ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് സൂര്യയും ജ്യോതികയും. സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും അവർക്കു ബോധ്യപ്പെട്ടത് കാക്ക കാക്ക എന്ന ചിത്രത്തിന് ശേഷമാണ്. ആദ്യകാഴ്ചയിൽത്തന്നെ തനിക്കു ജ്യോതികയെ ഇഷ്ടപ്പെട്ടെങ്കിലും തുറന്നു പറയാൻ ഭയമായിരുന്നെന്നും അഭിമുഖങ്ങളിൽ സൂര്യ തുറന്നു പറഞ്ഞിട്ടുണ്ട്.
പ്രിയദർശന്റെ ഹിന്ദി ചിത്രത്തിലൂടെ സിനിമയിലെത്തിയ ജ്യോതികയ്ക്ക് ആദ്യമൊന്നും തമിഴ് നല്ല വശമില്ലായിരുന്നുവെന്നും കാക്ക കാക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പരസ്പരം പ്രണയം തിരിച്ചറിഞ്ഞതെന്നും സൂര്യ പറയുന്നു. 2006 ൽ വിവാഹിതയായ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ജ്യോതിക ഈ അടുത്ത കാലത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെയാണ് ജ്യോതിക സിനിമാലോകത്തേക്ക് തിരിച്ചു വന്നത്. ദിയ, ദേവ് എന്നിങ്ങനെ രണ്ടു കുട്ടികൾ ഈ ദമ്പതികൾക്കുണ്ട്.
പുതിയ ചിത്രമായ മിസ്റ്റർ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സൂര്യ പ്രണയത്തെക്കുറിച്ച് വാചാലനായത്. പ്രണയം എന്താണെന്നും എങ്ങനെയാണെന്നും തന്നെ പഠിപ്പിച്ചത് മൗനരാഗങ്ങൾ എന്ന ചിത്രമാണെന്നാണ് സൂര്യ പറയുന്നത്.
മണിരത്നത്തിന്റെ ചിത്രമായ മൗനരാഗത്തിലെ പ്രണയ രംഗങ്ങളെക്കുറിച്ചു സൂര്യപറഞ്ഞതിങ്ങനെയാണ്. എഴുപതിൽ ജനിച്ച താനുൾപ്പെടെയുള്ള ആളുകൾക്ക് പ്രണയത്തെക്കുറിച്ച് പറഞ്ഞു തന്നത് ആ ചിത്രമാണ്. കാർത്തിക്കും രേവതിയുമഭിനയിച്ച പ്രണയരംഗത്തെ പരാമർശിച്ചുകൊണ്ടാണ് സൂര്യ അക്കാര്യം തുറന്നു പറഞ്ഞത്.