മരണം വരെ ഒരാളെ മാത്രം പ്രണയിക്കാൻ കഴിയുന്നത് ഭാഗ്യമാണ്. മരണശേഷവും പ്രണയിക്കപ്പെടാൻ കഴിയുന്നത് മഹാഭാഗ്യവും. അങ്ങനെയൊരു തീവ്രപ്രണയത്തിന്റെ കഥയെത്തുന്നത് തെലങ്കാനയിൽ നിന്നാണ്. മരിച്ചുപോയ ഭാര്യയോടുള്ള അഗാധപ്രണയം കൊണ്ട് ഭർത്താവ് ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം.
ഭാര്യയുടെ ഓർമ്മയിൽ പണിത ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭാര്യയുടെ ശിൽപമാണ്. തെലങ്കാനയിലെ ഇലക്ട്രിസിറ്റി വിഭാഗത്തിൽ നിന്ന് വിരമിച്ച ചന്ദ്രഗൗഡയാണ് ഭാര്യയ്ക്കുവേണ്ടി ക്ഷേത്രം പണിഞ്ഞത്. ഗൗഡയുടെ ഭാര്യ രാജാമണി അസുഖം ബാധിച്ചാണ് മരിച്ചത്. അങ്ങ് വടക്കേ ഇന്ത്യയിൽ അനശ്വര പ്രണയത്തിന്റെ സ്മാരകമായി താജ്മഹൽ ഉണ്ടെന്ന് ഗ്രാമീണർക്കറിയാമെങ്കിലും സ്വന്തം ഗ്രാമത്തിൽ ഒരു പ്രണയ സ്മാരകം ഉയർന്നു വന്നതിന്റെ ആവേശത്തിലാണ് നാട്ടുകാരിപ്പോൾ.
പ്രണയ സ്മാരകമായ ക്ഷേത്രത്തെക്കുറിച്ച് കേട്ടറിഞ്ഞ് പലരും ഇവിടം സന്ദർശിക്കാനെത്തുന്നുണ്ട്. ഭാര്യയുടെ ഓർമ്മയ്ക്കായി റോഡുനിർമ്മിച്ച ഭർത്താവിന്റെ കഥ മുൻപ് വടക്കേ ഇന്ത്യയിൽ നിന്നെത്തിയത് ഗ്രാമീണർ ഓർക്കുന്നുണ്ട്.
ബിഹാറിലെ ദശ്‌രത് മാഞ്ചി എന്നയാളാണ് ഭാര്യയുടെ ഓർമ്മയ്ക്കായി റോഡുവെട്ടിയത്. ഒരു മല തുരന്ന് ഗ്രാമവും ആശുപത്രിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു റോഡാണ് അദ്ദേഹം പണിഞ്ഞത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതുകാരണം മരണമടഞ്ഞ ഭാര്യയുടെ ഓർമ്മയ്ക്കുവേണ്ടിയാണ് അദ്ദേഹം റോഡു നിർമ്മിച്ചത്.