ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ ജീവിതപങ്കാളിയായി വരിക. പതിമൂന്നുവർഷത്തോളം സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് ഒരുമിച്ചു ജീവിക്കുക. ഒടുവിൽ പറക്കമുറ്റാത്ത ഒരു കുഞ്ഞിനേയും പ്രണയിച്ചു തീരാത്ത ജീവിതത്തേയും ബാക്കിയാക്കി ആ നല്ല പാതി മരണത്തിന്റെ ലോകത്തേക്കു യാത്രയാവുക. ഒരു മനുഷ്യായുസ്സിൽ സഹിക്കാൻ കഴിയുന്ന വേദനയിലേറെ ഇതിനകം അനുഭവിച്ചു കഴിഞ്ഞു പട്ടാമ്പി സ്വദേശിയായ രമേശ് കുമാർ.
നല്ലപാതിയെ മരണം തട്ടിയെടുത്തിട്ടും മരണത്തെത്തോൽപ്പിച്ച് അവളെ ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കൂട്ടിന് അവരുടെ മകനുമുണ്ട്. ഭാര്യയുടെ ഓർമ്മദിവസം അദ്ദേഹം എഴുതിയ ഒരു ഫെയ്സ്ബുക്ക് കുറിപ്പാണ് ആളുകളുടെ ഉള്ളുനീറ്റുന്നത്. വിധിയുടെ മുന്നിൽ തോൽക്കാൻ തയാറാകാതെ ഭാര്യയോടുള്ള ഉള്ളുനിറഞ്ഞ പ്രണയത്തിന്റെ ശക്തിയിൽ മുന്നോട്ടുള്ള ജീവിതം വാശിയോടെ ജീവിച്ചു തീർക്കാനുറച്ച അദ്ദേഹം കുറിച്ചതിങ്ങനെ:-
ഏപ്രിൽ 20.
ഒരു വർഷം ആവുകയാണ് .. "മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേർന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും ....അത് ഇനിയും തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത എന്റെയും അവന്റെയും വാശിയാണ് ,ചെറുത്തുനിൽപ്പാണ്.ഞങ്ങടെ ഉള്ളിൽ നീഇപ്പോഴും മരണത്തെപോലും തോൽപ്പിച്ചുനിൽക്കുന്ന ഒരു കുഞ്ഞുസുന്ദരിക്കുട്ടിയാണ് "
മരണത്തിനു ശരീരത്തേയേ ഇല്ലാതാക്കാൻ കഴിയൂ . ഓരോ നിമിഷത്തിലും ചിലഎഴുത്തുകളിലൂടെ,ചിത്രങ്ങളിലൂടെ ,വാക്കുകളിലൂടെ ,ഞങ്ങളിലൂടെത്തന്നെ നിന്നെയിവിടെ ജീവിപ്പിച്ചുനിർത്തും.അതൊരു വാശിയാണ് ,അത്രത്തോളം ഇറുക്കിപ്പിടിച്ചിട്ടും തട്ടിപ്പറിച്ചു കളഞ്ഞാൽ ,അവിടെ എല്ലാമവസാനിപ്പിച്ചു തോറ്റുതലകുനിച്ചു മടങ്ങാൻ മനസില്ലാത്തവന്റെ ഒരു കുഞ്ഞുവാശി.
വർഷങ്ങൾക്ക് മുന്നേ ഒരുപാതിരാത്രിയിലാണ് അവൾ പറഞ്ഞത് ..അതേയ് എനിക്ക് ഇങ്ങേരോട് ഒടുക്കത്തെ പ്രണയമാണെന്ന് തോന്നുന്നു ,അവിടെ വേറാരും കേറിയിരിപ്പില്ലേൽ എന്നെക്കൂടേ കൂട്ടുവോ എന്ന്. ഇച്ചിരികഴിഞ്ഞാ മനസ്സെങ്ങാൻ മാറിയാലോന്നു പേടിച്ചു ഞാൻ അപ്പൊത്തന്നെ അപ്രൂവലും കൊടുത്തുകൂടെ കൂട്ടി .എന്റെ ഏറ്റവും പ്രിയപെട്ടകൂട്ടുകാരിആയിരുന്നു.
തൃപ്പുണിത്തുറ റെയിൽവെസ്റ്റേഷനിൽ നിന്നാണ് ആദ്യമായി കാണുന്നത് .....എറണാകുളം കായംകുളം ലോക്കൽ ട്രെയിനിലേക്ക് കയറുമ്പോ എന്റെ നേരെ കൈനീട്ടി എന്റെ കയ്യൊന്നുപിടിക്ക് മാഷേ എന്ന് പറഞ്ഞപ്പോ തമാശക്ക് ഞാൻ പറഞ്ഞു എന്നോടൊക്കെ കൈ പിടിക്കാൻ പറയുമ്പോ സൂക്ഷിക്കണം കേട്ടോ ..ഒരിക്കൽ പിടിച്ചാൽപിന്നെ എന്റെ ജീവൻപോയാലും ആ പിടിവിടുമെന്ന് കരുതണ്ട.....ആണോ ..?ഞാനും അങ്ങനെയാ എന്നുപറഞ്ഞു ചന്തമുള്ള ഒരു പുഞ്ചിരിയോടെ എന്നാ പിന്നെ ഇച്ചിരി ഇറുക്കിപിടിച്ചോ മാഷേ എന്ന് പറഞ്ഞതും ,കൈനീട്ടിയതും.....ആ ഇറുക്കിപിടുത്തം ഇളംചൂടുള്ള ഒരോർമയായി ഇപ്പോഴും ഉള്ളിലങ്ങനെയുണ്ട് .......(ഒരു ദോശ ഉണ്ടാക്കിയ പ്രണയംപോലെ വളരെ രസകരമായ ഒരു കഥയാണ് ഞങ്ങടെ പ്രണയം "ഒരു കുളിയുണ്ടാക്കിയ പ്രണയം"സൗകര്യംപോലെ ഒരിക്കൽ പറയുന്നുണ്ട് )
നീണ്ട 8വർഷത്തെ കൂട്ട് ,5വർഷം കല്ല്യാണത്തിന് ശേഷം ...അങ്ങനെ ഒരുമിച്ചുള്ള മനോഹരമായ പതിമൂന്നു വർഷങ്ങൾ .....
കുന്നിക്കുരുവോളമേ ഉണ്ടായുള്ളുവെങ്കിലും മനോഹരമായ ജീവിതം ,ഒരുപാട് നല്ല ഓർമകൾ ....
അതുതന്നെ ധാരാളമാണ് ഈ ജന്മം മുഴുവൻ ഓർക്കാൻ ......
ഓർമ്മകൾ എന്നെ പിറകോട്ടല്ല നയിക്കുന്നത് ,കൂടുതൽ കൂടുതൽ കരുത്തോടെ മുന്നോട്ടാണ് .മുഖപുസ്തകത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിലൂടെ ,അവരുടെ ഹൃദയത്തിലൂടെ ഒരുപാടൊരുപാട് സ്നേഹം ഏറ്റുവാങ്ങി അവളിവിടെ ജീവിച്ചു കൊണ്ടേയിരിക്കട്ടെ ....
"ഏതു സമയത്തും വേണമെങ്കിലും വളരെ മോശമായ ഒരു കാര്യം സംഭവിക്കും ,തളർന്നുപോകരുത് മോന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു ഒരു തരിമ്പുപോലും ഇളകാതെ മുന്നോട്ട്തന്നെ പോയികൊണ്ടിരിക്കണം ,ലൈവിൽ നിൽക്കണം എന്ന് പറഞ്ഞു അവസാന നാളുകളിൽ പോലും സ്നേഹംകൊണ്ട് എന്നെ ഇറുക്കിപ്പിടിച്ചിരുന്ന അവളെ എനിക്കെങ്ങനെയാണ് വിട്ടുകളയാനാവുക .........!
മാലചാർത്തിയും വിളക്ക് കത്തിച്ചുവച്ചും ഒരു ഫോട്ടോപോലും ഞാൻ എവിടേം വച്ചിട്ടില്ല .....ദേ ഇങ്ങനെ ചിരിച്ചോണ്ട് ലൈവിൽ നിക്കണ ഫോട്ടോകൾ കാണുമ്പോ കൂടെതന്നെ ഉണ്ടെന്നുള്ള ഒരു വിശ്വാസം ആണ്