ആഗോളതലത്തില്‍ തല്‍സമയം ടെലിവിഷനില്‍ 190 കോടി ആളുകള്‍ കണ്ട ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം ഇന്ത്യക്കാരായ ദമ്പതികള്‍ക്കും സമ്മാനിച്ചതു സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷം. രാജകീയ വിവാഹങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പാരമ്പര്യം നിലനിര്‍ത്തിയ മുംബൈയില്‍നിന്നുള്ള ദമ്പതികള്‍ ഇംഗ്ലണ്ടിൽ നേരിട്ടുചെന്നുതന്നെ വിവാഹാഘോഷത്തിന്റെ ഭാഗമായി.
38 വയസ്സുകാരിയായ ബിയാങ്കയും ഭര്‍ത്താവ് അലനും 10 വയസ്സുകാരന്‍ മകനുമാണ് രാജകീയ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍നിന്നു ലണ്ടനിലേക്കു പറന്നത്. 37 വര്‍ഷം മുമ്പു തുടങ്ങിയ ഒരു ആചാരം നിലനിര്‍ത്താനായിരുന്നു ദമ്പതികളുടെ യാത്ര.
അന്ന് എന്റെ ഭര്‍ത്താവിന് രണ്ടു വയസ്സ്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ മകനെയും കൂട്ടി അന്ന് ഇംഗ്ലണ്ടിലേക്കു പറന്നു ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍. 1981-ല്‍. രാജകുടുംബത്തോടുള്ള ആരാധനയുടെ രക്തം പുതിയ തലമുറയിലും ഒഴുകുന്നുണ്ടെന്നാണു ഞങ്ങളുടെ വിശ്വാസം. അതുകൊണ്ടാണ് പതിവുതെറ്റിക്കാതെ ഇപ്പോഴത്തെ യാത്ര-ആവേശത്തോടെ ബായാങ്ക പറയുന്നു.
രാജകീയ വിവാഹത്തിന്റെ ചടങ്ങുകളെക്കുറിച്ചും വിവാഹഘോഷയാത്രയെക്കുറിച്ചും മറ്റും ഒട്ടേറെ വിവരങ്ങള്‍ പങ്കുവയ്ക്കാനുണ്ട് ഈ കുടുംബത്തിന്. മുമ്പ് 2011 ല്‍ ബ്രിട്ടിഷ് രാജകുടുംബത്തില്‍ നടന്ന വിവാഹത്തില്‍ ഈ ദമ്പതികള്‍ക്കു പങ്കെടുക്കാനായില്ല. ജോലിത്തിരക്കുകള്‍ മൂലമാണ് വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാകാതെപോയത്. അന്നേ തീരുമാനിച്ചിരുന്നു ഇനി അടുത്തുവരുന്ന രാജകീയവിവാഹത്തില്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന്. ഇപ്പോള്‍ അവസരം ഒത്തുവന്നു.
ജീവിതത്തില്‍ ഒരിക്കലേ ഇങ്ങനെയൊരു അവസരം ലഭിക്കൂ. എല്ലാ വിവാഹങ്ങളിലും പങ്കെടുക്കാനാകണമെന്നില്ല. ഞങ്ങളുടെ മകനും ഇത് അവിസ്മരണീയമായ ഒരു അനുഭവമാകട്ടെ എന്നു ഞങ്ങള്‍ കരുതി- ബിയാങ്ക പറയുന്നു. വിന്‍ഡ്സറില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴേ കുടുംബം ബ്രിട്ടനിലെത്തി. രാജകീയ വിവാഹത്തിന്റെ സുവനീറുകളും കരസ്ഥമാക്കി. ഹാരിയും മേഗനും വിവാഹിതരായ ചാപ്പലിലും മുംബൈ ദമ്പതികള്‍ കൈകോര്‍ത്തു നടന്നു.
പ്രഫഷണല്‍ മേക് അപ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന ബിയാങ്കയ്ക്ക് മേഗന്റെ വിവാഹവസ്ത്രത്തെക്കുറിച്ചും തികഞ്ഞ മതിപ്പ്. ഒരേ സമയം ലാളിത്യവും ആഡംബരവും തോന്നിക്കുന്നതായിരുന്നു മേഗന്റെ വസ്ത്രം. ഒറ്റ കാഴ്ചയില്‍ മനസ്സില്‍ ഉടക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം അവിസ്മരണീയ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് 10 വയസ്സുകാരന്‍ ഹെയ്ഡന്‍. വിന്‍ഡ്സര്‍ കൊട്ടാരത്തിലേക്കു കടന്നപ്പോള്‍ അവന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു: ഞാന്‍ രാജകുമാരിയെ കാണാന്‍ പോകുകയാണല്ലോ എന്ന്....ബിയാങ്ക പറയുന്നു.
അടുത്ത രാജകീയ വിവാഹത്തിലും പങ്കെടുക്കില്ലേ എന്ന ചോദ്യത്തിനു ബിയങ്കയുടെ മറുപടി: അതിനു സാധിക്കുമെന്നു തോന്നുന്നില്ല. ജോര്‍ജ് രാജകുമാരന്റെ വിവാഹത്തിന് തീര്‍ച്ചയായും പങ്കെടുക്കണമെന്ന് മകന്‍ ഹെയ്ഡനോടു ഞാന്‍ ഇപ്പോഴേ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തില്‍ ആരെങ്കിലും തീര്‍ച്ചയായും അന്നുമിവിടെ ഉണ്ടായിരിക്കും. വന്നല്ലേ പറ്റൂ. വരാതിരിക്കാനാവില്ലല്ലോ.....