ശ്രീദേവിയുടെ മരണം ഇപ്പോഴും ആരാധകർക്ക് വിശ്വസിക്കാനായിട്ടില്ല. അമ്മയുടെ മരണമുണ്ടാക്കിയ നടുക്കത്തിൽ നിന്ന് ജാൻവിയും ഖുശിയും ഇപ്പോഴും മുക്തരായിട്ടുമില്ല. നല്ലപാതിയുടെ അപ്രതീക്ഷിത മരണം ബോണി കപൂറും അതിജീവിച്ചിട്ടില്ല. അമ്മയുടെ മരണം കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ചും ജൂലൈയിൽ പുറത്തിറങ്ങാൻ പോകുന്ന ആദ്യ ചിത്രത്തെക്കുറിച്ചും ഒരു പ്രമുഖ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ മനസ്സു തുറക്കുകയാണ് ജാൻവി.
തന്റെ ആദ്യ ചിത്രത്തിന്റെ ഫൂട്ടേജ് കണ്ടതിനു ശേഷം അമ്മ തനിക്കു ചില ഉപദേശങ്ങൾ നൽകിയതായും ദുബായിൽ നടക്കുന്ന വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനു മുൻപായിരുന്നു അതെന്നും ജാൻവി ഓർക്കുന്നു. കന്നിച്ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനാൽ തനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ജാൻവി പറയുന്നു.
'പോകാനുള്ള വസ്ത്രങ്ങളൊക്കെ അടുക്കി വെയ്ക്കുകായിരുന്നു അമ്മ അപ്പോഴാണ്.എനിക്കുറങ്ങാൻ കഴിയുന്നില്ലെന്നും അമ്മ ഉറക്കിത്തരണമെന്നും പറഞ്ഞുകൊണ്ട് ഞാൻ അമ്മയെ വിളിക്കുന്നത്. വസ്ത്രങ്ങളൊക്കെ അടുക്കി അമ്മ വന്നപ്പോഴേക്കും ഞാൻ പാതിയുറക്കത്തിലായിരുന്നു. എന്നിട്ടും അമ്മ എന്റെ തലയിൽ പതുക്കെ തടവിക്കൊണ്ടിരുന്നു. എനിക്ക് എല്ലാക്കാര്യത്തിനും അമ്മ വേണം. ഖുശി സ്വയം പര്യാപ്തയാണെന്നും അമ്മ പറയുമായിരുന്നു.
ആക്റ്റിങ് എന്ന പ്രഫഷൻ ഞാൻ തിരഞ്ഞെടുക്കുന്നതിനോട് അമ്മയ്ക്ക് തീരെ താൽപ്പര്യമില്ലായിരുന്നു. ഖുശി സിനിമയിൽ വരണമെന്നാണ് അമ്മ ആഗ്രഹിച്ചിരുന്നത്. തിരക്കു പിടിച്ച അഭിനയ ജീവിതത്തിനിടെ ബാല്യവും കൗമാരവും യൗവനവും നഷ്ടപ്പെട്ട അമ്മ ഞങ്ങൾ മക്കൾക്കു വേണ്ടി ആഗ്രഹിച്ചത് റിലാക്സ്ഡ് ആയുള്ള ഒരു ജീവിതമാണ്. സ്വയം പര്യാപ്തയായ ഖുശിക്ക് ഏതു സാഹചര്യത്തിലും റിലാക്സ്ഡ് ആയിരിക്കാൻ കഴിയും എന്നതുകൊണ്ടാണ് അവൾ സിനിമയിൽ വരണമെന്ന് അമ്മ ആഗ്രഹിച്ചത്.
അമ്മയുടെ മരണത്തിൽ നിന്ന് കപൂർ കുടുംബം ഇതുവരെ പൂർണ്ണമായും മുക്തരായിട്ടില്ല. ഇനി അങ്ങനെയൊരിക്കലും സംഭവിക്കുമെന്നും കരുതാനാവില്ല. ഇപ്പോൾ എനിക്ക് അമ്മയുടെ സ്നേഹവും കരുതലും തരുന്നത് ഖുശിയാണ്. ചിലപ്പോഴൊക്കെ അവളെന്നെ ഉറക്കാറുണ്ട് ജാൻവി പറയുന്നു. അച്ഛനമ്മമാരെക്കുറിച്ചോർത്ത് തനിക്കെന്നും അഭിമാനമേയുള്ളൂവെന്നും അവരും തന്നെക്കുറിച്ച് അഭിമാനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാഗസിനു വേണ്ടി തന്നെ ഇൻറർവ്യൂ ചെയ്ത കരൺ ജോഹറിനോട് ജാൻവി പറഞ്ഞു'.
ഫെബ്രുവരി 22 നാണ് ദുബായിലെ ഹോട്ടലിലെ ബാത്ടബിൽ വീണു മരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനൊടുവിൽ മൂന്നുദിവസത്തിനു ശേഷമാണ് ശ്രീദേവിയുടെ ഭൗതികശരീരം വിട്ടുകിട്ടിയത്. മുംബൈയിൽ പൊതുദർശനത്തിനു വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. മരണശേഷം മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു. ഭർത്താവ് ബോണികപൂറും മക്കൾ ജാൻവിയും ഖുശിയും ചേർന്നാണ് അവാർഡ് ഏറ്റു വാങ്ങിയത്.