വർഷങ്ങൾക്കു മുൻപ് കൈവിട്ടു പോയ മകളെ ആദ്യമായി അമ്മ കണ്ടപ്പോൾ

പ്രതീകാത്മക ചിത്രം.

അടുത്തുവരുന്ന മാതൃദിനത്തിൽ ഒരുപക്ഷേ ലോകത്തുതന്നെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന അമ്മയായിരിക്കും റീത്ത കോൺറാഡ്. മൂന്നു പതിറ്റാണ്ടു മുമ്പ് മനസ്സില്ലാമനസ്സോടെ ജീവിതത്തിൽനിന്നും ഇറക്കിവിട്ട മകളെ അമൂല്യമായ നിധി പോലെ തിരിച്ചുകിട്ടിയ അമ്മ. റീത്തയുടെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന സംഭവം നടക്കുന്നത് 1984–ൽ.

മറ്റേതെങ്കിലും ഒരു കുടുംബത്തിനു ദത്തെടുക്കാനായി മകളെ അവർ വിട്ടുനൽകി. അന്നു ചെറുപ്പമായിരുന്നു റീത്തയ്ക്ക്. പക്ഷേ, മകളെ നന്നായി വളർത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. അതേത്തുടർന്നാണു ഹൃദയം മുറിച്ചുമാറ്റുന്ന ദുഃഖത്തോടെ മകളെ ഉപേക്ഷിക്കുന്നത്. പക്ഷേ, അകലെയെവിടെയോ പോയെങ്കിലും പ്രിയപ്പെട്ട മകളെക്കുറിച്ച് ചിന്തിക്കാതിരുന്ന ഒരുനിമിഷം പോലും ഉണ്ടായിട്ടില്ല റീത്തയുടെ ജീവിതത്തിൽ. 

അവളെവിടെയായിരിക്കും ? 

അവളിപ്പോൾ എന്തു ചെയ്യുകയാവും ? 

സുരക്ഷിതയായിരിക്കുമോ ? 

നല്ലൊരു കുടുംബത്തിലാണോ ചെന്നുചേർന്നിട്ടുണ്ടാവുക ? 

ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കുമുമ്പിൽ നിസ്സഹായ ആകാനും വേദനയിൽ മുഴുകാനുമേ കഴിഞ്ഞിട്ടിള്ളൂ റീത്ത എന്ന അമ്മയ്ക്ക്. ഒടുവിൽ 34 വർഷത്തിനുശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ അടുത്ത ഒരു ബന്ധുവിന്റെ സന്ദേശം കിട്ടി– റീത്തയുടെ മകളെ കണ്ടെത്തി എന്ന വാർത്തയുമായി. ഡിഎൻഎ ടെസ്റ്റിങ് സൈറ്റ് വഴിയായിരുന്നു കണ്ടെത്തൽ. സഫലമാകില്ലെന്നു വിചാരിച്ച മോഹസാക്ഷാത്കാരം അനുഭവിച്ചു റീത്ത. 

മേഗൻ മെയർ എന്നാണു റീത്തയുടെ മകളുടെ പേര്. 33 വയസ്സ്. തന്റെ പാരമ്പര്യവും വേരുകളും കണ്ടെത്താൻ മെയർ നടത്തിയ അന്വേഷണമാണ് റീത്തയിൽ അവസാനിച്ചത്. അന്വേഷണത്തിന്റെ ആദ്യഘട്ടം വിജയമായപ്പോൾ സൈറ്റിൽ റിലേറ്റീവ് സെക്ഷനിൽ എത്തി.മെയർ. ആ വിഭാഗത്തിലെ ആദ്യത്തെ അഞ്ചുപേർക്കുവേണ്ടിയുള്ള അന്വേഷണമായി പിന്നെ. ഒരു മണിക്കൂറിനകം ആഹ്ലാദിപ്പിക്കുന്ന സന്ദേശം കിട്ടി– ജന്മം തന്ന അമ്മയെ കണ്ടെത്തിയിരിക്കുന്നു. ഫോണിലേക്കു നോക്കി ഒരു നിമിഷം അവിശ്വാസത്തോടെ നിന്നു. സത്യമാണോ. യഥാർഥത്തിൽ അതു സംഭവിക്കാൻപോകുകയാണോ: അന്വേഷണവഴികളെക്കുറിച്ചു മെയർ പറയുന്നു. 

പിറ്റേന്ന് അമ്മയും മകളും ഇ മെയ്‍ലിലൂടെ സംസാരിച്ചു. ദത്തെടുക്കൽകേന്ദ്രത്തിൽനിന്നു ലഭിച്ച മെയറിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ അവർ കോൺറാഡിന് അയച്ചു. പരസ്പരം സന്ദേശങ്ങൾ കൈമാറി. അമ്മയെ കണ്ടെത്തൽ അങ്ങേയറ്റം വിഷമകരമായിരിക്കും എന്നായിരുന്നു എന്റെ വിചാരം. പ്രൈവറ്റ് ഡിറ്റക്റ്റീവ്സ് ഉൾപ്പെടെ ധാരാളം പണവും സമയവും ചെലവഴിക്കേണ്ടിവരുന്ന വൃഥാവ്യായാമം. പക്ഷേ അങ്ങനെയൊന്നും സഭവിക്കാതെ അമ്മയെ എനിക്കു തിരിച്ചുകിട്ടിയല്ലോ– മെയറിന്റെ വാക്കുകളിൽ ആഹ്ലാദം. 

മകളെക്കുറിച്ചുള്ള ചിന്ത എപ്പോഴും മനസ്സിലുണ്ടെങ്കിലും അവളുടെ ജീവിതത്തിൽ ഒരു ഭാരമാകാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല–കോൺറാഡ് പറയുന്നു. അതുകൊണ്ടാണ് സ്വന്തമായി അന്വേഷണത്തിനു മുതിരാതിരുന്നതും. മാതൃദിനത്തിനു മുന്നോടിയായി കഴിഞ്ഞയാഴ്ച കോൺറാഡും മെയറും കണ്ടുമുട്ടി. 

ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. ഒരിക്കലും ലഭിക്കുമെന്നു പ്രതീക്ഷിക്കാതിരുന്നത്– മെയർ പ്രതികരിച്ചു. 

തനിക്കു രണ്ടു സഹോദരൻമാരുണ്ടെന്നും മെയർ കണ്ടെത്തി. 29 ഉം 24 ഉം വയസ്സുള്ളവർ. രണ്ടുപേരെയും കണ്ടെത്തി നഷ്ടപ്പെട്ട ബന്ധത്തിന്റെ ചങ്ങലകൾ വിളക്കിച്ചേർക്കാനുള്ള ഒരുക്കത്തിലാണു മെയർ. അവസാനം ജീവിതം മുഴുവൻ ആശങ്കപ്പെടുത്തിയ ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചിരിക്കുന്നു കോൺറാഡിന്– അവൾ എത്തിപ്പെട്ടത് നല്ല ഒരു കുടുംബത്തിൽ. അവൾ നന്നായി ജീവിക്കുന്നു. സുന്ദരിയാണവൾ. സന്തോഷമുണ്ട് എന്റെ മകളുടെ മുഖത്ത്.  എങ്ങനെ സന്തോഷിക്കാതിരിക്കും കോൺറാഡ് എന്ന അമ്മ ഈ മാതൃദിനത്തിൽ.