Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴുജന്മം പോയിട്ട് ഏഴു സെക്കന്റ് പോലും ഭാര്യമാരെ വേണ്ട; പുരുഷന്മാരുടെ വടപൂർണ്ണിമയിങ്ങനെ

prayer-01 പ്രതീകാത്മക ചിത്രം.

ഈ ജന്മത്തിലെ ഭർത്താവിനെത്തന്നെ അടുത്ത ഏഴു ജന്മത്തിലും ഭർത്താവായി ലഭിക്കണമെന്ന പ്രാർഥനയോടെ വടക്കേയിന്ത്യയിലെ സ്ത്രീകൾ വട പൂർണ്ണിമ ആഘോഷിച്ചപ്പോൾ, സ്ത്രീകളിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തിയാണ് പുരുഷന്മാർ വടപൂർണ്ണിമ ആഘോഷിച്ചത്. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ ഔറംഗബാദിലായിരുന്നു സംഭവം.

പുരുഷന്മാരുടെ മന്ത്രജപമായിരുന്നു വ്യത്യസ്തമായ ഈ  പ്രകടനത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴുള്ള ഭാര്യമാരെ ഒരു ജന്മത്തിലും ഭാര്യയായി ലഭിക്കരുതെന്ന മന്ത്രജപത്തോടെയായിരുന്നു പത്നി പീഡിത് പുരുഷ സംഘത്തിന്റെ പ്രാർഥന. സ്ത്രീസുരക്ഷയ്ക്കായുള്ള പല നിയമങ്ങളും ദുരുപയോഗം ചെയ്തുകൊണ്ട് സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു അവരുടെ ആരോപണം.

വടക്കേ ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകൾ അനുഷ്ഠിക്കുന്ന വ്രതമാണ് വടപൂർണ്ണിമ. വടസാവിത്രിയെന്നും ഇതറിയപ്പെടാറുണ്ട്. ദാമ്പത്യ ജീവിതം സുഖകരമാകാനും ദീർഘസുമംഗലികളാകാനുമാണ് വിവാഹിതരായ സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കുന്നത്.  പുരാണത്തിലെ സത്യവാന്റെയും സാവിത്രിയുടെയും കഥയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും ഈ വ്രതത്തിനു പിന്നിലുണ്ട്. 

യമഭഗവാനിൽ നിന്ന് തന്റെ ഭർത്താവിന്റെ ജീവൻ തിരികെ വാങ്ങാൻ സാവിത്രിയനുഷ്ഠിച്ച വ്രതമായതിനാലാണ് ഇതിന് വടസാവിത്രിയെന്ന പേരുവന്നതെന്നും ഒരു ഐതിഹ്യമുണ്ട്. ഒരു പകൽ നീണ്ട ഉപവാസത്തോടെ അരയാൽ വൃക്ഷത്തിന് ഏഴുവലംവച്ച് അരയാലിനെ നൂലുകൊണ്ടു ബന്ധിച്ചാൽ ഈ ജന്മത്തിലുള്ള ഭർത്താവിനെത്തന്നെ വരുന്ന ഏഴു ജന്മത്തിലും ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ഭാര്യമാർ വടസാവിത്രി വ്രതം ആചരിക്കുന്നത്.

എന്നാൽ പതിവിന് വിപരീതമായി ഇക്കുറി മുംബൈയിലെ ഒരുകൂട്ടം ഭർത്താക്കന്മാരും വടപൂർണ്ണിമ വ്രതം ആഘോഷിച്ചു. സ്ത്രീസംരക്ഷണനിയമത്തെ ദുരുപയോഗം ചെയ്ത് തങ്ങളെ പീഡിപ്പിക്കുന്ന ഭാര്യമാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രകടനം നടത്തിയാണ് ഭർത്താക്കന്മാർ വടപൂർണ്ണിമ ആഘോഷിച്ചത്. തങ്ങളെ മാനസികമായി പീഡിപ്പിക്കുന്ന ഭാര്യമാരോടൊത്ത്  ഏഴുവർഷം പോയിട്ട് ഏഴു നിമിഷം പോലും ജീവിക്കാൻ സാധിക്കില്ലയെന്നു പറഞ്ഞുകൊണ്ടാണ് പുരുഷന്മാർ വടപൂർണ്ണിമ ആഘോഷിച്ചത്.

അരയാലിൽ നൂൽ ബന്ധിച്ച ശേഷം വിപരീത ദിശയിൽ പ്രദക്ഷിണം ചെയ്തുകൊണ്ട് ഈ ജന്മത്തിലെ ഭാര്യയെ അടുത്ത ഏഴു ജന്മത്തിൽ ഭാര്യയായി ലഭിക്കരുതെന്നു പ്രാർഥിച്ചുകൊണ്ടാണ് അവർ വടപൂർണ്ണിമ ആഘോഷിച്ചത്. വ്രതം അനുഷ്ഠിക്കുക മാത്രമല്ല സ്ത്രീകൾ തങ്ങൾക്കെതിരെ സ്ഥിരമായി ഉപയോഗിക്കുന്ന വകുപ്പുകളെക്കുറിച്ചുള്ള പ്ലക്കാർഡുകളേന്തി പ്രകടനം നടത്തുകയും ചെയ്തു.

ഐപിസി സെക്ഷൻ 498 A, 354, ഇത് കൂടാതെ ഗാർഹിക പീഡനക്കുറ്റങ്ങൾ‍ ചുമത്തിയാണ് സ്ത്രീകൾ തങ്ങളെയും കുടുംബങ്ങളെയും ബുദ്ധിമുട്ടിക്കുന്നത് എന്നാണ് അവരുടെ പരാതി. ഭാര്യയുടെ വ്യാജപ്പരാതിയെത്തുടർന്ന് നാലുലക്ഷം രൂപയോളം തനിക്കു ചിലവായെന്നാണ് ഒരു പുരുഷന്റെ പരാതി. ഭാര്യയുടെ മുഖം പോലും തനിക്കു കാണണ്ടെന്നും അവൾ കാരണം തന്റെ ജോലി തന്നെ നഷ്ടപ്പെട്ടുവെന്നും ഭക്ഷണം പാകം ചെയ്യുന്നതുൾപ്പടെയുള്ള ഒരു വീട്ടിലെ മുഴുവൻ ജോലിയും താൻ ഒറ്റയ്ക്കാണു ചെയ്യുന്നതെന്നുമാണ് മറ്റൊരു യുവാവ് പറഞ്ഞത്.

എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുക എന്നതല്ല ഈ പ്രകടനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോരാടുന്ന സ്ത്രീകൾക്ക് നീതിലഭിക്കണമെന്നും അവർ പറയുന്നു. നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളോടുള്ള പ്രതിഷേധമായി മാത്രം പ്രകടനത്തെ കാണണമെന്നും അവർ പറയുന്നു.