രോഗം വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്; കുടുംബത്തെമുഴുവൻ. ശരീരത്തെ മാത്രമല്ല; മനസ്സിനെയും. പ്രത്യേകിച്ചും കാൻസർ. അതു ബാധിക്കുന്നയാളെയും കുടുംബത്തെയും സാമ്പത്തികമായി തകർക്കുന്നതിനൊപ്പം സാമൂഹിക പ്രശ്നങ്ങളിലേക്കും തള്ളിവിടുന്നു. മുത്തശ്ശിക്ക് രോഗം ബാധിക്കുകയും ഗുരുതരമാണെന്നു തിരിച്ചറിയുകയും ചെയ്തപ്പോൾ പരിഭ്രാന്തയാകാതെ പരിചരിക്കുകയും മഹത്തായ മാതൃക കാണിക്കുകയും ചെയ്ത ഒരു നാലുവയസ്സുകാരിയെ പരിചയപ്പെടാം. കുട്ടിയുടെ അമ്മ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണു കൊച്ചുകുട്ടിയുടെ ത്യാഗം ലോകം തിരിച്ചറിഞ്ഞത്.
ആ വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ൾ തളര്‍ന്നുപോയി ഞാന്‍. എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥ. അമ്മയാകട്ടെ ശാരീരികവും മാനസികവുമായി തളർന്നു. ജീവിതത്തിൽ മുഴുവൻ ഓടിച്ചാടി നടക്കുകയും വിശ്രമമില്ലാതെ ജോലി ചെയ്യുകയും ചെയ്ത ഒരാളിനാണ് ഇതു സംഭവിച്ചതെന്നു മനസ്സിലാക്കണം. എങ്ങനെ തളരാതിരിക്കും. അമ്മയ്ക്കു ക്യാൻസർ. നാലാം ഘട്ടം.
എന്നും എന്റെ ശക്തിയും ഊർജവുമായിരുന്നു അമ്മ. എങ്ങനെ ഒരു നല്ല അമ്മയാകാമെന്ന് എന്നെ പഠിപ്പിച്ചതുപോലും അവരാണ്. മകൾ ഇഷാൻവിക്ക് ഇതിലും നല്ല ഒരു മുത്തശ്ശിയേയും കിട്ടാനില്ല. പക്ഷേ, ആ വാർത്ത എല്ലാം തകർത്തുകളഞ്ഞു. എങ്കിലും, എല്ലാം കൈവിട്ടുപോയില്ലെന്നു ഞാൻ വേഗം മനസ്സിലാക്കി. അതും നാലുവയസ്സു മാത്രമുള്ള എന്റെ മകളിൽനിന്ന്. എനിക്കു വലിയ ആശ്വാസമായി എന്നുമത്രമല്ല, അവളുടെ അമ്മൂമ്മയെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിനങ്ങളിലൂടെ ധൈര്യത്തോടെ കടന്നുപോകാനും അവൾ സഹായിച്ചു – എന്റെ നാലുവയസ്സുകാരി ഓമനക്കുട്ടി. അമ്മയ്ക്കു ഭക്ഷണം വാരിക്കൊടുക്കുന്നതുപോലും അവളായി. എപ്പോഴും കൂടെയിരുന്ന് ചിരിച്ചും കളിച്ചും ധൈര്യം പകർന്നു. രോഗത്തിന്റെ കാഠിന്യത്തേക്കാളേറെ, മുടി നഷ്ടമാകാൻ തുടങ്ങിയതായിരുന്നു അമ്മയ്ക്കു സഹിക്കാനാകാതെ വന്നത്. ഇനി എങ്ങനെ പുറത്തിറങ്ങും. മറ്റുള്ളവരുടെ മുഖത്തു നോക്കും.
ഡോർബെൽ അടിക്കുമ്പോഴെല്ലാം അമ്മ വിഗ് എടുക്കാൻ ഓടും. മുടിയില്ലാത്ത തല വെളിയിൽ കാണിക്കാതിരിക്കാൻ. മറ്റുള്ളവർ സഹതാപം പ്രകടിപ്പിക്കാതിരിക്കാൻ. പക്ഷേ ഇഷാൻവി മുത്തശ്ശിയോടു പറഞ്ഞു കഷണ്ടിത്തല ഇപ്പോഴത്തെ ഫാഷനാണെന്ന്. തലയിൽ മുടിയില്ലാതെയും സന്തോഷത്തോടെ ജീവിക്കുന്നവരുണ്ടെന്ന്. അസുഖത്തിന്റെ ഭാഗം മാത്രമല്ല മുടികൊഴിച്ചിൽ. സ്വന്തം ഇഷ്ടപ്രകാരം മുടി പറ്റെ മുറിക്കുന്നവരുമുണ്ട്. അവർക്കില്ലാത്ത നാണക്കേട് എന്തിനാണു മുടി സ്വന്തം തെറ്റുകൊണ്ടല്ലാതെ നഷ്ടപ്പെടുന്നവർക്ക്. വെറുതെ പറയുക മാത്രമല്ല, തന്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു എന്നു കാണിക്കാൻ അവൾ തലയിലെ മുടി മുഴുവൻ നഷ്ടപ്പെടുത്തി.
നാലു വയസ്സേ ഉള്ളുവെങ്കിലും തന്റെ സമപ്രായക്കാർ എന്തു വിചാരിക്കും എന്നൊന്നും അവൾ ചിന്തിച്ചതേയില്ല. മുടിയില്ലാത്ത തല എത്ര സുഖകരമാണെന്നു കാണിച്ചുതരിക മാത്രമല്ല. മുത്തശ്ശി ഒറ്റയ്ക്കല്ലെന്നും ഇഷാൻവി തെളിയിച്ചു. മുത്തശ്ശിയും കൊച്ചുമകളും കാഴ്ചയ്ക്ക് ഒരുപോലെ. എല്ലാ ദിവസവും മുടിയില്ലാത്ത തലയിൽ അവർ പരിശോധന നടത്തി. പുതുതായി വളരുന്ന ഓരോ മുടിയെക്കുറിച്ചും ചർച്ച ചെയ്തു. എന്തു നിറം കൊടുക്കണമെന്ന് ഒരുമിച്ചു തീരുമാനിച്ചു.
മകൾ മുത്തശ്ശിയോടൊപ്പം ഉറച്ചുനിന്നപ്പോൾ ഞാനും ചിന്തിക്കാൻ തുടങ്ങി. കരുത്തരായ ആളുകൾ പോലും മുടി നഷ്ടപ്പെടുമ്പോൾ മുറി അടച്ചിരിക്കുന്നത് എന്തിനാണ്. എന്തിനിങ്ങനെ വ്യാകുലപ്പെടണം. അഭിമാനത്തോടെ തലയുയർത്തിത്തന്നെ നിൽക്കൂ. യുദ്ധത്തിൽ വിരോചിതമായി പോരാടി നേടിയ മുറിവാണു കഷണ്ടി എന്നുതന്നെ വിചാരിക്കൂ. അതല്ലേ സത്യം. നാലു വയസ്സുകാരി എനിക്കു പറഞ്ഞുതന്ന പാഠമാണത്. നിങ്ങൾക്കും അങ്ങനെ തോന്നുന്നില്ലേ ?