Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി ആന്റോനെല്ല; മെസ്സിയെ പഴിച്ചവർ ആ കഥയറിയണം

messi-wife-025

ഭാഗ്യപരീക്ഷണമാണു പെനാൽറ്റി. പെനാൽറ്റിയുടെ നഷ്ടത്തിൽ ഒരു കളിക്കാരനെ വിലയിരുത്താനുമാകില്ല. എങ്കിലും ആദ്യമൽസരത്തിലെ പെനാൽറ്റി നഷ്ടവും രണ്ടാം മൽസരത്തിലെ നിറം മങ്ങിയ പ്രകടനവുമായപ്പോൾ ആശങ്കയുടെ നടുക്കടലിലായിരുന്നു സൂപ്പർ താരം മെസ്സിയുടെ ആരാധകർ. അർജന്റീനയെ സ്നേഹിക്കുന്നവരും.

പക്ഷേ, മൂന്നാം മൽസരത്തിൽ ക്ലാസ് തെളിയിച്ച ഗോളോടെ അർജന്റീനയുടെ പുനർജൻമത്തിനു മെസ്സി കാർമികത്വം വഹിച്ചപ്പോൾ ആശ്വസിക്കുകയും ആഹ്ലാദിക്കകയും ചെയ്തവരിലെ ഒന്നാം പേരുകാരി ഒരു യുവതിയാണ്. ഒരു സുന്ദരി. മെസ്സിയുടെ ഭാര്യയും മൂന്നു മക്കളുടെ അമ്മയുമായ അന്റോനെല്ല റോകുസ്സ. നൈജീരിയൻ കരുത്തിനെ ഒന്നിനെതിരെ രണ്ടുഗോളുകളിൽ മുക്കി പ്രീ ക്വാർട്ടറിലേക്ക് അർജന്റീന മാർ‌ച്ച് ചെയ്തപ്പോൾ ആകാശത്തേക്കു നോക്കി കൈ കൂപ്പിയ മറഡോണയെക്കാളും ആഹ്ലാദിച്ചിരിക്കും റോകുസ്സ. 

ആദ്യ കളികളിൽ ഗ്യാലറിയിൽ സാന്നിധ്യമായി റഷ്യയിൽ എത്താൻ കഴിയാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചത് ഇക്കഴിഞ്ഞദിവസം. എത്രയും പെട്ടെന്ന് താൻ റഷ്യയിൽ എത്തുമെന്നും മെസ്സിക്കു പിന്തുണയുമായി ഗ്യാലറിയിൽ ഉണ്ടാകുമെന്നും കൂടി റോകുസ്സ പറഞ്ഞു. ഒരുപക്ഷേ ആ വാക്കുകളൂടെകൂടി പ്രചോദനത്തിലാകും നൈജീരിയയെ തകർത്തെറിഞ്ഞ ആദ്യ ഗോൾ മെസ്സി തൊടുത്തതും ലോകമെങ്ങുമുള്ള ആരാധകർ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയതും. 

ഇക്കഴിഞ്ഞ വർഷം ജൂലൈ ഒന്നിനായിരുന്നു മെസ്സിയുടെ വിവാഹം. ഇരുപത്തൊന്നു വർഷത്തെ സൗഹൃദത്തിനൊടുവിൽ. നാലുവയസ്സുകാരൻ തിയാഗോയും ഒരു വയസ്സുകാരൻ മാറ്റിയോയും സാക്ഷികളായി. ഒൻപതാം വയസ്സിലാണു മെസ്സി കൂട്ടുകാരിയെ കണ്ടെത്തിയത്. അന്റോനെല്ല റോകുസ്സോയെ ആദ്യം കാണുമ്പോൾ മെസ്സിക്കു പ്രായം ഒൻപത്. അന്റോനെല്ലയ്ക്ക് ഏഴും. വർഷങ്ങൾക്കു മുൻപേ അന്റോനെല്ലയും മെസ്സിയും ജീവിതമാരംഭിച്ചിരുന്നു.  തിയാഗോ, മാറ്റിയോ എന്നീ രണ്ടു മക്കൾ പിറന്ന ശേഷമാണ് വിവാഹമെന്ന ഉടമ്പടിക്ക് ഇരുവരും മുതിർന്നത്. റഷ്യൻ ലോകകപ്പിലെ അർജന്റീനയുടെ ആദ്യകളികളിൽ മെസ്സിയുടെ മാന്ത്രിക ചലനങ്ങൾ കാണാൻ കൊതിച്ചവർ ഗ്യാലറിയിൽ തിരഞ്ഞത് റോകുസ്സയെ. അവരുടെ അസാന്നിധ്യം സംശയങ്ങൾ കൂടി ഉയർത്തിയതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോകുസ്സ. 

messi-family-58

ലോക കപ്പിന്റെ തുടക്കത്തിൽതന്നെ ഞാൻ റഷ്യയിലേക്കു പോകാതിരുന്നതു കാരണം കുടുംബത്തിലെ ചുമതലകൾ. കൊച്ചുകുട്ടികളാണ് ഞങ്ങൾക്ക്. അവരുടെ കാര്യങ്ങൾ നോക്കണം. കുട്ടികൾക്കൊപ്പം കുറച്ചു സമയമെങ്കിലും എനിക്കു ചെലവഴിച്ചേ പറ്റൂ. ലോക കപ്പും പിന്നീടുള്ള യാത്രകളും കൂടി കഴിഞ്ഞ് ഡിസംബറിൽ മാത്രമേ എനിക്ക് കുട്ടികളുടെ അടുത്ത് മടങ്ങിയെത്താൻ കഴിയൂ.

അതുകൊണ്ട് ഇപ്പോൾ ലഭിച്ച സമയം കുടുംബത്തിൽതന്നെ ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു– റോകുസ്സ വിശദീകരിച്ചു. 31 വയസ്സുകാരിയായ റോകുസ്സ റഷ്യയിലേക്കു തിരിച്ചുകഴിഞ്ഞു. പ്രീ ക്വാർട്ടറിൽ ഫ്രാൻസുമായുള്ള നിർണായക മൽസരത്തിൽ മെസ്സി ഗോളടിച്ചാൽ ആഹ്ലാദിക്കുന്ന മുഖങ്ങളിലൊന്നായി റോകുസ്സയെ കാണാൻ കഴിഞ്ഞേക്കും. മെസ്സിക്കും അന്റോനെല്ല റോകുസ്സയ്ക്കും മൂന്നു മക്കളാണ്. ഇക്കഴിഞ്ഞദിവസം മെസ്സിയുടെ 31–ാം ജൻമദിനത്തിൽ ഇൻസ്റ്റഗ്രാമിൽ റോകുസ്സ തന്റെ പ്രിയപ്പെട്ടവന് സ്നേഹം നിറഞ്ഞ ആശംസകൾ അറിയിച്ചിരുന്നു. ആൽബത്തിൽനിന്നുള്ള സ്നേഹം തുളുമ്പുന്ന കുടുംബചിത്രങ്ങളും. 

പ്രിയപ്പെട്ടവനേ..സന്തോഷ ജൻമദിനം.. ഞങ്ങൾ താങ്കളെ എന്തുമാത്രം സ്നേഹിക്കുന്നെന്നോ.....ലോകത്തെ ഏറ്റവും സന്തോഷവതിയായ ഭാര്യയായി എനിക്കു ജീവിക്കാൻ കഴിയുന്നതിനു കാരണം താങ്കളാണ്. കുടുംബത്തിനുവേണ്ടി എന്റെ ആശംസകൾ. ഇന്നും എന്നും സന്തോഷമായിരിക്കൂ..മെസ്സിയുടെ ജൻമദിനത്തിൽ ഈ വാക്കുകളാണു റോകുസ്സ കുറിച്ചത്. 

ഈ വർഷം ആദ്യമായിരുന്നു മൂന്നാമത്തെ കുട്ടിക്കു റോകുസ്സ ജൻമം നൽകിയത്. ദിവസങ്ങൾ മാത്രം നീളുന്ന സൗഹൃദങ്ങളും വർഷങ്ങളുടെ പോലും ആയുസ്സില്ലാത്ത വിവാഹബന്ധങ്ങളും പുതുമയല്ലാത്ത ഫുട്ബോൾ സെലിബ്രിറ്റികളുടെ ജീവിതത്തിൽ അപൂർവമാണ് മെസ്സിയും റോകുസ്സയും തമ്മിലുള്ള ബന്ധവും അവരുടെ നിലക്കാത്ത പ്രണയവും.