ആരോഗ്യകരമായ സ്‌നേഹബന്ധങ്ങളാണ് മറ്റെല്ലാ ബന്ധങ്ങളിലുമെന്നപോലെ ദാമ്പത്യബന്ധത്തിന്റെയും അടിസ്ഥാനം. അതില്‍ എവിടെയെങ്കിലും അറിഞ്ഞോ അറിയാതെയോ ഇടര്‍ച്ചകളും വല്ലായ്മകളും ഉണ്ടാകുന്നുണ്ടെങ്കില്‍ ആ ബന്ധത്തിൽ സ്വാഭാവികമായും വിള്ളലുണ്ടാവും. എന്നാല്‍ അത്തരമൊരു അവസ്ഥയിലേക്കെത്തുന്നതിന് മുമ്പു തന്നെ ആ ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ് എന്നതിന് ചില സൂചനകള്‍ ലഭിച്ചു തുടങ്ങും.
ദുസ്സഹമായ പെരുമാറ്റം
ദമ്പതികള്‍ രണ്ട് വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്ന് വരുന്നവരായതിനാൽ രീതികളിലും പെരുമാറ്റങ്ങളലും ചിലപ്പോൾ ആശയങ്ങളിലും വ്യത്യസ്തതയുണ്ടായെന്നു വരാം. ഒരു പരിധിവരെ അത് സഹിക്കാനോ സഹിഷ്ണുത കാണിക്കാനോ സാധിച്ചെന്നുമിരിക്കും. പക്ഷേ ചിലരുണ്ട് ഇണയുടെ മേല്‍ സര്‍വാധികാരവും ശക്തിയും പ്രയോഗിക്കും. മറ്റേ ആളുടെ മേല്‍ സര്‍വാധിപത്യത്തിന്റെ മുഴുവന്‍ ഭാരങ്ങളും എടുത്തുവയ്ക്കും. സ്വന്തമായ ഇഷ്ടങ്ങളോ അഭിപ്രായങ്ങളോ ഇണയുടെ മേല്‍ അടിച്ചേൽപ്പിക്കും. ഇത് പങ്കാളിയിലേൽപ്പിക്കുന്ന ആഘാതം വലുതായിരിക്കുമെന്ന് മനസ്സിലാക്കാതെ പോകുന്നു.
അമിതമായ സ്വാര്‍ത്ഥത
പങ്കാളി തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത അതിരു കടക്കുമ്പോള്‍ അത് ദാമ്പത്യബന്ധത്തില്‍ പോറലേൽപ്പിക്കും. ഇണ മറ്റാരെങ്കിലുമായി സംസാരിക്കുകയോ സമയം ചെലവഴിക്കുകയോ ചെയ്യുമ്പോള്‍ അത് ഇത്തരക്കാര്‍ക്ക് സഹിക്കാനാവില്ല. അതുപോലെ മൊബൈല്‍ പരിശോധിക്കുക, മെയില്‍ നോക്കുക എന്നിങ്ങനെ സ്വകാര്യതയിലേക്കെല്ലാം മാന്യതയില്ലാതെ അതിക്രമിച്ചുകയറുന്നത് ഇണയില്‍ മാനസികസംഘര്‍ഷങ്ങള്‍ ഉടലെടുക്കാന്‍ കാരണമാകും.
ഒറ്റപ്പെടല്‍
അമിതമായ സ്വാർഥതയുടെ തുടര്‍ച്ചയാണ് ഒറ്റപ്പെടല്‍. ബാഹ്യമായ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് സ്വയം ഒതുങ്ങിക്കൂടും. തന്നിലേക്ക് തന്നെ ചുരുങ്ങും. ഇത് കുടുംബബന്ധങ്ങളെ പ്രതികൂലമായി ബാധിക്കും.
പര്‍വതീകരണം
ഇണ പറഞ്ഞ ഒരു കാര്യത്തെയോ ചെയ്ത പ്രവൃത്തിയെയോ തെറ്റായി വ്യാഖ്യാനിച്ച് പര്‍വ്വതീകരിക്കുകയും അതിന്റെ പേരില്‍ പരസ്പരം ശണ്ഠ കൂടുകയും ചെയ്യുന്നത് പല ദമ്പതികളിലും കാണുന്ന പ്രവണതയാണ്. സത്യത്തില്‍ ഇണ മനപ്പൂര്‍വ്വമോ ബോധപൂര്‍വ്വമോ ചെയ്ത കാര്യമായിരിക്കില്ല അത്. എന്നിട്ടും അതിനെ തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചും വളച്ചൊടിച്ചും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും.
അവഗണന
സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ഇണയുടെ വൈകാരികമായ ആവശ്യങ്ങളെ അവഗണിക്കുകയോ ചെയ്യുന്നത് ബന്ധം ദുര്‍ബലമാക്കും.
ശാരീരികമായ പീഡനവും തുടര്‍ച്ചയായ ക്ഷമാപണവും
തുടര്‍ച്ചയായി ഇണയെ ശാരീരികമായി പീഡിപ്പിക്കുകയും തുടര്‍ച്ചയായി മാപ്പ് ചോദിക്കുകയും ചെയ്യുന്ന രീതി അനാരോഗ്യകരമാണ്. ഒരു ദേഷ്യത്തിനോ അല്ലെങ്കില്‍ ഒരു സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തിലോ ഇണയെ ശാരീരികമായി ഉപദ്രവിക്കുന്നതുപോലെയല്ല, ആവര്‍ത്തനസ്വഭാവത്തോടെയുള്ള ശാരീരികപീഡനവും തുടര്‍ന്നുള്ള പശ്ചാത്താപവും. ഒരു വ്യക്തിയാണെന്ന ചിന്ത പോലും ഇല്ലാതെയുള്ള ഇത്തരം സമീപനങ്ങള്‍ ഒരു ഇണയ്ക്കും സഹിക്കാനാവില്ല.
തുടര്‍ച്ചയായ വാഗ്വാദങ്ങളും വിയോജിപ്പുകളും
വിയോജിപ്പുകള്‍ സ്വഭാവികമാണ്.ആശയപരമായി തര്‍ക്കങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരു കാര്യത്തിലും യോജിക്കാന്‍ കഴിയാതെവരുന്നത് ഭീകരമല്ലേ.ഏതെങ്കിലും ഒരു വിഷയത്തില്‍ പോലും ഐക്യം രൂപപ്പെടാത്തതും ദുസ്സഹമല്ലേ? സ്‌നേഹിക്കാന്‍ സാധിക്കാതെ വരുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇവ.
ആകുലതകളും അരക്ഷിതാവസ്ഥയും
ഇണയുടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മൂഡ് വ്യതിയാനങ്ങളെക്കുറിച്ചുള്ള ആകുലതയും ആക്രമണോത്സുകതയും അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. ഇണയുടെ അയഥാര്‍ത്ഥമായ ആവശ്യങ്ങള്‍ സ്‌നേഹബന്ധങ്ങളെ തകര്‍ച്ചയിലേക്ക് കൊണ്ടുപോകും.
എപ്പോഴും കുറ്റപ്പെടുത്തുക
ഇണ ബോസായി മാറിക്കൊണ്ട് എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്നതും മറ്റുള്ളവരുടെ മുമ്പില്‍ വച്ചുപോലും പരുഷമായി സംസാരിക്കുന്നതും ഹൃദയവേദനയുളവാക്കും.
യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍
പരസ്പരമുള്ള ദൗര്‍ബല്യങ്ങളും ശക്തിയും മനസ്സിലാക്കേണ്ടത് ദാമ്പത്യബന്ധത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ഇണയില്‍ നിന്നുണ്ടാവാന്‍ ഇടയില്ലാത്തത് പ്രതീക്ഷിക്കരുത്.അത് നിരാശയ്ക്ക് കാരണമാകും. ഒരുതരത്തിലും കോംപ്രമൈസിന് തയ്യാറാകാതെയിരിക്കുകയും പരിപൂര്‍ണ്ണത അങ്ങേയറ്റം ആവശ്യപ്പെടുകയും ചെയ്യുന്നത് ബന്ധങ്ങളെ ശിഥിലമാക്കും.
വില കുറച്ച് കാണുക
വല്ലപ്പോഴും പങ്കാളിയെ നിരുപാധികമായി കളിയാക്കുന്നതില്‍ തെറ്റില്ല. പക്ഷേ എപ്പോഴും ഇണയ പരിഹസിക്കാനും നിന്ദിക്കാനുമാണ് ശ്രമമെങ്കില്‍ അതത്ര നല്ലതല്ല. ഇണയെ വില കുറച്ച് കാണുന്നത് ബന്ധങ്ങളെ ഒരിക്കലും ദൃഢപ്പെടുത്തുകയില്ല.
ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക
ഇണയ്ക്ക് താൽപ്പര്യമില്ലാതിരിക്കുന്ന വേളയില്‍ നിര്‍ബന്ധിച്ച് സെക്‌സിന് വിധേയമാക്കുന്നതും സെക്‌സ് ആവശ്യപ്പെടുന്നതും പരസ്പരമുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്തും.
പ്രകോപനമുണ്ടാക്കുന്ന പെരുമാറ്റം
വികാരങ്ങളെ മാനിക്കാതെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നത് പരസ്പരം ഹൃദയങ്ങളെ തമ്മില്‍ അകറ്റും.
വ്യവസ്ഥകളോടെയുള്ള സ്‌നേഹം
അത് ചെയ്തുതന്നാല്‍ ഞാന്‍ സ്‌നേഹിക്കാം..ഇത് വാങ്ങിത്തന്നാല്‍ സ്‌നേഹിക്കാം എന്ന മട്ടിലുള്ള ചില ഉടമ്പടികള്‍ ദമ്പതികള്‍ പരസ്പരം വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ ആ ബന്ധവും ശാശ്വതമല്ല. കാരണം ദാമ്പത്യബന്ധം ഒരിക്കലും വ്യവസ്ഥകള്‍ക്കനുസരിച്ച് സ്‌നേഹിക്കാനുള്ള ഇടമല്ല. അവിടെ നിരുപാധികമായിരിക്കണം സ്‌നേഹം.. അങ്ങനെയുള്ള സനേഹം കൊണ്ട് മാത്രമേ പങ്കാളിയുടെ മനസ്സിലേക്ക് കടക്കാന്‍ കഴിയുകയുള്ളൂ.