ഒരു മകൾ അച്ഛനെഴുതിയ അവസാനത്തെ കത്ത്; അവസാനവരിയിലാണ് ട്വിസ്റ്റ്

പ്രതീകാത്മക ചിത്രം.

കൗമാരപ്രായത്തിലുള്ള മക്കളെക്കുറിച്ച് ആശങ്കപ്പെടാത്ത അച്ഛനമ്മമാരില്ല. വീട്ടിൽ വരുന്നതു വൈകുമ്പോൾ, ഫോണിൽ വിളിച്ചിട്ടു കിട്ടാതാകുമ്പോൾ, പരീക്ഷയുടെ റിസൾട്ട് വരാറാകുമ്പോൾ ഒക്കെ ആകാംക്ഷയുടെ മുൾമുനിയിലായിരിക്കും മാതാപിതാക്കൾ. ഉത്കണ്ഠയുടെ നെരിപ്പോടിൽ. അവസാനം അശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു തിരിച്ചറിയുമ്പോഴും കടന്നുപോയ കനൽക്കാലം മനസ്സിലുണ്ടാകും. ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ മാതാപിതാക്കളും അനുഭവിക്കുന്ന ആശങ്കകൾ. ആകാംക്ഷയ്ക്കും ഉത്കണ്ഠയ്ക്കുമൊക്കെ മറുവശം കൂടിയുണ്ടെന്നു തെളിയിക്കുന്ന ഒരനുഭവ കഥ വായിക്കാം. മകൾ മുറിയിൽ എഴുതിവച്ച ഒരു കത്തിന്റെ അവസാനവരിയിൽനിന്നു ജീവിതം തിരിച്ചുപിടിച്ച അനുഭവം. 

16 വയസ്സുള്ള മകളുടെ അച്ഛനാണു കഥാപാത്രം. മകളെ തിരക്കി മുറിയിൽ ചെന്ന അച്ഛനെ സ്വീകരിച്ചത് മകൾ എഴുതിവച്ച ‘അവസാനത്തെ കത്ത്’. വിറയ്ക്കുന്ന വിരലുകളിൽ പിടിച്ചു അച്ഛൻ കത്തു വായിച്ചു. സ്റ്റീവൻ എന്നാണ് അച്ഛന്റെ പേര്. മകൾ അന്ന. സ്റ്റീവൻ വീടു മുഴുവൻ മകളെ അന്വേഷിച്ചു. അന്നയെ കാണുന്നില്ല. ആ രാത്രിയിൽ തന്റെ ഇഷ്ട ടീം  പേട്രിയട്സ് മൽസരം തോറ്റതിന്റെ ആഘാതത്തിലായിരുന്നു അദ്ദേഹം. ദുഖം മറക്കാൻ പുറത്തുപോയി ഒരു ഐസ്ക്രീം കഴിക്കാൻ മകളെ കൂട്ടുവിളിക്കാൻ ചെന്നതാണ്. പക്ഷേ, മകളെ കാണുന്നില്ല. കുറച്ചുമുമ്പു വരെ മുറിയിലുണ്ടായിരുന്നു അന്ന. ഇപ്പോൾ മുറിക്കു പുറത്ത് അവൾ പുറത്തുപോകുമ്പോൾ ധരിക്കുന്ന ഷൂസും കാണുന്നില്ല. 

അന്നയുടെ മുറിയിൽ കയറിച്ചെന്നു സ്റ്റീവൻ. കിടക്കയിൽ മകളുടെ കൈപ്പടയിൽ ഒരു കത്ത് കിടക്കുന്നു. അച്ഛൻ വായിച്ചു: 

പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും, 

ഇക്കാര്യം പറയേണ്ടിവന്നതിൽ എനിക്കു ദുഃഖമുണ്ട്. പക്ഷേ പറയാതെ വയ്യല്ലോ. എന്റെ പുതിയ കാമുകൻ മുഹമ്മദുമൊത്ത് ഞാൻ ഒളിച്ചോടുകയാണ്. ഇപ്പോഴാണ് യഥാർഥ സ്നേഹം എന്താണെന്നു ഞാൻ തിരിച്ചറിയുന്നത്. മുഹമ്മദ് നല്ലവനാണ്. അവന്റെ കണ്ണുകൾ എന്തുമാത്രം സെക്സിയാണെന്നോ. കൈകളിലെ പച്ചകുത്തിയ രൂപങ്ങളിൽ നോക്കിയിരുന്നാൽ സമയം പോകുന്നത് അറിയില്ല. അവന്റെ വലിയ മോട്ടോർബൈക്കിനെക്കുറിച്ചും പറയാതിരിക്കാൻ പറ്റില്ല. 

തീർന്നില്ല. മുഹമ്മദിൽ ആദ്യത്തെ കുട്ടിയെ പ്രതീക്ഷിക്കുകയാണു ഞാൻ. പറയാൻ മറന്നു. മൂന്നുമാസം ഗർഭിണിയാണു ഞാൻ. അവൻ കണ്ടുവച്ച കൊച്ചുവീട്ടിലാണ് ഇനി ഞങ്ങളുടെ താമസം. കൂടുതൽ കുട്ടികളെ വേണമെന്നാണ് മുഹമ്മദിന്റെ ആഗ്രഹം. എനിക്കും അതേ. അറിയുമോ അടുത്താഴ്ച ഞങ്ങൾ വിവാഹം കഴിക്കും. തീർച്ച. 

പലരും പറയുന്നതുപോലെ ലഹരി ഗുളികകൾ അത്ര ചീത്തയൊന്നുമല്ല കേട്ടോ. ഞങ്ങൾ താമിസിക്കാൻ പോകുന്ന വീടിന്റെ പിന്നിൽ 17 ചെടികൾ ഞങ്ങൾ വളർത്തുന്നുണ്ട്. അവനും അവന്റെ കൂട്ടുകാർക്കും വേണ്ട ചെടികൾ അവിടെനിന്നു കിട്ടും. പകരമായി ഗുളികകൾ ഞങ്ങൾക്കു ലഭിക്കും. 

എയ്ഡ്സിനുള്ള മരുന്ന് വേഗം കണ്ടുപിടിക്കും എന്നാണു ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ മുഹമ്മദിനു വേഗം സുഖം പ്രാപിക്കാനുമാകും. അവൻ ജീവിതത്തിലേക്കു തിരിച്ചുവരേണ്ടവനാണ്. ചികിൽസയ്ക്കുള്ള പണത്തെക്കുറിച്ചൊന്നുമോർത്ത് ദുഃഖിക്കേണ്ട കേട്ടോ. മുഹമ്മദിന്റെ രണ്ടു കൂട്ടുകാർ സിനിമാ വ്യവസായത്തിൽ ജോലി ചെയ്യുന്നവരാണ്. ജുവാനും സ്റ്റെയിൻസ്ലാവും. എന്നെ ഒരു നടിയാക്കും എന്നാണവർ പറയുന്നത്. 

നല്ല ജോലിയാണ് എനിക്കവർ കണ്ടുവച്ചിരിക്കുന്നത്. ഓരോ രംഗത്തിനും 50 ഡോളർ‌ വീതം. ഓരോ രംഗത്തിലും മൂന്നു പുരുഷൻമാരിൽ കൂടുതലുണ്ടെങ്കിൽ വീണ്ടുമെനിക്ക് 50 ഡോളർ വീതം കൂടുതൽ കിട്ടും. അതുകൊണ്ട് എന്നെപ്പറ്റി ഓർത്ത് വിഷമിക്കരുത്. എനിക്കു 16 വയസ്സായി എന്നതറിയാമല്ലോ. എന്റെ കാര്യം നോക്കാൻ എനിക്കറിയാം. അടുത്തതവണ ഞാൻ വീട്ടിൽ വരുമ്പോൾ അച്ഛനും അമ്മയ്ക്കും കൊച്ചുമകനെ കാണാനുള്ള ഭാഗ്യം ഉണ്ടാകട്ടെ. 

സ്നേഹത്തോടെ അന്ന. 

ഇനി കത്തിലെ അവസാന വരി . കഥയുടെ ക്ലൈമാക്സ്. 

അച്ഛാ, ഞാൻ എഴുതിയതൊന്നും വിശ്വസിക്കരുതേ. ടിവി കാണാൻ ഞാൻ എമ്മയുടെ അടുത്തുവരെ പോകുകയാണ്. പേട്രിയട്സ് ഈഗിൾസിനോടു തോൽക്കുന്നതിലും വിഷമം പിടിച്ച കാര്യങ്ങൾ ലോകത്തുണ്ട് എന്ന് അച്ഛനറിയണം.  അത്രയുമേ എനിക്ക് അച്ഛനോടു പറയാനുള്ളൂ. 

ഞാനുടൻ വരാം...