വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാളിന് ഭാവനയ്ക്ക് ആശംസകളേകാൻ മത്സരിക്കുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. കുട്ടിക്കാലചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹൃദയ സ്പർശിയായ വാക്കുകളലൂടെ ഭാവനയുടെ സഹോദരൻ താരത്തിന് ആശംസകൾ നേർന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും കൂട്ടുകാരിയുടെ വിവാഹശേഷമുള്ള ആദ്യപിറന്നാളിന് ആശംസകളറിയിക്കാൻ മറന്നില്ല.
നവീനുമായുള്ള വിവാഹശേഷം ഭാവന അഭിനയത്തിലേക്ക് തിരിച്ചു വരുമോ എന്നായിരുന്നു വിവാഹവാർത്ത പുറത്തു വന്ന സമയത്ത് ആരാധകരുടെ പ്രധാന സംശയം. എന്നാൽ വിവാഹശേഷവും അഭിനയം തുടരുമെന്നും നവീൻ സിനിമാ മേഖലയിൽ നിന്നുള്ള ആളായതിനാൽ വിവാഹത്തിനു ശേഷം താൻ അഭിനയിക്കുന്നതിൽ എതിർപ്പുള്ള ആളല്ല അദ്ദേഹമെന്നും ഭാവന വിവാഹത്തിനു മുമ്പു തന്നെ വെളിപ്പെടുത്തിയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്ന കാലത്തായിരുന്നു താരത്തിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില ദുരന്തങ്ങളുണ്ടായത്. എന്നാൽ അത്തരം പ്രതിസന്ധികളെയൊക്കെ ആത്മവിശ്വാസം കൊണ്ടു തോൽപ്പിച്ചാണ് ഭാവന ജീവിതത്തിലെ സന്തോഷങ്ങളെ തിരികെപ്പിടിച്ചത്. പ്രിയപ്പെട്ട നടി എന്നതിലുപരിയായി ബോൾഡ് ആയ വ്യക്തിത്വത്തിനുടമ എന്ന നിലയിലും ഏറെ ആരാധകരുണ്ട് ഭാവനയ്ക്ക്.വിവാഹശേഷം അവാർഡ് നിശകളിലും മറ്റും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ.