സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് വെറുതെ ഗോസിപ്പുകൾ പടച്ചു വിടാൻ മിടുക്കരാണ് പാപ്പരാസികൾ. അവർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയം ബച്ചൻ കുടുംബത്തിലെ സ്വരച്ചേർച്ചയില്ലായ്മയെപ്പറ്റിയാണ്.
എന്നാൽ ഒരൊറ്റ ചിത്രം കൊണ്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ. സന്തുഷ്ടമായ കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് അമിതാഭ് ബച്ചനും ജയാബച്ചനും വിവാഹവാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് താരം. അമിതാഭ് ബച്ചനെയും ജയാബച്ചനെയും ചേർത്തു പിടിച്ചുകൊണ്ട് ഐശ്വര്യ നിൽക്കുന്ന ചിത്രത്തിൽ ഐശ്വര്യയുടെയും അഭിഷേകിന്റെയും മകൾ ആരാധ്യയും ശ്വേതയുടെ മകൻ അഗസ്ത്യയും ഉണ്ടായിരുന്നു.
ബിഗ്ബിയും ജയാബച്ചനും തങ്ങളുടെ 45–ാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് സ്നേഹം തുളുമ്പുന്ന കുടംബചിത്രം ആഷ് പങ്കുവെച്ചത്. ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ തുടങ്ങിയത് അടുത്തിടെയാണ്. താരം പങ്കുവെച്ച കുടുംബചിത്രം ആരാധകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
അമിതാഭ് ബച്ചനും ജയാബച്ചനും വിവാഹവാർഷിക ആശംസകൾ നേർന്നുകൊണ്ട് ഐശ്വര്യ കുറിച്ചതിങ്ങനെ ; 'വിവാഹദിനാശംസകൾ മാ ആൻഡ് പാ. സ്നേഹവും ആരോഗ്യവും സന്തോഷവും നൽകി ദൈവം എല്ലായ്പ്പോഴും അനുഗ്രഹിക്കട്ടെ'.
കുടുംബചിത്രത്തിലില്ലെങ്കിലും അച്ഛനും അമ്മയ്ക്കും വിവാഹവാർഷിക ആശംസകൾ നേരാൻ അഭിഷേക് മറന്നില്ല. അച്ഛന്റെയും അമ്മയുടെയും ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിഷേക് ആശംസകൾ നേർന്നത്. 'ഈ ചിരിയും പ്രണയവും അടുത്ത നാൽപ്പത്തിയഞ്ചു വർഷങ്ങളിലും തുടരാൻ സാധിക്കെട്ടെയെന്നും നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു മാ ആൻഡ് പാ' എന്നു പറഞ്ഞുകൊണ്ടാണ് അഭിഷേക് ആശംസിച്ചത്.
1973 ലാണ് അമിതാഭ് ബച്ചനും ജയയും വിവാഹിതരായത്. ബി ടൗണിൽ താരങ്ങളായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇവരുടെ വിവാഹം. ശ്വേതാബച്ചനും അഭിഷേക് ബച്ചനുമാണ് ഇവരുടെ മക്കൾ.