Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ ആ ചിരിക്കു വേണ്ടി ഇനിയുമിനിയും എഴുതിക്കൊണ്ടിരിക്കണം

x-default അച്ഛനൊപ്പം യാത്ര പോകാൻ നല്ല രസമാണ്. കൈപിടിച്ചേ നടക്കൂ, അതും വേഗത്തിൽ.

1983  ഡിസംബർ 21. അന്നാണ് അച്ഛൻ ജനിച്ചത്, മോൾക്കൊപ്പം. പിന്നെ മകളുടെ ഓരോ വളർച്ചയിലും അച്ഛനും ഒപ്പം വളർന്നു. പ്രായത്തിന്റെ അപ്പുറം കടന്ന് അച്ഛൻ വീണ്ടും വീണ്ടും ചെറുപ്പക്കാരനായിക്കൊണ്ടേ ഇരുന്നു. കുട്ടിക്കാലത്തെ യാത്രകളിൽനിന്ന് പിന്നെ അച്ഛന്റെ മുടിയിഴകളിൽ വെളുപ്പിന്റെ ഭംഗിയുള്ള അപ്പൂപ്പൻ താടികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കണ്ണാടിയുടെ മുന്നിൽച്ചെന്നു നിന്നപ്പോൾ എനിക്കു തോന്നി, ഞാൻ വളർന്നിരിക്കുന്നു. സ്ത്രീയായിരിക്കുന്നു. അച്ഛന്റെ പൊക്കത്തിന് ഒപ്പമായിരിക്കുന്നു.

അച്ഛനൊപ്പം യാത്ര പോകാൻ നല്ല രസമാണ്. കൈപിടിച്ചേ നടക്കൂ, അതും വേഗത്തിൽ. ഒപ്പമെത്താൻ കഷ്ടപ്പെട്ട് ശ്വാസം മുട്ടി കിതയ്ക്കുന്ന അമ്മ എല്ലായ്പ്പോഴും ഞങ്ങളുടെ എത്രയോ പിന്നിലായിരുന്നു. ഓടിയോടി ഞാൻ അച്ഛന്റെ കൈക്കുള്ളിൽ കൈ വച്ച് നടന്നു. നടന്നു മടുക്കുമ്പോൾ പലഹാരങ്ങൾ തിളങ്ങുന്ന കണ്ണാടിക്കൂടുള്ള ചായക്കടയിൽനിന്നു പാലുംവെള്ളം വാങ്ങിത്തന്നു. അച്ഛനാണ് വഴി മുറിച്ചു കടക്കുമ്പോൾ കൈകളിൽ അമർത്തിപ്പിടിച്ചു പഠിപ്പിച്ചത്. 

ആ കരുതൽ എല്ലായ്പ്പോഴും കൊതിക്കുന്ന മനസ്സ് പിന്നെ ഒരിക്കലും ഇല്ലാതായിപ്പോയതേയില്ല. ഇപ്പോൾ, അച്ഛൻ കൂടെ ഇല്ലാത്തപ്പോഴും അച്ഛനേക്കാൾ പൊക്കം വച്ചിട്ടും റോഡ് മുറിച്ചു കടക്കുമ്പോൾ കൈ വെറുതെ നീട്ടും. അച്ഛൻ കൈ പിടിക്കുമോ എന്നറിയാൻ കണ്ണുകൾ പരതും. പ്രായപൂർത്തിയെത്തിയെന്ന തോന്നലിൽ പ്രണയം ഹൃദയം പൊടിച്ചപ്പോൾ ഇഷ്ടമുള്ള ഒരാളോടൊപ്പം ഇറങ്ങിപ്പോന്നപ്പോൾ ആരോടും പറയാതെ നടന്ന വഴിയിലും അച്ഛൻ കൈ പിടിച്ചിരുന്നു. വഴി മുറിച്ചു കടക്കുമ്പോൾ പിടിച്ച കൈച്ചൂട് അവനോടൊപ്പം പോയ വഴികളിലെല്ലാം ചുട്ടു പൊള്ളിച്ചു കൊണ്ടേയിരുന്നു. കരച്ചിൽ വന്നുകൊണ്ടേയിരുന്നു, പിന്നെയെപ്പൊഴോ വൈകാരികതകൾ എല്ലാം അഴിച്ചു വച്ചിട്ടൊടുവിൽ നിസ്സംഗയായിപ്പോയി.

എല്ലാരും അത്താഴം കഴിച്ചു കഴിഞ്ഞേ അച്ഛൻ കഴിക്കൂ. ബാക്കി വരുന്ന അത്യാവശ്യം ഉപദംശങ്ങളെല്ലാം ചോറിൽ ഇട്ടു കുറച്ചു വെള്ളമൊഴിച്ച്, ഒരു ഉണ്ട മുളകും പൊട്ടിച്ച്, കഞ്ഞിച്ചോറ് ഞങ്ങളുടെ എല്ലാവരുടെയും വായിൽ നിറയെ കപ്പലോടിക്കാനുള്ള കടലാക്കും. വയറു നിറഞ്ഞിരിക്കുമ്പോഴും അരികിൽ ചെന്നിരുന്നു വായ തുറക്കുന്ന രണ്ടു പെൺകുട്ടികളെക്കണ്ട് അമ്മ വഴക്കുണ്ടാക്കും. 

"മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ട പെൺപിള്ളേരെ ഓരോന്നൊക്കെ പഠിപ്പിച്ചോ!",

അപ്പോൾ അച്ഛൻ പല്ലു മുഴുവൻ കാട്ടി ചിരിക്കാറുണ്ട്. എന്നിട് അമ്മ കേൾക്കാതെ പറയും

"അസൂയ!"

ആ കഞ്ഞിച്ചോറിന്റെ രുചി എന്തുകൊണ്ടാവും ഇന്നേവരെ മറ്റൊരു ഭക്ഷണത്തിനും മാറ്റിത്തരാൻ ആകാത്തത്? ഭക്ഷണം കഴിച്ച ശേഷം അച്ഛന്റെ കൈകളുടെ മണം എന്തേ മറ്റൊരു കൈകൾക്കും ഉണ്ടാകാത്തത്? ചിലതൊന്നും പകരം വയ്ക്കാനാകാത്തതെന്ന് ഉറപ്പാക്കുന്നു. ഇപ്പോഴും ഇടയ്ക്കു വിളിക്കാൻ വൈകുമ്പോൾ പരിഭവം അമ്മയെക്കാളേറെ അച്ഛനാണ്. 

x-default

കാരണങ്ങൾ പിന്നെ ബോധ്യപ്പെട്ടാലേ പരിഭവങ്ങളുടെ കൂടഴിയൂ. പിന്നെയുള്ള അര മണിക്കൂർ എഴുത്തു മുതൽ രാഷ്ട്രീയം വരെ കടന്നു വരും. അച്ഛന്റെ രാഷ്ട്രീയമേ പിന്തുടർന്നിട്ടുള്ളൂ, വ്യക്തിപരമായി രാഷ്ട്രീയം ഒരുപാട് നഷ്ടങ്ങൾ കൊടുത്തിട്ടും അതേ പ്രസ്ഥാനത്തിന്റെ ഭാഗമാകാനും സംസാരിക്കാനും ഉള്ള ആർജ്ജവം രക്തത്തിൽനിന്നു കൈമാറി കിട്ടുന്നതാവണം. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോഴും അതിന്റെ സത്തയിൽ വിശ്വസിക്കുന്ന യഥാർഥ കമ്യൂണിസം. ചില മനുഷ്യർ അങ്ങനെയാണ്, ആത്മാവിൽ മുറുകെ പിടിക്കുന്നവരാണവർ. സ്വത്വം വിട്ടുമാറി അവർക്കു ജീവിക്കാനാവില്ല. 

ഏതൊരു പെൺകുട്ടിക്കും രണ്ടച്ഛന്മാരുണ്ടാകും. ഒരുപക്ഷേ പുരുഷന്മാർക്കുമുണ്ടാകാമെങ്കിലും അച്ഛനിസം ഏറ്റവും കൂടുതൽ ആസ്വദിക്കാനാകുന്നത് സ്ത്രീകൾക്കു തന്നെയാകും എന്നുറപ്പ്. ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോൾ വിട്ടു പോന്ന അച്ഛന്റെ മുഖമാവും അവളാദ്യം തിരയുക. പുതിയ വീട്ടിൽ അവൾക്കൊപ്പം ഒറ്റപ്പെട്ടു നിൽക്കുന്ന അച്ഛനെ അവൾ പെട്ടെന്ന് കണ്ടുപിടിക്കുകയും ചെയ്യും. ഗൗരവക്കാരനായ അച്ഛനെ പിന്നെ അവൾ സ്വന്തമാക്കും. ഭർത്താവും അമ്മായിയമ്മയുമൊക്കെ അമ്പരക്കും, ഇത്ര ഗൗരവക്കാരനായ മനുഷ്യനെങ്ങനെ ഒരു പാവക്കുട്ടിയെ പോലെ അവളുടെ മുന്നിൽ? സമാന്തരമായി സഞ്ചരിക്കുന്ന ഹൃദയങ്ങൾ കണ്ടെത്തുന്നതാണത്. മകന്റെ ഭാര്യയിൽനിന്നു മകളിലേക്കുള്ള ദൂരം അവൾ ആദ്യം താണ്ടുന്നത് ആ അച്ഛന്റെ അടുത്താണ്. പിന്നെ വൈകുന്നേരം പുറത്തു പോയി വരുമ്പോൾ അച്ഛന്റെ കയ്യിലുള്ള ചൂടു പഴംപൊരിയോ പരിപ്പുവടയോ ഒക്കെ അവൾക്കു മാത്രം അവകാശപ്പെട്ടതാവും.

ആദ്യത്തെ പ്രണയം അച്ഛനോടൊന്നും ആയിരുന്നില്ല, പക്ഷേ പ്രണയം തോന്നിയവരിലൊക്കെ തിരഞ്ഞത് അച്ഛന്റെ ചുരുണ്ട മുടിയും നീളമുള്ള വലിയ കണ്ണുകളുമായിരുന്നു. പിന്നെ അച്ഛന്റെ കൈച്ചൂടും.

‘നീയിനി എന്നാ വരുന്നേ? കണ്ടിട്ട് കുറെയായി!’

x-default

സമൂഹമാധ്യമങ്ങളിൽ നിത്യം കയറിയിറങ്ങുന്നതുകൊണ്ട് അമ്മയ്ക്ക് കാണാതിരിക്കൽ ഒരു വിഷയമാകാൻ വഴിയില്ല. പക്ഷേ അച്ഛന് അതങ്ങനെ അല്ലല്ലോ. എങ്കിലും വാട്സാപ്പ് വിഡിയോ കോൾ വിളിക്കാൻ അച്ഛൻ പഠിച്ചിരിക്കുന്നു. എങ്കിലും കാണുന്നതു പോലെയും അരികിലിരിക്കുമ്പോൾ തോളിൽ ചേർത്തു പിടിക്കുന്നതു പോലെയും ഭക്ഷണം കഴിച്ചു കഴിഞ്ഞ കൈ മണക്കുന്നതു പോലെയും ആവുന്നില്ലല്ലോ! അച്ഛനു പകരം വയ്ക്കാൻ അല്ലെങ്കിലും മറ്റെന്തുണ്ടെന്നാണ്!

ചിലപ്പോഴൊക്കെ അവൻ കൈപിടിക്കുമ്പോൾ അച്ഛന്റെ ഗന്ധം വരും. അതൊരു വല്ലാത്ത ആനന്ദമാണ്. ഇപ്പോൾ പുസ്തകത്തിൽ പുതിയ എഴുത്തുകൾ അച്ചടിച്ചു വരുമ്പോഴൊക്കെ അച്ഛൻ ദൂരെ നിന്നു വിളിക്കും, വായിച്ചെന്നു പറയാൻ, എഴുത്തു നന്നാവുന്നുണ്ടെന്ന് പറയാൻ. വായനയ്ക്കു ശേഷം സഹപ്രവർത്തകരെ അഭിമാനത്തോടെ ‘ഇതെന്റെ മോളാണ്’ എന്ന് പറഞ്ഞു കാണിച്ചു എന്നു പറയുമ്പോൾ അച്ഛൻ ഹൃദയം കൊണ്ടു ചിരിക്കുന്നുണ്ടാകണം! അതെനിക്കു കാണാം... ആ ചിരിക്കു വേണ്ടി ഇനിയുമിനിയും എഴുതിക്കൊണ്ടേയിരിക്കണം!