രൺബീർ–ആലിയ ഡേറ്റിങ് വാർത്തകൾ പുറത്തു വരുന്നതിനു മുമ്പായിരുന്നെങ്കിൽ പാപ്പരാസികൾ ആ കമന്റിന് അത്രയൊന്നും പ്രാധാന്യം കൊടിക്കില്ലായിരുന്നു. ഇതിപ്പോൾ രൺബീർ തന്നെ ആലിയയുമായി പ്രണയത്തിലാണെന്ന രഹസ്യം വെളിപ്പെടുത്തിയതിനെത്തുടർന്ന് രൺബീറിന്റെ കുടംബവും ഈ ബന്ധത്തിന് പച്ചക്കൊടി കാട്ടിയെന്ന നിഗനത്തിലെത്തിയിരിക്കുകയാണ് അവർ.
തന്റെ ഓമനപ്പൂച്ചയോടപ്പമുള്ള ചിത്രം ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനു പുറകേയാണ് ആലിയയുടെ ഭാവി അമ്മായിയമ്മയും രൺബീറിന്റെ അമ്മയുമായ നീതു കപൂർ ആ ചിത്രത്തിനു താഴെ കമന്റുമായെത്തിയത്.നീതുവിന്റെ കമന്റിന് ആലിയ മറുപടിയും നൽകിയിട്ടുണ്ട്. ഇമോജികളിലൂടെയാണ് ഇരുവരും സംവദിച്ചത്. ബന്ധുക്കളാകുന്നതിനേക്കാൾ മുൻപ് ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും സമൂഹമാധ്യമങ്ങളിൽ ഇരുവരും വളരെ സജീവമായി പരസ്പരം പിന്തുടരുന്നുണ്ടെന്നുമാണ് ആരാധകരുടെ പക്ഷം.
തന്റെ ഇരുപത്തഞ്ചാം പിറന്നാൾ ആഘോഷത്തിൽ ബ്രഹ്മാസ്ത്രയുടെ സംവിധായകൻ അയൻ മുഖർജിയ്ക്കും നീതു കപൂറിനുമൊപ്പമെടുത്ത ചിത്രങ്ങളും ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ രൺബീറിന്റെ മുൻപ്രണയ ബന്ധങ്ങളിലെ നായികമാരായ ദീപിക പദുക്കോണുമായും കത്രീന കൈഫുമായും നീതുവിന് നല്ല സൗഹൃദമുണ്ടായിരുന്നുവെന്ന് ഓർമ്മപ്പെടുത്തുകയാണ് ദോഷൈകദൃക്കുകൾ. എന്നാൽ ആലിയയുമായുള്ള പ്രണയത്തെപ്പറ്റി രൺബീർ തുറന്നു പറഞ്ഞ സ്ഥിതിക്ക് ഈ ബന്ധം പഴയ പ്രണയബന്ധങ്ങൾ പോലെ പരാജയപ്പെടില്ല എന്ന വിശ്വാസത്തിലാണ് ആരാധകർ.
ആലിയ ഭട്ടുമായി ഡേറ്റിങിലാണോ എന്ന ചോദ്യത്തിന് രൺബീർ മറുപടി പറഞ്ഞതിങ്ങനെ:-
താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും രൺബീർ ഉത്തരമായി പറഞ്ഞു. ‘അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആൾ. അവളുടെ സിനിമകൾ കാണുമ്പോൾ അഭിനയം കാണുമ്പോൾ കൂടാതെ ജീവിതത്തിലെ അവളുടെ പെരുമാറ്റം, അതിലൂടെ അവൾ നൽകുന്നത് ഞാൻ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങൾക്ക് ഇതൊരു പുതിയ അനുഭവമാണ്’.
‘ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആൾ. പുതിയ താളങ്ങൾ. ജീവിതത്തിൽ കുറച്ചുകൂടി പക്വത വന്നതുപോലെ എനിക്ക് തോന്നുന്നു. ബന്ധങ്ങൾക്ക് കൂടുതൽ വിശ്വാസ്യത കൽപ്പിക്കുന്നു'.–രൺബീർ പറഞ്ഞു.
ഇതാദ്യമായാണ് ആലിയയുമായുള്ള പ്രണയബന്ധം രൺബീർ തുറന്നുപറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം ആരെന്ന് ഈയിടെ ആലിയയോട് ചോദിച്ചപ്പോൾ ‘രൺബീർ കപൂർ’ എന്നായിരുന്നു നടിയുടെ ഉത്തരം. എന്നാൽ പ്രണയബന്ധത്തെപ്പറ്റി നടി തുറന്നുപറഞ്ഞിരുന്നില്ല.
സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് 25വയസ്സുകാരിയായ ആലിയ ഭട്ട്. നടൻ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രൺബീർ. കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രൺബീർ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ ആകട്ടെ സിദ്ധാർത്ഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വർഷം ആദ്യമാണ് വേർപിരിഞ്ഞത്.