അംബാനി കുടുംബത്തിലെ മൈലാഞ്ചിപ്പാർട്ടിയിൽ പ്രിയങ്കയ്ക്കൊപ്പം നിക്കും?

മോസ്റ്റ് ട്രെൻഡിങ് പട്ടികയിലൂടെ  അടുത്തിടെ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് രണ്ടു പേരുകളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടേതും  അമേരിക്കൻ ഗായകനും നടനുമായ നിക്ക് ജോവാസിന്റെയും. പൊതുവിടങ്ങളിൽ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഗോസിപ്പുകൾ പരന്നു തുടങ്ങിയത്. ഇവർ പ്രണയത്തിലാണോ എന്ന സംശയത്തേക്കാൾ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് പാപ്പരാസികളെ അലട്ടിയത്.

35 വയസ്സുകാരിയായ പ്രിയങ്ക 25 വയസ്സുകാരനായ നിക്കിനെ പ്രണയിക്കുന്നതു ശരിയാണോ എന്നാണ് അവരുടെ സംശയം. എന്നാൽ ഇരുവരും  ഇതുവരെ ഇത്തരം ഗോസിപ്പുകളോട് പരസ്യമായി പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലെ സ്വകാര്യ അക്കൗണ്ടുകളിൽ ഇരുവരും ചില ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

കണ്ണിൽ സ്നേഹചിഹ്നമുള്ള സ്മൈലിയോടൊപ്പം പ്രിയങ്ക നൃത്തം ചെയ്യുന്ന വിഡിയോയാണ് നിക്ക് തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ സഹോദരനോടൊപ്പം കടൽത്തീരത്ത് നിൽക്കുന്ന നിക്കിന്റെ ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന അടിക്കുറിപ്പോടെ പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുമ്പോഴാണ് അംബാനിക്കുടുംബത്തിൽ നടന്ന വിവാഹനിശ്ചയപ്പാർട്ടിയിൽ പ്രിയങ്കയ്ക്കൊപ്പം നിക്കും പങ്കെടുത്ത കാര്യം ചിലർ ശ്രദ്ധിച്ചത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോകമേത്തയും തമ്മിലുള്ള മൈലാഞ്ചി പങ്കെടുത്ത ചിത്രങ്ങൾ പ്രിയങ്ക  പങ്കുവച്ചിരുന്നു. 

ആകാശിനും ശ്ലോകയ്ക്കും ആശംസകൾ നേർന്നുകൊണ്ട് പ്രിയങ്ക പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മറ്റുചില ചിത്രങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ആ ചിത്രങ്ങളിലൂടെയാണ് അംബാനികുടുംബത്തിലെ മൈലാഞ്ചിപ്പാർട്ടിയിൽ പ്രിയങ്കയ്ക്കൊപ്പം നിക്കും പങ്കെടുത്തിരുന്നുവെന്ന് പാപ്പരാസികൾ സമർഥിക്കുന്നത്. പ്രണയബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി തുറന്നു സമ്മതിച്ചിട്ടില്ലെങ്കിൽ പോലും ഇരുവരും വാർത്തകൾ നിഷേധിച്ചിട്ടില്ല. ഇവരുടെ വിവാഹ നിശ്ചയം ജൂലൈയിലോ ആഗസ്റ്റിലോ നടക്കുമെന്ന് ചില ഫിലിം മാസികകൾ റിപ്പോർട്ട് ചെയ്യുന്നത്.