മുൻകോപം മാറ്റിയെടുത്തത് നാഗചൈതന്യ; ഇപ്പോഴും വഴക്കിടാറുണ്ട് പക്ഷേ...

വിവാഹത്തോടെ പരസ്പരമുള്ള പ്രണയവും അവസാനിക്കാറുണ്ടെന്നാണ് ചില ബോറന്മാരുടെ തിയറി. ഉത്തരവാദിത്തങ്ങളും ജോലിഭാരങ്ങളുമെല്ലാം പ്രണയത്തിന്റെ തീവ്രത വല്ലാതെ കെടുത്തിക്കളയുമെന്നാണ് അവരുടെ തിയറി. എന്നാൽ വിവാഹശേഷവും പ്രണയം ഒട്ടും കുറയാതെ കാത്തുസൂക്ഷിക്കുന്നവരാണ് തെന്നിന്ത്യൻ താരങ്ങളായ സമാന്തയും നാഗചൈതന്യയും.

ദീർഘനാളത്തെ പ്രണയത്തിനു വിരാമമിട്ടുകൊണ്ട് ഒക്ടോബറിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹശേഷം കരിയറിന് ബ്രേക്ക് കൊടുക്കാതെ ഇരുവരും അധികം വൈകാതെ സിനിമയിലേക്കു തിരിച്ചെത്തുകയും ചെയ്തു. വിവാഹത്തിനു മുൻപുള്ളതിനേക്കാൾ സുരക്ഷിതത്വം വിവാഹശേഷം താനനുഭവിക്കുന്നുണ്ടെന്നു തുറന്നു പറഞ്ഞുകൊണ്ടാണ് സമാന്ത പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്.

ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്  സമാന്ത മനസ്സുതുറന്നത്. യഥാർഥ ജീവിതത്തിലെ സ്വഭാവവത്തെയും സിനിമയിലെ കഥാപാത്രത്തെയും താരതമ്യം ചെയ്തുകൊണ്ട് ചോദ്യകർത്താവ് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് സമാന്ത മറുപടി പറഞ്ഞത്. വിവാഹത്തിന് മുൻപ് മുൻകോപിയായിരുന്ന താനിപ്പോൾ അങ്ങനെയൊരു ഭൂതകാലത്തെക്കുറിച്ചു തന്നെ മറന്നു പോയിയെന്നാണ് സമാന്ത പറഞ്ഞത്. 

ആ നെഗറ്റീവ് സ്വഭാവം മാറ്റിയെടുത്തത് നാഗചൈതന്യയാണെന്നും ഇടയ്ക്കിടെ വഴക്കിടാറുണ്ടെങ്കിൽപ്പോലും തമ്മിൽ വഴക്കിടുന്ന സമയത്ത് വളരെ ശബ്ദം താഴ്ത്തി സംസാരിക്കുന്നതുകൊണ്ട് തങ്ങൾ വഴക്കിടുകയാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാവുകയില്ലെന്നും സമാന്ത പറയുന്നു. അതുകൊണ്ടു തന്നെ തർക്കങ്ങൾ വളരെവേഗം പരിഹരിക്കപ്പെടാറുണ്ടെന്നും അവർ പറയുന്നു. 

കുട്ടിക്കാലത്തും കൗമാരകാലത്തും കാട്ടിയ വികൃതികളെക്കുറിച്ചും താരജാഡയില്ലാതെ സമാന്ത തുറന്നു പറഞ്ഞു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് താൻ വല്ലാതെ സമ്മർദ്ദത്തിലാകാറുണ്ടെന്നും ചിത്രം പരാജയപ്പെട്ടാൽ അതോടെ എല്ലാം തീരും എന്നു വിശ്വസിച്ചു സങ്കടപ്പെട്ടിരുന്ന തന്നെ ആ സ്വഭാവത്തിൽ നിന്ന് മാറ്റിയെടുത്തത് നാഗചൈതന്യയാണെന്നും സമാന്ത പറയുന്നു. 

ചെയ്യുന്നത് എന്തു ജോലിയായിരുന്നാലും അതു നൂറു ശതമാനം ആത്മാർഥതയോടെ ചെയ്യുക എന്ന തിയറിയാണ് ഇരുവരും ജീവിതത്തിൽ അപ്ലൈ ചെയ്യുന്നതെന്നും അവർ പറയുന്നു.