Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രതീക്ഷിതമായി അമ്മായി അമ്മ പ്രത്യക്ഷപ്പെട്ടാൽ; രസികൻ വിഡിയോയുമായി സേവാഗ്

mother-in-law-fear ചിത്രത്തിന് കടപ്പാട്: ട്വിറ്റർ.

വിവാഹത്തിനു മുമ്പ് അമ്മമാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തവർ പോലും വിവാഹശേഷം അൽപ്പം ഭയത്തോടെ നോക്കിക്കാണുന്നവരാണ് അമ്മായിയമ്മമാർ. പലപ്പോഴും മരുമക്കളുടെ ചില കുസൃതികളും കുട്ടിക്കളികളുമൊന്നും അവർക്കത്ര പിടിച്ചുവെന്നും വരില്ല. അമ്മായിയമ്മമാരുടെ അസാന്നിധ്യത്തിൽ കുടുംബത്തിൽ രാജാക്കന്മാരും റാണിമാരുമായി വിലസുന്നവർ അമ്മായിയമ്മയുടെ വരവോടെ പൂച്ചക്കുട്ടികളെപ്പോലെ ഒതുങ്ങിക്കൂടുന്നതും ചില കുടുംബങ്ങളിൽ പതിവാണ്.

അമ്മായിയമ്മപ്പേടിയെക്കുറിച്ചുള്ള രസികൾ വിഡിയോയാണ് വീരേന്ദർ സേവാഗ് ട്വിറ്ററിൽ ആരാധകർക്കായി പങ്കുവെച്ചത്. അമ്മായി അമ്മയുടെ അസാന്നിധ്യത്തിൽ ഭർത്താവിനെക്കൊണ്ട് പെഡ്യക്യൂർ ചെയ്യിക്കുന്ന ഭാര്യയാണ് വിഡിയോയുടെ തുടക്കത്തിൽ എന്നാൽ അപ്രതീക്ഷിതമായി ആ രംഗത്തേക്ക് അമ്മായിയമ്മ കടന്നു വന്നപ്പോൾ പെട്ടന്ന് ഭർത്താവിനെ പരിചരിക്കുന്നവളായി ഭാര്യമാറി.

അത്രയും നേരം ഭാര്യ കാൽമുക്കിവെച്ച പാത്രത്തിലെ വെള്ളം ഭർത്താവിന്റെ തലയിലേക്കൊഴിച്ചാണ് ഉത്തമയായ ഭാര്യയുടെ കടമ ആ യുവതി നിർവഹിച്ചത്. ഭാര്യയ്ക്ക് വെള്ളമൊഴിച്ചുകൊടുക്കാൻ തലനീട്ടുന്ന അനുസരണാശീലമുള്ള ഭർത്താവിനെയും വിഡിയോയിൽ കാണാം. രസകരമായ വിഡിയോ പങ്കുവെച്ച സേവാഗിനോട് സ്വന്തം കുടുംബത്തിലെ അവസ്ഥ ഇങ്ങനെയാണോയെന്ന കുസൃതിച്ചോദ്യം ചോദിക്കാനും ആരാധകർ മറന്നില്ല.

രസികൻ വിഡിയോയാണെന്ന്  അഭിപ്രായപ്പെട്ട പലരും തങ്ങളുടെ അമ്മായിയമ്മ പേടിയെപ്പറ്റി തുറന്നു പറയാനും ഈ സന്ദർഭം ഉപയോഗിച്ചു.