വിവാഹ മണ്ഡപം ലക്ഷ്യമാക്കി ഒരു ബൈക്ക് പാഞ്ഞടുക്കുന്നു. വരന്റെ കൈയിൽ നിന്ന് വരണമാല്യം തട്ടിയെടുത്ത് ഒറ്റയേറ്. അത് കൃത്യമായി വധുവിന്റെ കഴുത്തിൽപ്പതിക്കുന്നു. സന്തോഷംകൊണ്ടു മതിമറന്ന വധു ഹീറോയിസം കാട്ടിയ കാമുകന്റെയൊപ്പം പോകാനിറങ്ങിയപ്പോൾ ബന്ധുക്കളെല്ലാവരും ചേർന്ന് കാമുകനെ കണക്കിനു കൈകാര്യം ചെയ്തു.
ഉത്തർപ്രദേശിലെ ബിജ്നോറിൽ നടന്ന വിവാഹച്ചടങ്ങിലാണ് സിനിമയെ വെല്ലുന്ന അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹം നടക്കുന്ന ഹാളിലേക്ക് ഒരു ബൈക്ക് ഇരമ്പിപ്പാഞ്ഞെത്തുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബൈക്കിലെത്തിയ യുവാവിനെ വധുവിന്റേയും വരന്റേയും ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് വരന്റെ കൈയിൽ നിന്ന് വിവാഹമാല്യം തട്ടിപ്പറിച്ചെടുത്ത യുവാവ് അത് വധുവിന്റെ കഴുത്ത് ലക്ഷ്യമാക്കിയെറിഞ്ഞു. ഉന്നം ഒട്ടും പിഴക്കാതെ അത് വധുവിന്റെ കഴുത്തിൽത്തന്നെ വന്നുവീണു. സന്തോഷാധിക്യത്താൽ വധു മണ്ഡപത്തിൽ നിന്ന് എഴുന്നേൽക്കുകയും ഇതാണ് തന്റെ ഭർത്താവെന്നു പറഞ്ഞുകൊണ്ട് ബൈക്കിലെത്തിയ യുവാവിനൊപ്പം പോകാൻ തയാറാവുകയും ചെയ്തു. രോഷാകുലരായ വധുവിന്റെ ബന്ധുക്കൾ യുവാവിനെ വളഞ്ഞിട്ടു മർദ്ദിച്ചു.
സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വരന്റെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയും ഈ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് പറയുന്നതിങ്ങനെ :- താഴ്ന്ന സമുദായത്തിൽപ്പെട്ട യുവതിയും മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവും സഹപാഠികളായിരുന്നു. ഇവരുടെ പ്രണയമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ അവളെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു. ആ വിവാഹവേദിയിൽ വന്നാണ് സിനിമാസ്റ്റൈലിൽ ഹീറോയിസം കാട്ടി വധുവിനെ അയാൾ സ്വന്തമാക്കാൻ ശ്രമിച്ചത്.