ഒളിപ്പിക്കാൻ ശ്രമിക്കും തോറും പിടിക്കപ്പെടുന്ന ഒരു വികാരമേ ഈ ഭൂമിയിലുള്ളു അത് പ്രണയമാണ്. കമിതാക്കൾ തുറന്നു സമ്മതിച്ചില്ലെങ്കിൽപ്പോലും അവരുടെ കണ്ണുകളും നിറപുഞ്ചിരിയുമെല്ലാം ഞങ്ങൾ പ്രണയത്തിലാണെന്ന് അവർ പോലുമറിയാതെ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. അതുപോലെയാണ് ബി ടൗണിലെ രൺവീർ– ദീപിക പ്രണയമെന്നാണ് ആരാധകർ പറയുന്നത്.
വിവാഹിതരാകാൻ പോകുന്നുവെന്ന് ഇരുവരും ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ അവർ പോലുമറിയാതെ അവരുടെ പ്രണയത്തിന്റെ തീവ്രത ആരാധകർ അളന്നത് ദീപികയുടെ ആ കമന്റിലൂടെയാണ്. രൺവീറിനോടുള്ള ദീപികയുടെ പ്രണയം മുഴുവൻ ആ കമന്റിലുണ്ടെന്നാണ് ആരാധകരുടെ പക്ഷം. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കുവേണ്ടി രൺവീർ തന്റെ ചിത്രം പങ്കുവെച്ചിരുന്നു.
ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചെങ്കിലും ആരാധകർ ശ്രദ്ധിച്ചത് ദീപികയുടെ കമന്റിലാണ്. എന്റെ (mine) എന്നാണ് കണ്ണിൽ പ്രണയം നിറച്ച ഇമോജികളോടൊപ്പം ദീപിക കുറിച്ചിരിക്കുന്നത്. രൺവീറിന്റെ ചിത്രത്തോടൊപ്പം ദീപികയുടെ കമന്റും സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്.