സ്വന്തം പങ്കാളിയുമൊത്തുള്ള ചിത്രങ്ങളും ദിവസേനയുള്ള ചെറിയ ചെറിയ കാര്യങ്ങളും വരെ നിരന്തരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നവരെ നമ്മൾ കാണാറുണ്ട്. അതുകണ്ട് ഇത്തിരി ഓവറല്ലേ എന്ന് പലപ്പോഴും ചിന്തിച്ചു പോകാറുമുണ്ട്‍. സ്വന്തം ജീവിതം ആഘോഷപൂര്‍ണ്ണമാണെന്ന് എല്ലാവരെയും അറിയിക്കാനുള്ള ഇവരുടെ താല്‍പ്പര്യത്തിന് പിന്നിലെ കാരണം അത്ര സന്തോഷകരമല്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വന്തം ജീവിതത്തിലും പങ്കാളിയും ഒത്തുള്ള ബന്ധത്തിലും ഉള്ള അരക്ഷിതാവസ്ഥയാണ് ഇവരെ സമൂഹമാധ്യമങ്ങളിൽ സജീവമാക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മറ്റുള്ളവരുടെ അംഗീകാരത്തിലൂടെ മാത്രം സ്വന്തം ജീവിതത്തിന് വില കല്‍പ്പിക്കുന്നവരാണ് ഇത്തരക്കാർ.
റിലേഷന്‍ഷിപ് വിസിബിലിറ്റി എന്നാണ് ഗവേഷകര്‍ ഇവരുടെ ശ്രമങ്ങളെ വിശേഷിപ്പിക്കുന്നത്. സ്വന്തം പങ്കാളിയോടൊത്തുള്ള ജീവിതത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ എപ്പോഴും സജീവമാക്കി നിര്‍ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. തങ്ങളുടെ ജീവിതം ആഘോഷപൂര്‍ണ്ണമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിലാണ് ഇവര്‍. പങ്കാളിയിലുള്ള വിശ്വാസക്കുറവോ ഒരുമിച്ചുള്ള ജീവിതത്തില്‍ ഇവര്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയോ ആകാം ഇങ്ങനെ തുടര്‍ച്ചയായുള്ള പോസ്റ്റുകള്‍ക്ക് കാരണമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ഇവരുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് സ്വന്തം പങ്കാളിക്കു പോലും മനസ്സിലാകണമെന്നില്ല. പങ്കാളികള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ ആയിരിക്കണമെന്നില്ല ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണം. ആത്മവിശ്വാസക്കുറവാണ് മിക്കപ്പോളും ഇതിലേക്ക് നയിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ സ്നേഹം പ്രകടിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ക്കിടയിലെ ദാമ്പത്യം സന്തോഷകരമല്ലെന്ന് എല്ലാവരും ചിന്തിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. ഇത് ദാമ്പത്ത്യത്തില്‍ സ്വയം സന്തോഷം കണ്ടെത്താനാകാത്ത ഇവരുടെ പരിതാപകരമായ അവസ്ഥയെ കൂടിയാണ് സൂചിപ്പിക്കുന്നത്. ലൈക്കുകളും കമന്റുകളുമായി മറ്റുള്ളവര്‍ നല്‍കുന്ന അംഗീകാരത്തില്‍ മാത്രമാകും ഇവര്‍ സന്തോഷിക്കുന്നത്.
മിക്കപ്പോഴും പങ്കാളികളിലെ ഒരാള്‍ മാത്രമാകും ഇങ്ങനെ പെരുമാറുക. അതേസമയം ചിലപ്പോള്‍ ഇരുവരിലും ഇതേ പെരുമാറ്റം കണ്ടെത്താന്‍ സാധിച്ചെന്നും വരാം. ഒരു ദിവസത്തില്‍ തന്നെ പലതവണ പോസ്റ്റ് ചെയ്യുന്നവര്‍ മുതല്‍ മൂന്നോ നാലോ ദിവസത്തില്‍ ഒന്ന് എന്ന തോതില്‍ വരെ പങ്കാളിയെക്കുറിച്ചും സ്വന്തം ബന്ധത്തെക്കുറച്ചും പോസ്റ്റ് ചെയ്യുന്നവര്‍ ഇത്തരത്തില്‍ ജീവിതത്തില്‍ അരക്ഷിതാവസ്ഥ ഉള്ളവരാണെന്ന് പഠനം പറയുന്നു. ഒരു ദിവസം തന്നെ പല തവണ ചെയ്യുന്നവരില്‍ ഈ അരക്ഷിതാവസ്ഥ രൂക്ഷമായ അവസ്ഥയിലാണ്.
ആങ്ഷ്യസ് അറ്റാച്ച്മെന്റ് സ്റ്റൈല്‍ എന്നതാണ് ഇവരുടെ പങ്കാളിയും ആയുള്ള ബന്ധത്തെ ഗവേഷകര്‍ വിശേഷിപ്പുിക്കുന്നത്. മറ്റുള്ളവരുടെ അംഗീകരത്തില്‍ മാത്രം സ്വന്തം ബന്ധത്തില്‍ മൂല്യം കല്‍പ്പിക്കുന്നവരാണ് ഇവര്‍. സമൂഹമാധ്യമങ്ങളിലൂടെ കുടുംബവിശേഷങ്ങള്‍ ഒട്ടും പങ്കുവെയ്ക്കാത്തവരും ആവശ്യത്തിന് മാത്രം പങ്കുവെയ്ക്കുന്നവരും ഇതു കൂടാതെ മറ്റു രണ്ടു തരത്തില്‍ കൂടിയുള്ള പങ്കാളികളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. അവോയിഡന്റ് അറ്റാച്ച്മെന്റ് രീതിയിലുള്ളവരാണ് ഇതിലൊന്ന്. ഇവര്‍ പങ്കാളിയോടുള്ള താല്‍പ്പര്യക്കുറവ് മൂലം സമൂഹ മാധ്യമങ്ങളിൽ സജീവമാണെങ്കില്‍ കൂടി സ്വന്തം ജീവിതത്തിലെ വിശേഷങ്ങള്‍ പരസ്യമാക്കാത്തവരായിരിക്കും.
ഏറ്റവു ഉചിതമായ സമൂഹമാധ്യമബന്ധം ആയി വിശേഷിപ്പിക്കുന്നത് സെക്യുര്‍ അറ്റാച്മെന്റ് എന്ന ശൈലിയാണ്. സ്വന്തം ജീവിതത്തില്‍ സന്തോഷം പങ്കു വയ്ക്കേണ്ട മുഹൂര്‍ത്തങ്ങള്‍ മാത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നവരാണ് ഈ വിഭാഗത്തിൽപ്പെടുന്നത്‍. അതേസമയം ഈ വിഭാഗക്കാരുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എത്ര ഇടവേളയിലാണെന്നും എത്രത്തോളം തുടര്‍ച്ചയായി സംഭവിക്കുന്നതാണെന്നോ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിയുന്നില്ല. ചിലപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിൽ സ്വന്തം പങ്കാളിയോടൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കുന്ന ഇവര്‍ പിന്നീട് മാസങ്ങള്‍ക്കു ശേഷമാകും ഇത്തരം വിശേഷങ്ങളും ആയി വീണ്ടും എത്തുക. ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ലക്ഷണമാണ് ഇതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.