഞ്ഞതോടെ ഉടൻ സമ്മതമായി. അങ്ങനെ സുനിത എഡിറ്ററായി ‘ചിറക്’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചു.

വീൽ ചെയറിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്ക് അങ്ങനെ ചിറകായി. നാലു വർഷം സുനിത തന്നെയായിരുന്നു ചിറകിന്റെ എഡിറ്റർ. ചിത്രപ്രദർശനങ്ങളും യാത്രകളുമൊക്കെ ഏറിയപ്പോൾ ചുമതല മറ്റൊരാൾക്കു കൈമാറി. സുനിതയും കഥയും കവിതയുമെഴുതും. എഴുത്തും കടിച്ചുപിടിച്ച പേനകൊണ്ടുതന്നെ. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ സുനിത തൃപ്പാണിക്കര എന്ന പേരിൽ സുനിതയുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് അംഗീകാരമായി ഇക്കഴിഞ്ഞ വർഷം ഡൽഹിയിലെത്തി രാഷ്ട്രപതി റാംനാഥ് കോവിന്ദിൽനിന്നു സ്വർണമെഡലും സുനിത ഏറ്റുവാങ്ങി. ഔട്ട്സ്റ്റാൻഡിങ് ക്രിയേറ്റീവ് വുമൺ വിത്ത് ഡിസെബിലിറ്റി വിഭാഗത്തിലായിരുന്നു സുനിതയ്ക്കു രാജ്യത്തിന്റെ അംഗീകാരം.

ഫ്ലൈയുടെ പ്രവർത്തനങ്ങളുമായി സജീവമായിത്തുടങ്ങിയതോടെ ഗണേഷ്കുമാർ പഴയപോലെ തുടർ‌ച്ചയായി ചിത്രം വരയ്ക്കുന്നില്ല ഇപ്പോൾ. മുഴുവൻ സമയവും തന്നെപ്പോലെയുള്ള അനേകംപേരുടെ ജീവിതത്തിനു സന്തോഷം പകരാനുള്ള ആലോചനകളും പ്രവർത്തനങ്ങളുമാണ്. ഒപ്പം അനുജത്തിയുടെ വളർച്ചയും തൊട്ടരികിൽ നിന്ന് ഈ ജ്യേഷ്ഠൻ സന്തോഷത്തോടെ കാണുന്നു. ഇക്കൊല്ലംതന്നെ സ്വിറ്റ്സർലൻഡിൽ സംഘടന നടത്തുന്ന കൂട്ടായ്മയിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണു സുനിത. ഇംഗ്ലിഷിൽ കവിതയെഴുതുന്ന കർണാടക സ്വദേശി ഹരിപ്രസാദിന്റെ പുതിയ പുസ്തകത്തിന് ഇല്ലസ്ട്രേഷൻ നടത്തുന്നതു സുനിതയാണ്.

മുപ്പതോളം സ്കെച്ചുകൾ ഇതിനായി സുനിത വരച്ചുകഴിഞ്ഞു. സുനിത വരച്ച മാടായിപ്പാറ എന്ന ചിത്രം കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്തുള്ള സംരക്ഷിത മേഖലയായ മാടായിപ്പാറയിലെ കാക്കപ്പൂവുകളുടെ ചന്തം അതേപടി പകർത്തിയിട്ടുണ്ട്. ഫ്ലൈയുടെ പ്രോഗ്രാം കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന സുനിത സംഘടനയുടെ കൂട്ടായ്മകൾക്കു വേണ്ടി നാടകവും സംവിധാനം ചെയ്തിട്ടുണ്ട്.

വീൽ ചെയറിൽ കഴിയുന്നവരെ അംഗങ്ങളാക്കിയുള്ള നൃത്തപരിപാടിയുടെ കോറിയോഗ്രഫിയും നിർവഹിക്കാറുണ്ട്. ബെംഗളൂരുവിലെ പ്രശസ്തമായ ചിത്രചന്തയിലെ വിലപിടിപ്പുള്ള ചിത്രകാരിയായ സുനിത അവധിക്കാലത്തു ചിത്രംവര പഠിക്കാനെത്തുന്ന ഒട്ടേറെ കുട്ടികൾക്കു ഗുരുനാഥകൂടിയാണ്. ഫോണിൽ വിളിച്ചു ജീവിത സങ്കടങ്ങൾ പറയുന്നവർക്ക് തന്റെ അനുഭവത്തിലൂടെ ജീവിതത്തെ പോസിറ്റീവ് ആയി കാണാനുള്ള ആത്മവിശ്വാസം നൽകാനും സുനിത സമയം കണ്ടെത്തുന്നു.

‘‘ജ്യേഷ്ഠനും അമ്മയുമാണ് എനിക്ക് എല്ലാം. ജീവിതത്തിൽ തളർന്നുപോകുമെന്ന ഘട്ടത്തിൽ ഏറെ ആത്മവിശ്വാസം നൽകിയത് ഏട്ടനാണ്. വീൽ ചെയറിലെ ജീവിതത്തെപ്പോലും വളരെ പോസിറ്റീവ് ആയി കാണുന്ന, ഒന്നിനു മുന്നിലും തോറ്റുപോകാത്ത ഏട്ടനാണ് എന്റെ വെളിച്ചം.’’ – സുനിത പറയുന്നു. 

സഹനങ്ങളെ അവർ അമ്മയെന്നു വിളിച്ചു

അമ്മയാണ് ഈ രണ്ടു മക്കൾക്കും കാവൽ. ഒക്കത്തെടുത്ത മകളുമായി അമ്മ സ്കൂളുകൾ കയറിയിറങ്ങി. അവളുടെ കാലുകൾ നിലത്തിഴയുമ്പോഴും അമ്മയ്ക്കു ഭാരം തോന്നിയില്ല. ഒരു തൂവൽപോലെയായിരുന്നു മകൾ അമ്മയ്ക്ക്. മകളെയുമെടുത്തു ചരൽ പാകിയ റോഡിലൂടെ പോകുന്ന ആ അമ്മയോട് അയൽവീട്ടുകാർ ചോദിക്കും: ‘‘ജാനകീ, ഒരു ചെരിപ്പ് വാങ്ങിയിട്ടൂടെ?’’ 

ആ അമ്മ അതൊന്നും കേട്ടില്ല, ചെരിപ്പും ഇട്ടില്ല; മക്കളെ മാറിമാറിയെടുത്തു നടന്നു. പത്താം ക്ലാസിലെത്തിയ ശേഷമാണ് സുനിതയ്ക്കു സ്കൂളിലേക്കു പോകാൻ ഓട്ടോറിക്ഷ തരപ്പെടുന്നത്. അതുവരെ അമ്മ മകളെയുമെടുത്തു നടന്നു. ഇന്നു വിദേശങ്ങളിലടക്കം സുനിതയ്ക്കൊപ്പം ആ അമ്മയും യാത്രചെയ്യുന്നു. സുനിതയുടെ വീൽചെയറിനരികിൽ അതിന്റെ ഭാഗംപോലെ എപ്പോഴും അമ്മയുണ്ടാകും. സുനിതയുടെ അച്ഛൻ കണ്ണൻ ദാമൻ 15 വർഷം മുമ്പു മരിച്ചു. തടിയിൽ കൊത്തുപണികൾ ചെയ്യുമായിരുന്നു അച്ഛൻ. ആറു മക്കളാണ് ഈ ദമ്പതികൾക്ക്.

നിറമെന്നു പേരിട്ട ഈ വീട് ഒട്ടേറെപ്പേർക്ക് ഇന്നു കുഞ്ഞുകുഞ്ഞു സന്തോഷങ്ങൾ വിതയ്ക്കുന്നു. ജീവിതം നിറമില്ലാത്തതെന്നു കരുതുന്നവർക്കു ‘നിറം’ ഒരു പാഠമാണ്. അവിടെ വീൽചെയറിൽ കുരുങ്ങിപ്പോയിട്ടും തോൽക്കാതിരുന്ന ഈ ആങ്ങളയും പെങ്ങളുമുണ്ട്. വിധിയുടെ നിശ്ചയങ്ങൾക്കു മുന്നിൽ തോൽക്കരുതെന്നു കാട്ടിത്തരാൻ എത്രദൂരം വേണമെങ്കിലും ഇവർ യാത്രചെയ്തെത്തും. പതിവുപോലൊരു യാത്രയ്ക്കായി സുഹൃത്തുക്കളുടെ സഹായത്തോടെ വീൽ ചെയറിൽ വാനിലേക്കു കയറുമ്പോൾ ഗണേഷ് പറഞ്ഞു: ‘‘എഴുതുന്നതു സെന്റിമെന്റലാകരുത്.’’ 

ഇല്ല. പക്ഷേ, നിറം ചാലിച്ചേ എഴുതാനാകൂ നിങ്ങളുടെ ഈ ജീവിതകഥ.