ഇഷ അംബാനിയെ ആനന്ദ് പ്രൊപ്പോസ് ചെയ്തു; പ്രണയാർദ്രം ഈ നിമിഷങ്ങൾ

അംബാനി കുടുംബത്തിലെ പുതിയ വിശേഷമിതാണ്- മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനി വിവാഹിതയാകാൻ പോകുന്നു. വരൻ ഇഷയുടെ ബാല്യകാലസുഹൃത്തായ ആനന്ദ് പിരാമലാണ്. ഇന്ത്യയിലെ  രണ്ടു ബിസിനസ്സ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധംകൂടിയാണ് ഇതോടെ ദൃഢമാകാൻ പോകുന്നത്.

പിരാമൽ ഗ്രൂപ്പിന്റെ ചെയർമാൻ അജയ് പിരാമലിന്റെ മകൻ 33 വയസ്സുകാരനായ ആനന്ദ് പിരാമലാണ് 26 വയസ്സുകാരിയായ ഇഷയെ വിവാഹം ചെയ്യുന്നത്. ഡിസംബറിലാണ് വിവാഹം. ഇഷയുടെ ഇരട്ട സഹോദരൻ ആകാശിന്റെ വിവാഹനിശ്ചയം സുഹൃത്ത് ശ്ലോക മേത്തയുമായി ഇക്കഴിഞ്ഞയിടെയാണ് നടന്നത്.

ബാല്യകാല സഖിയോട് ആനന്ദ് പ്രണയം വെളിപ്പെടുത്തിയത് മഹാബലേശ്വർ ക്ഷേത്രത്തിനടുത്തുവെച്ചാണ്. ഇരുകുടുംബങ്ങളിലെയും അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ആനന്ദ് ഇഷയെ ജീവിതത്തിലേക്കു ക്ഷണിച്ചത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആനന്ദ് ഹാർവഡ് ബിസിനസ് സ്കൂളിൽനിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. സൈക്കോളജിയിൽ ബിരുദം പൂർത്തിയാക്കിയ ഇഷ സ്റ്റാൻഫഡ് ബിസിനസ് സ്കൂളിൽ എംബിഎ ചെയ്തിട്ടുണ്ട്.