മൂവാറ്റുപുഴ ∙ ‘‘ഇവനെന്തെങ്കിലും പറ്റിയാൻ പിന്നെ ഞാനെന്തിനു ജീവിക്കണം’’? മൂവാറ്റുപുഴയിലെ ആശുപത്രിയിൽ മകൻ അലന്റെ (8) നെറ്റിയിൽ വീണ്ടുമൊരു ചുംബനം നൽകിക്കൊണ്ടു മിനി ചോദിക്കുന്നു. മകൻ കിണറ്റിൽ വീണതറിഞ്ഞ് മുന്നും പിന്നും നോക്കാതെ കിണറ്റിലേക്കെടുത്തു ചാടി മകനെ കൈകളിൽ ഉയർത്തിപ്പിച്ചു മണിക്കൂറോളം നിന്നു രക്ഷപ്പെടുത്തിയ മിനിയുടെ മാതൃവാത്സല്യത്തിനു കിണറിനേക്കാൾ ആഴമുണ്ട്. കാലാമ്പൂർ സിദ്ധൻപടി കുന്നക്കാട്ടു മല കോളനിയിൽ ബിജുവിന്റെ മകൻ അലൻ തിങ്കളാഴ്ച ഉച്ചയോടെയാണ് അബദ്ധത്തിൽ വീട്ടിലെ കിണറ്റിൽ വീണത്.
മകൻ കിണറ്റിൽ വീണതറിഞ്ഞ് അമ്മ മിനി നാൽപതടിയോളം താഴ്ചയുള്ള കിണറ്റിലേക്കെടുത്തു ചാടുകയായിരുന്നു. കിണറിന്റെ അടിയിലേക്കു താഴ്ന്നു പോകുകയായിരുന്നു ജീവന്റെ ജീവനെ കയ്യിലെടുത്തുയർത്തി കിണറ്റിലെ കഴുത്തറ്റം വെള്ളത്തിൽ ഒരു മണിക്കൂറോളം മിനി രക്ഷകരെ കാത്തു നിന്നു. ആരോ കിണറ്റിലേക്കിറക്കി നൽകിയ ഏണിയുടെ പടിയിൽ മകനെ നിർത്തി തുണികൊണ്ടു കെട്ടി സുരക്ഷിതനാക്കി കിണറിന്റെ പുറത്തെത്തിച്ചതിനു ശേഷമാണ് മിനിക്കു ശരിക്കൊന്നു ശ്വാസമെടുക്കാനായത്. അച്ഛന്റെയും മുത്തച്ഛന്റെയുമൊപ്പം വീടിന്റെ മുറ്റത്ത് നിന്നിരുന്ന അലൻ അബദ്ധത്തിൽ കിണറ്റിലേക്കു വീഴുകയായിരുന്നു.
കിണറ്റിൽ കഴുത്തൊപ്പം വെള്ളമുണ്ടായിരുന്നുവെന്നു മിനി പറയുന്നു. ആദ്യം മകനെ കൈകളിൽ മുകളിലേക്കുയർത്തിപ്പിടിച്ചു നിന്നു. ഇതിനിടയിൽ കുറെ വെള്ളം കുടിച്ചു. കാലും കയ്യും അതിയായി വേദന എടുത്തിരുന്നുവെങ്കിലും അതവഗണിച്ച് മകനെ ഉയർത്തിപ്പിടിച്ചു തന്നെ നിന്നു. ഓടിക്കൂടിയ നാട്ടുകാർ വലിയൊരു ഏണി കിണറ്റിലേക്കിറക്കി നൽകി. ഇതിൽ മകനെ ഇരുത്തി തുണികൊണ്ടു കെട്ടി. മകനെ നാട്ടുകാർ സുരക്ഷിതനായി മുകളിലെത്തിച്ചു. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് അഗ്നിശമന സേനാംഗങ്ങളെത്തി മിനിയെ പ്ലാസ്റ്റിക് വല ഉപയോഗിച്ച് കിണറിനു പുറത്തെത്തിച്ചത്. മിനിക്കും കൈക്കും കാലിനുമൊക്കെ മുറിവുണ്ട്.
മൂവാറ്റുപുഴ നിർമലാ മെഡിക്കൽ സെന്ററിൽ ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കിണറിന്റെ ആഴത്തെ ഭയമായിരുന്ന മിനി എങ്ങിനെ നാൽപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്കു ചാടിയെന്നാണു ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്.