Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടുജോലി പങ്കുവെയ്ക്കുന്ന ദമ്പതികളുടെ ലൈംഗികജീവിതം മെച്ചപ്പെട്ടതാകുമെന്ന് കണ്ടെത്തൽ

x-default

അടുക്കളയില്‍ കറിക്കരിയാനും പാത്രങ്ങള്‍ കഴുകാനും സന്നദ്ധനായ ഭര്‍ത്താവാണോ നിങ്ങള്‍ക്കുള്ളത്? വീട്ടുജോലിയുടെ ഭാരങ്ങളും സമ്മര്‍ദ്ദങ്ങളും ലഘൂകരിക്കാന്‍ അദ്ദേഹം തയ്യാറാണോ? എങ്കില്‍ നിങ്ങള്‍ തമ്മിലുള്ള ലൈംഗികത മെച്ചപ്പെട്ടതായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.കാരണം ആരോഗ്യപരമായ വ്യക്തിബന്ധങ്ങളില്‍ നിന്നാണ് സന്തോഷകരവും  ആരോഗ്യപ്രദവുമായ ലൈംഗികജീവിതം ഉണ്ടാവുകയുള്ളൂവത്രെ. 

ലൈംഗികതആസ്വാദ്യകരവും ഉന്മേഷപ്രദവുമാകുന്നത് ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യത്തിൽ നിന്നും താൽപ്പര്യത്തില്‍ നിന്നുമാണ്. ഓഫീസ് ജോലിയുടെ ഭാരങ്ങള്‍ക്കു പുറമെ വൈകുന്നേരം വീട്ടിലെത്തി ചെയ്തുതീര്‍ക്കാനുള്ള അടുക്കളജോലിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പല സ്ത്രീകളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. രണ്ടിടത്തെയും ജോലികഴിഞ്ഞ് ഭര്‍ത്താവിന് വേണ്ടിയെന്നോണമുള്ള സെക്‌സ് ആസ്വദിക്കാന്‍ അവള്‍ക്ക് പലപ്പോഴും കഴിയാറുമില്ല. ഇത്തരം അവസരങ്ങളിലാണ് ജോലി ഭാരം ലഘൂകരിക്കാന്‍ മനസ്സ് കാണിക്കുന്ന ഭര്‍ത്താവിന്റെ പ്രാധാന്യം വർധിക്കുന്നത്.  

അടുക്കളയിലെ ജോലികള്‍ പങ്കുവയ്ക്കുന്നതിലുടെ കാര്യക്ഷമമായ ആശയവിനിമയം തന്നെയാണ് ദമ്പതികള്‍ക്കിടയില്‍ ഉടലെടുക്കുന്നത്.  ഇതാണ് അവരുടെ ലൈംഗികതയെ മികച്ചതാക്കുന്നതും. പാത്രങ്ങള്‍ ഒറ്റയ്ക്ക് കഴുകിവയ്ക്കുന്നത് പല സ്ത്രീകള്‍ക്കും മടുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്നാണ് ചില നിരീക്ഷണങ്ങള്‍. ഇക്കാര്യത്തില്‍ ഭര്‍ത്താവ് സഹായത്തിനെത്തുന്നത് അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു.

അടുക്കളയിലെ ജോലിഭാരങ്ങള്‍ ഭര്‍ത്താവ് ഏറ്റെടുക്കാത്തതാണ് യുഎസിലെ വിവാഹമോചനങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് എന്ന കാര്യവും മറക്കരുത്.  അതുകൊണ്ട് ഭര്‍ത്താക്കന്മാരക്കൊണ്ട് പാത്രംകഴുകിക്കുന്നതും കറിക്കരിയിക്കുന്നതും മോശമാണെന്ന ചിന്തയൊക്കെ മാറ്റിവച്ച് ഇന്നുമുതല്‍ അവരെയും അടുക്കളയിലേക്ക് ക്ഷണിച്ചൂകൊള്ളൂ. രണ്ടാണ് ഗുണം എന്ന കാര്യവും മറക്കരുത്. ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മോചനം കിട്ടും. പരസ്പരമുള്ള ഹൃദയൈക്യം വര്‍ദ്ധിക്കുന്നതിലൂടെ ലൈംഗിക ജീവിതം സന്തോഷകരമായി തീരുകയും ചെയ്യും.