പെണ്ണുകാണലിന്റെ അന്ന് പെണ്ണിനെ ചെക്കൻ 'വീഴ്ത്തി'യതിങ്ങനെ

സമൂഹ മാധ്യമങ്ങളുടെ വരവ് ജീവിതത്തിന്റെ എല്ലാ മേഖലകളെയും മാറ്റിമറിച്ചുവെങ്കിലും പ്രകടമായ മാറ്റം ദൃശ്യമാകുന്ന മേഖലകളിലൊന്നാണു കേരളത്തിലെ വിവാഹം. പെണ്ണുകാണലും വിവാഹ ഒരുക്കങ്ങളും തുടങ്ങി വിവാഹദിനത്തിൽവരെ ദൃശ്യമാകുന്നത് അപ്രതീക്ഷിത മാറ്റങ്ങൾ.

പുതിയ സമീപനങ്ങൾ. ഇന്നലെവരെ സങ്കൽപിക്കാൻ പോലുമാകാത്ത വിപ്ലവങ്ങൾ. മരത്തിന്റെ കൊമ്പിൽനിന്നു തലകീഴായി കിടന്ന് വധൂവരൻമാരുടെ ചിത്രം പകർത്തുന്ന ഒരു ഫൊട്ടോഗ്രാഫറുടെ കഥയും ചിത്രവും അടുത്തിടെ വൈറലായിരുന്നു. 

വിവാഹം ഉറപ്പിച്ചാൽ പിന്നെ ക്ഷണക്കത്തു തയ്യാറാക്കുകയാണ് ആദ്യപടി. വിവാഹത്തീയതി മറന്നുപോകരുതെന്ന അപേക്ഷയുമായി ചിത്രീകരിക്കുന്ന വീഡിയോകളാണു പുതിയ ട്രെൻഡ്. വധൂവരൻമാരുടെ വീട്ടിൽനിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ ഉൾപ്പെടുത്തിയായിരിക്കും സേവ് ദ് ഡേറ്റ് വീഡിയോകൾ വരുന്നത്. ഇപ്പോഴിതാ മറ്റൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു. 

ലക്ഷ്മിയും അനുരാജുമാണ് പുതിയ വീഡിയോയിലെ നായികാ നായകൻമാർ. ഇരുവരുടെയും പെണ്ണുകാണലിൽനിന്നുള്ള ഒരു രംഗമാണ് അവർ വീഡിയോയിൽ പുനഃസൃഷ്ടിച്ചിരിക്കുന്നത്. സംവിധാനം അരുൺസോൾ. ചിത്രീകരണം ആൻ പ്രഭാത്. രണ്ടുമിനിറ്റും 35 സെക്കൻഡും ദൈർഘ്യമുള്ള മലയാളത്തിലുള്ള വിഡിയോ ലക്ഷ്മി എങ്ങനെ അനുരാജിനെ ഇഷ്ടപ്പെട്ടു എന്നാണു പറയുന്നത്. അഥവാ ലക്ഷ്മിയെ അനുരാജ് എങ്ങനെ ‘വീഴ്ത്തിയെന്ന്’.