പെൺകുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുന്ന വാർത്തകൾ വർധിച്ചു വരുന്ന കാലത്ത് എല്ലാ അമ്മമാർക്കും മാതൃകയാക്കാവുന്ന ഒരു കാര്യം ചെയ്തതിന്റെ പേരിലാണ് ഒരമ്മ വാർത്തകളിൽ നിറയുന്നത്. അമ്മയുടെ ബുദ്ധി രക്ഷിച്ചത് 12 വയസ്സുകാരിയായ മകളെയാണ്. അപരിചിതർ കൊണ്ടുത്തരുന്ന മധുര പലഹാരങ്ങളോ വസ്തുക്കളോ ഒന്നും വാങ്ങരുതെന്ന് എല്ലാ അമ്മമാരും മക്കളോട് പറയാറുണ്ട്. എന്നാൽ വീട്ടിലുള്ളവർക്ക് അപകടം പറ്റിയെന്നു നുണ പറഞ്ഞ് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നവരെ എങ്ങനെ നേരിടണമെന്ന് ആരും പറഞ്ഞു കൊടുക്കാറില്ല.
അവിടെയാണ് ഗാസിയാബാദിലെ അമ്മ വ്യത്യസ്തയായത്. അച്ഛനും അമ്മയും മക്കളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനിടെ അവർ ചില കോഡ് വാക്കുകൾ ഉപയോഗിച്ചു. ഏതെങ്കിലും അടിയന്തര സന്ദർഭങ്ങളിൽ അച്ഛനമ്മമാർക്ക് മറ്റൊരാളെ വിട്ട് കുഞ്ഞുങ്ങളെ വിളിപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ വേണ്ടിയായിരുന്നു ആ കോഡ് വാക്ുകൾ. മാസത്തിലൊരിക്കൽ ആ കോഡ് വാക്കുകൾ മാറ്റാറുമുണ്ട്.
12 വയസ്സുകാരിയായ പെൺകുട്ടി വീടിനടുത്തുള്ള കടയിൽ പോയപ്പോൾ ഒരു അപരിചിതൻ അവളെ സമീപിക്കുകയും അച്ഛൻ ഒരു അപകടത്തിൽപ്പെട്ടുവെന്നും അവളെ കൂട്ടിക്കൊണ്ടു ചെല്ലുവാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. അങ്ങനെയാണെങ്കിൽ അച്ഛൻ പറഞ്ഞുവിട്ട കോഡ് വാക്ക് പറയാൻ കുട്ടി അപരിചിതനോട് ആവശ്യപ്പെട്ടു. എന്നാൽ കുട്ടിയുടെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാതെ അയാൾ നിന്നു പരുങ്ങി. തുടർന്ന് പെൺകുട്ടി ശബ്ദമുയർത്തി ആളെക്കൂട്ടാൻ ശ്രമിച്ചപ്പോൾ അയാൾ ഓടി രക്ഷപെടുകയും ചെയ്തു.
സംഭവമറിഞ്ഞ അമ്മ പെൺകുട്ടിയെ അഭിനന്ദിച്ചു. താൻ പറഞ്ഞുകൊടുത്ത കാര്യങ്ങൾ ശരിയായ സമയത്ത് പ്രാവർത്തികമാക്കാൻ മിടുക്കു കാട്ടിയ കുട്ടിയെയോർത്ത് അഭിമാനമുണ്ടെന്നും സ്വയം പ്രതിരോധത്തിനുള്ള മാർഗങ്ങൾ കൂടി കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഭാര്യ പറയുന്ന കോഡ് വാക്കുകൾ തിരക്കുകൾ മൂലം താൻ മറന്നു പോകാറുണ്ടായിരുന്നുവെന്നും എന്നാൽ ഈ സംഭവത്തോടെ തന്റെ ഉദാസീന മനോഭാവം മാറിയെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു. പുതിയകാലത്ത് ഇങ്ങനെ ചില മുൻകരുതലുകൾ മാതാപിതാക്കളെടുക്കുന്നത് നല്ലതാണെന്ന് ഈ സംഭവം തന്നെ ഓർമ്മപ്പെടുത്തിയെന്നും എൻജിനീയർ കൂടിയായ അച്ഛൻ പറയുന്നു.