Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ യാത്രക്കിടെ അച്ഛൻ മരിച്ചു; പെൺകുട്ടിക്ക് തുണയായി പൊലീസ് ഓഫിസർ

man-help-social-media

ജന്മം കൊണ്ടു മാത്രമല്ല കർമ്മം കൊണ്ടും അച്ഛനാകുന്നവരുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ആ ട്രെയിൻ യാത്രയിൽ അരങ്ങേറിയത്. മംഗളാ എക്സ്പ്രസിലെ ആ യാത്ര മാറ്റിമറിച്ചത് നാലുപേരുടെ ജീവിതത്തെയാണ്. ഒരു പൊലീസ് ഓഫിസറിന്റെ ചുമതല നിർവഹിക്കുന്നതിനേക്കാൾ ജയിംസ് അന്ന് പ്രാധാന്യം നൽകിയത് അച്ഛൻ നഷ്ടപ്പെട്ട പെൺകുട്ടിക്ക് അച്ഛന്റെ സ്ഥാനത്തു നിന്ന് സ്വാന്തനമേകുക എന്നതിനായിരുന്നു ആ സംഭവമിങ്ങനെ :- 

മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ ജെയിംസിന്റെ ജീവിതത്തിലാണ് ഒരു ട്രെയിൻ യാത്രയിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്.മകളുടെ പഠനാവശ്യത്തിനായി . ലക്‌നൗവിലേക്ക് യാത്രചെയ്യുകയായിരുന്നു ജെയിംസ്. അതേ ആവശ്യത്തിനായി എത്തിയ മറ്റൊരു മലയാളിയെയും മകളെയും  ട്രെയിനിൽവെച്ച് പരിചയപ്പെട്ടു.  കണ്ണൂര്‍, കരുവഞ്ചാല്‍ സ്വദേശി ബാബു അബ്രഹാം മകള്‍ െഎശ്വര്യയുമായിരുന്നു അത്. മടക്കയാത്രയില്‍ മംഗള എക്സിപ്രസില്‍ ഇരുകുടുംബങ്ങളും ഒരുമിച്ചായിരുന്നു. ട്രെയിന്‍ ഗ്വാളിയര്‍ സ്‌റ്റേഷനെത്തിയപ്പോള്‍ ബാബുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അപ്പോള്‍ തന്നെ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. പകച്ചുപോയ നിമിഷം. ഒപ്പമുണ്ടായിരുന്ന മകളെ ആശ്വസിപ്പിക്കണം. അവള്‍ക്ക് ധൈര്യം നല്‍കണം. ഒപ്പം മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിയൊരുക്കണം. ഒരു പൊലീസുകാരന്‍ എന്നതിലുപരി അയാളിലെ മനുഷ്യന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നിമിഷം. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ഫെയ്സ്ബുക്കില്‍ ഇങ്ങനെകുറിച്ചു.

‘ഞാന്‍ ഇപ്പോള്‍ എന്റെ മോളുടെ പ്രായമുള്ള ഒരു കുഞ്ഞിന്റെ കൈപിടിച്ചു. അവളുടെ പപ്പയുടെ ജീവനറ്റ ശരീരം കാർഗോയില്‍ ഏല്‍പ്പിച്ച ശേഷം ന്യൂഡല്‍ഹി വിമാനത്തവളത്തില്‍ പുറപ്പെടാന്‍ കാത്തിരിക്കുകയാണ്.’ കഴിഞ്ഞുപോയ മണിക്കൂറുകളെക്കുറിച്ച് അദ്ദേഹത്തിന്റെ വരികളാണിത്. എന്നാല്‍ ഇതില്‍ ഒതുക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ അനുഭവം. സ്വന്തം മകളോട് ഒറ്റയ്ക്ക് യാത്ര തുടരാന്‍ ആവശ്യപ്പെട്ടിട്ട് മണിക്കൂറുകള്‍ മാത്രം പരിചയമുള്ള ആ അച്ഛനും മകള്‍ക്കുമായി അയാള്‍ പിന്നീടുള്ള നിമിഷങ്ങള്‍ മാറ്റിവച്ചു. പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ച് ഡല്‍ഹി മലയാളിയായ അനില്‍ തയ്യില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

നന്മയുടെ നിറകുടം : കേരളാ പോലീസ് എഎസ്‌ഐ ജയിംസ് പി.എസ്.

ലക്‌നൗവില്‍ സ്ഥിതി ചെയ്യുന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്റെ മകള്‍ ഐശ്വര്യയുടെ പ്രവേശനത്തിനു പോയതായിരുന്നു കണ്ണൂര്‍, കരുവഞ്ചാല്‍ സ്വദേശി ബാബു അബ്രഹാം (47 വയസ്സ്). അവിടെ തന്നെ തന്റെ മകളുടെ പ്രവേശന കാര്യത്തിനു വന്ന വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ, ജയിംസിനെ പരിചയപ്പെട്ടത് തികച്ചും യാദൃഛികം. ലക്‌നൗവില്‍ നിന്നും തിരികെ ഡല്‍ഹിയില്‍ എത്തിയ ഇവര്‍ ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട മംഗള എക്‌സ്‌പ്രസ്സില്‍ നാട്ടിലേക്ക് തിരിക്കുന്നു.

യാത്രാ മധ്യേ ഗ്വാളിയര്‍ സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തിയ ഉടന്‍ അസ്വസ്ഥനായ ബാബു ട്രയിനിന്റെ ബാത്ത് റൂമില്‍ കുഴഞ്ഞു വീണ് മരിച്ചു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മകള്‍ പറഞ്ഞതനുസരിച്ച് നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയച്ചതിനെ തുടര്‍ന്ന് മുന്‍ മന്ത്രിയും, എം പിയുമായിരുന്ന ശ്രീ കെ സുധാകരന്‍ ഇടപെട്ട് ജില്ലാ കളക്ടര്‍ വഴി സ്‌റ്റേഷന്‍ മാസറ്ററെ ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു. ഗ്വാളിയറിലെ മലയാളി സമാജം പ്രവര്‍ത്തകരും, ഇന്‍ഡോര്‍ രൂപതയിലെ കണ്ണൂര്‍ സ്വദേശി വൈദികന്‍ ഫാ: ജോളിയും ഇടപെട്ട് പെണ്‍കുട്ടിയുടെ സുരക്ഷക്കും വ്യവസ്ഥയുണ്ടാക്കി. ഇതിനിടെ സ്വന്തം മകളെ ട്രയിനില്‍ തനിച്ച് തുടര്‍ യാത്രക്ക് പ്രേരിപ്പിച്ച് ജയിംസ് തന്നിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വത്തിലേക്ക് തിരിയുന്നു. ഉത്തരവാദിത്വം എന്നതിലുപരി മനുഷ്യത്വം എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ശ്രീ കെ സുധാകരന്‍, പ്രതിപക്ഷ നേതാവിനെ ബന്ധപ്പെട്ട് ഗ്വാളിയറിലെ മുതിര്‍ന്ന നേതാക്കളും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്ന് ഇൻക്വസ്റ്റ്, എംബാം എന്നിവക്കുള്ള സൗകര്യം ചെയ്തു കൊടുത്തു. ഇന്നലെ ഉച്ചക്ക് ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് ഗ്വാളിയറില്‍ നിന്നും തിരിക്കുന്നു. ഒപ്പം ബാബുവിന്റെ മകളും ജയിംസും. യാത്രാ മധ്യേ ആംബുലന്‍സ് കേടായി, വേറെ ആംബുലന്‍സ് തരപ്പെടുത്തി. ആംബുലന്‍സിന്റെ മുഴുവന്‍ ചിലവുകളും വഹിച്ചത് ശ്രീ രമേശ് ചെന്നിത്തലയുടെ സുഹ്രുത്ത് കൂടിയായ ഗ്വാളിയറിലെ കോണ്‍ഗ്രസ്സ് നേതാവ്. ഇതിനിടെ ശ്രീ കെ സുധാകരന്റെ നിര്‍ദ്ദേശാനുസരണം ഞാനും എന്റെ സുഹൃത്തുക്കളായ ബിജു മോനിപ്പള്ളില്‍, അജയ് അനന്തകുമാര്‍ എന്നിവരോടൊന്നിച്ച് ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗ്ഗോ സെക്ഷനില്‍ എത്തി ആംബുലന്‍സിനെ കാത്തിരുന്നു. രാത്രി ഒന്‍പതു മണിയോടെ എത്തിയ ആംബുലന്‍സില്‍ നിന്നും മൃതദേഹം സീകരിച്ച് പുലര്‍ച്ചെ അഞ്ചു മണിക്കുള്ള കൊച്ചി വിമാനത്തില്‍ അയക്കാനുള്ള എല്ലാ രേഖകളും തയ്യാറാക്കി നല്‍കി. ഇതിനു സഹായിച്ച എയര്‍ ഇന്‍ഡ്യാ കാര്‍ഗോ മാനേജര്‍ ശ്രീ രാജഗോപാല്‍ എന്നയാളൊടും നന്ദി അറിയിക്കുന്നു.

മൃതദേഹം കോണ്ടു പോകുന്നതിനുള്ള തുക ഞങ്ങള്‍ കൊടുക്കാമെന്ന് പറഞ്ഞപ്പോഴും അത് നിരസിച്ച് ജയിംസ് സ്വന്തം കയ്യില്‍ നിന്നും പണമടച്ചു. തുടര്‍ന്ന് ഫാ ജോളി ബാബുവിന്റെ മകള്‍ക്കും ജയിംസിനുമുള്ള ഡല്‍ ഹി  കൊച്ചി ടിക്കറ്റുകള്‍ ഏര്‍പ്പാടാക്കി. ഇതിനിട ഞങ്ങളെ സഹായിക്കാനെത്തിയ മാര്‍ക്കറ്റിംഗ് ഫെഡ് മാനേജര്‍ ശ്രീ മണിയെയും നന്ദിയോടെ ഓര്‍ക്കുന്നു. ഹിന്ദി ഭാഷ അറിയാത്തതിനാല്‍ ജയിംസിനെ സഹായിക്കാന്‍ ട്രയിനില്‍ നിന്നും യാത്ര മുടക്കി ആംബുലന്‍സിനൊപ്പം ഡല്‍ഹിയിലേക്ക് വന്ന പേരറിയാത്ത തിരുവനന്തപുരം സ്വദേശി ആര്‍മ്മി ജവാനെയും നന്ദിയോടെ സ്മരിക്കുന്നു. എല്ലാ നടപടികളും പൂര്‍ത്തിയാക്കി രാത്രി പന്ത്രണ്ടു മണിക്ക് ജയിംസിനേയും ബാബുവിന്റെ മകള്‍ ഐശ്വര്യയെയും ന്യൂഡല്‍ഹി വിമാനത്താവളത്തിനുള്ളില്‍ എത്തിച്ച് യാത്ര പറയുംബോള്‍ മനസ്സ് പറഞ്ഞു; മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ല. ജയിംസിനേപ്പോലെയും ആ ജവാനെപ്പോലെ യുമുള്ള മാലാഖമാര്‍ ഇനിയും നമ്മുടെ ഇടയിലുണ്ട്.

ഇൗ നന്‍മയുടെ പൊലീസുകാരന് കേരളം ഒന്നടങ്കം സല്യൂട്ട് ചെയ്യുകയാണ്. കാക്കിക്കുള്ളിലെ ഇൗ സ്നേഹത്തിനും ഒപ്പം ഒരു യാത്രയില്‍ ഒറ്റയ്ക്കായി പോയ ആ പെണ്‍കുട്ടിക്കും കുടുംബത്തിനും കൂട്ടായി ആദ്യവസാനം നിന്നതിനും.