മുംബൈയിലെ നൂറ്റാണ്ടു പഴക്കമുള്ള സിദ്ധിവിനായക ക്ഷേത്രം രണ്ടു മാസം മുമ്പ് മുകേഷ് അംബാനിയുടെ കുടുംബം സന്ദർശിച്ചിരുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയായിരുന്നു അപ്പോൾ.
മോതിരം മാറൽ ചടങ്ങ് പ്രഖ്യാപിക്കാനും അനുഗ്രഹം നേടാനുമായിരുന്നു അന്ന് അംബാനി കുടുംബത്തിന്റെ ക്ഷേത്രസന്ദർശനം. ഇക്കഴിഞ്ഞ ദിവസം നിത അംബാനി സിദ്ധിവിനായക ക്ഷേത്രത്തിൽ വീണ്ടുമെത്തി. ഇളയ മകൻ ആനന്ദ് അംബാനിയോടൊപ്പം. ആകാശിന്റെ വിവാഹ നിശ്ചയത്തിന്റെ ക്ഷണക്കത്ത് ക്ഷേത്രത്തിൽ സമർപ്പിക്കാനായിരുന്നു ഇത്തവണത്തെ സന്ദർശനം.
ജൂൺ 30–നാണ് ഔദ്യോഗിക വിവാഹ നിശ്ചയ ചടങ്ങ്. പ്രശസ്തമായ ഒരു ബോളിവുഡ് ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരുനിമിഷം നീളുന്ന വീഡിയോയിലൂടെയാണ് നിശ്ചയ ചടങ്ങ് അംബാനി കുടുംബം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശിന്റെ വിവാഹനിശ്ചയം ഗോവയിൽ വച്ചാണു നടന്നത്.
ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ സഹപാഠിയായിരുന്ന ശ്ലോകയാണ് ആകാശിന്റെ വധു. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണു ശ്ലോക.ഗോവയിലെ പഞ്ചനക്ഷത്ര റിസോർട്ടിൽ നടത്തിയ വിരുന്നിലാണു വിവാഹം ഉറപ്പിച്ചത്. ഡിസംബർ എട്ടിനും പന്ത്രണ്ടിനുമിടയിലാകും മുംബൈയിലെ വിവാഹാഘോഷ ചടങ്ങുകളെന്നാണു സൂചന.
റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോയുടെ ബോർഡ് അംഗമാണ് ആകാശ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ ശ്ലോക റോസി ബ്ലൂ ഫൗണ്ടേഷൻ ഡയറക്ടറാണ്.