Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

23–ാം വിവാഹ വാർഷികം ആഘോഷിച്ച് ഡൗൺസിൻഡ്രോം ബാധിതരായ ദമ്പതികൾ

maryanne-and-tommy ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

സ്‌നേഹം എല്ലാം സാധ്യമാക്കുന്നു എന്നത്  വെറുതെയൊരു പ്രസ്താവനയല്ല അത് യാഥാർഥ്യം തന്നെയാണ്. സ്‌നേഹത്തിന് മുമ്പില്‍ പ്രതിബന്ധങ്ങള്‍ അവസാനിക്കും, ഭൗതികമായി മറ്റെന്തെല്ലാം ഉണ്ടെങ്കിലും സനേഹമില്ലെങ്കില്‍ അവിടെ ഒന്നും  ഉണ്ടായിരിക്കുകയില്ല. സ്‌നേഹം എല്ലാത്തിനെയും അതിശയിക്കുന്ന അദ്ഭുതമാണ്.

മരിയന്നയുടെയും ടോമി പില്ലിങിന്റെയും 23 വര്‍ഷം പിന്നിട്ട ദാമ്പത്യം നമ്മോട് പറയുന്നത് ഇക്കാര്യങ്ങളാണ്. ലോകത്തിലെ ആദ്യത്തെ ഡൗണ്‍ സിന്‍ഡ്രോം ദമ്പതികളാണ് ഇവര്‍. 23 വര്‍ഷം മുമ്പ് വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ നാനാഭാഗത്തുനിന്നും ഇവര്‍ നേരിട്ട വെല്ലുവിളികളും എതിര്‍പ്പുകളും നിസ്സാരമായിരുന്നില്ല. കാരണം ഡൗണ്‍ സിന്‍ഡ്രോം വ്യക്തികള്‍ക്ക് വിവാഹിതരാകാനോ ഒരുമിച്ച് ജീവിക്കാനോ കഴിയില്ല എന്നായിരുന്നു അവരുടെ വാദങ്ങള്‍. ഇനി വിവാഹം കഴിച്ചാല്‍ തന്നെ അത് നീണ്ടുപോകില്ലെന്നായിരുന്നു അവരുടെ വിധിയെഴുത്തും. 

അതെല്ലാം കാറ്റില്‍ പറത്തിയാണ് മരിയന്നയും ടോമിയും ഈ വര്‍ഷം 23–ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ തയാറെടുപ്പുകള്‍ നടത്തുന്നത് 24 വര്‍ഷം മുമ്പ് ഒരു അടുക്കളയില്‍ വച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. പ്രഥമദര്‍ശനത്താല്‍ തന്നെ അവര്‍ പ്രണയത്തിലായി. ജീവിതത്തില്‍ അതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സന്തോഷംആ നിമിഷങ്ങളില്‍ അനുഭവിച്ചുവെന്നാണ് മരിയന്ന ആദ്യസമാഗമ നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. 

അദ്ദേഹം സുന്ദരനും മാന്യനുമാണെന്ന് എനിക്ക്‌ തോന്നി. മരിയന്ന പറയുന്നു. എങ്കിലും 18 മാസം നീണ്ട ഡേറ്റിങിന് ശേഷമാണ് ടോമി വിവാഹാഭ്യര്‍ഥന നടത്തുന്നത്. മരിയന്നയ്ക്കാകട്ടെ 13 വയസ് ഇളപ്പമുണ്ടായിരുന്നു. അഭ്യർഥന നടത്തിയെങ്കിലും വിവാഹാവസരത്തില്‍ അണിയിക്കാനുള്ള മോതിരം വാങ്ങാന്‍ പോലുമുളള കാശ് തന്റെ കൈയില്‍ ഇല്ലായിരുന്നുവെന്ന് ടോമി. ഒടുവില്‍ മരിയന്നയുടെ  അമ്മ തന്നെയാണ് മോതിരം വാങ്ങിനൽകിയത്. അങ്ങനെ ഇംഗ്ലണ്ടിലെ സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് അവര്‍ വിവാഹിതരായി.

മരിയന്നയുടെ കുടുംബം മാത്രമേ ഈ വിവാഹത്തെ അനുകൂലിച്ചിരുന്നുള്ളൂ. അവരുടെ പിന്തുണ നവദമ്പതികള്‍ക്ക് വലിയ ആശ്വാസമായി. ടോമിയെ സ്വന്തം കുടുംബാംഗമായി അംഗീകരിക്കാനോ സ്‌നേഹിക്കാനോ അവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരുന്നുമില്ല. ആരോഗ്യവും സമ്പത്തും സൗന്ദര്യവുമുള്ള ദമ്പതികള്‍ പോലും ഒരു വര്‍ഷം എത്തുന്നതിന് മുമ്പേ  വിവാഹമോചിതരാകുമ്പോള്‍ 23 വര്‍ഷം ഈ ദമ്പതികള്‍ക്കെങ്ങനെ സന്തോഷത്തോടും സംതൃപ്തിയോടും കൂടി ജീവിക്കാന്‍ കഴിയുന്നു എന്നു ചോദിക്കുന്നവർക്കുള്ള മറുപടി മരിയന്നയുടെ സഹോദരിയാണ് പറയുന്നത്. അവര്‍ക്കിടയില്‍ ഹിഡന്‍ അജന്‍ഡകളൊന്നും ഇല്ല. പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണാത്മാവോടും കൂടി അവര്‍ പരസ്പരം സ്‌നേഹിക്കുന്നു.  ഈ ദാമ്പത്യത്തിന്റെ രഹസ്യം ഇതല്ലാതെ മറ്റൊന്നുമല്ല.

അതെ കണ്ടുപഠിക്കാന്‍ നമുക്കേറെയുണ്ട് ഈ ദമ്പതികളില്‍ നിന്ന്..സ്‌നേഹത്തിന്റെ കുറവാണ് ദാമ്പത്യത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നാം തിരിച്ചറിയുന്നതും ഇത്തരം ചില ദമ്പതികളെ കണ്ടുമുട്ടുകയും അവരെക്കുറിച്ച് അറിയുകയും ചെയ്യുമ്പോള്‍ മാത്രമാണ്.