ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്നത് ഭാഗ്യമാണ്, സ്ത്രീ ദേവിയാണ് എന്നൊക്കെ പൊതുവെ എല്ലാവരും പറയാറുണ്ട്. എന്നാൽ പേറ്റുനോവറിഞ്ഞ് കുഞ്ഞിന് ജന്മം നൽകുന്നവർക്കു മാത്രമേ അമ്മയെന്ന് പറയാൻ അവകാശമുള്ളൂ എന്നു വാദിക്കുന്ന ചിലരെങ്കിലും ഈ സമൂഹത്തിലുണ്ടെന്ന് പറയുകയാണ് ഒരു യുവതി. സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയതിനെ കുറച്ചിലായി കണ്ട് വാക്കുകൾ കൊണ്ട് അപമാനിച്ച ചിലരെക്കുറിച്ചും അവർ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
സാധാരണ പ്രസവം സാധ്യമല്ലാത്ത വിധം ഗർഭിണിയുടെ അവസ്ഥ സങ്കീർണ്ണമാകുന്ന സമയത്തോ, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് അപകടം സംഭവിക്കുന്ന സ്ഥിതി വരുമ്പഴോ മാത്രമേ സിസേറിയനെക്കുറിച്ച് പലരും ആലോചിക്കുക പോലുമുള്ളൂ. സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ യുവതി പങ്കുവയ്ക്കുന്നതിങ്ങനെ :-
"നിനക്ക് അങ്ങനെ ഫ്രീയായി ഒരു കുഞ്ഞിനെ കിട്ടിയല്ലേ.. "..
ഒരാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് കുഞ്ഞുമായി വീട്ടിൽ വന്നപ്പോൾ അയൽപക്കത്തെ ആയമ്മയുടെ ചോദ്യത്തിന് ഓപ്പറേഷൻ തിയേറ്ററിലെ കത്തിയേക്കാൾ മൂർച്ച തോന്നി എനിക്ക്..
പേറ്റുനോവിനേക്കാൾ സുഖമുള്ള അനുഭൂതി വേറെയില്ലെന്ന് വിശ്വസിക്കുന്ന അമ്മയാണ് ഞാനും.. മുട്ട വിരിഞ്ഞല്ല ഞാൻ കുഞ്ഞിന് ജന്മം നൽകിയതെന്നും പാതി മരണ വേദന ഞാനും അറിഞ്ഞിട്ടുണ്ടെന്നും മനസ്സിലാക്കാതെയുള്ള ആയമ്മയുടെ ചോദ്യത്തിന് ഉത്തരങ്ങൾ ഒരുപാട് ആയിരുന്നു എനിക്ക് പറയാൻ ഉണ്ടായിരുന്നത്.
മറ്റു മാർഗമില്ലാതെ സിസേറിയൻ മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വഴിയെന്ന് പറഞ്ഞ് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അലമുറയിട്ട് കരയുന്ന എന്നോട് സഭ്യമല്ലാത്ത ഭാഷയിൽ "ഇനി കിടന്നു മോങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞു പരിഹസിച്ച ഭൂമിയിലെ മാലാഖയിൽ നിന്നും തുടങ്ങിയതായിരുന്നു കുറ്റപ്പെടുത്തലുകൾ..
ജീവിതത്തിനും മരണത്തിനുമിടയിൽപെട്ട് നീറുമ്പോൾ സിസേറിയനു വേണ്ട സമ്മതപത്രത്തിൽ ഒപ്പിടാൻ തയാറാവാൻ പറഞ്ഞ എന്റെ അമ്മയോട് മുഖം കനപ്പിച്ചു കൊണ്ടുള്ള ഏട്ടന്റെ അമ്മയുടെ നോട്ടം കവടി നിരത്തിയപ്പോൾ എനിക്ക് സുഖപ്രസവം ആകുമെന്ന് പറഞ്ഞത് ഓർമയിൽ ഉള്ളത് കൊണ്ടാകാം..
ഡോക്ടറുടെ നിർദേശങ്ങൾ മനസ്സിലാക്കി ഏട്ടൻ പാതി സമ്മതത്തോടെ ഒപ്പിട്ടതും അപ്രതീക്ഷിത മരണവും ഹൃദയ സ്തംഭനവും ജീവച്ഛവമായി കിടക്കുന്ന അവസ്ഥ വരെ ഉണ്ടാകുമെന്നറിഞ്ഞു കൊണ്ട് അരയ്ക്കു താഴെ മരവിപ്പിച്ചു കൊണ്ട് പാതി ചത്തു കിടക്കുന്ന എന്റെ ഉദരത്തിൽ കത്തിയമർത്തി ഉള്ളിലെ ജീവനു ജീവിതം കൊടുത്തപ്പോൾ "ഡീ നീ പേറ്റുനോവ് അനുഭവിച്ചിട്ടില്ലല്ലോ കീറി എടുത്തതല്ലേ.. പേറ്റുനോവ് അനുഭവിച്ചവരേ മാത്രേ അമ്മേ എന്ന് വിളിക്കൂ",തുടങ്ങിയ ക്രൂരമായ തമാശകൾ വേറെയും..
പൂർണ്ണ ബോധമില്ലാതെ കുഞ്ഞിനെ ഒന്നമർത്തി ചുംബിക്കാൻ പോലും കഴിയാതെ തണുത്തു മരവിച്ചു കൊണ്ട് ഐസിയുവിൽ കിടക്കുമ്പോൾ മണിക്കൂറുകൾ കഴിഞ്ഞു കാലിലെ പെരുവിരലിൽ നിന്നും വിട്ടു തുടങ്ങുന്ന മരവിപ്പ് ചെന്നവസാനിക്കുന്നത് തലച്ചോർ വരേ കയറുന്ന കഠിനമായ വേദനയിലാണ്..
തീർന്നില്ല..
ഒന്നോ രണ്ടോ പേരുടെ സഹായമില്ലാതെ എണീക്കാൻ പറ്റാത്ത അവസ്ഥ.. ഒന്ന് സ്വന്തമായി മുലയൂട്ടാനോ.. കുഞ്ഞിനെ തലോലിക്കാനോ പറ്റാതെ പുളയുമ്പോൾ ഒന്ന് അറിയാതെ തുമ്മിയാലോ ചുമച്ചു കഴിഞ്ഞാലോ മരണം മുന്നിൽ കാണുന്ന പോലെയും.. ആന്റിബയോട്ടിക്കുകൾ കുത്തി നിറച്ചു കൊണ്ട് ശരീരത്തിന്റെ വേദന ശമിപ്പിച്ചു കഴിഞ്ഞാലും നേരാവണ്ണം നടക്കാനും നിൽക്കാനും പിന്നീടും ദിവസങ്ങൾ വേണ്ടിവരുന്നു.
പക്ഷേ വേദന അവിടെയും തീരുന്നതല്ലായിരുന്നു..
"നിനക്ക് പ്രസവവേദന അനുഭവിക്കേണ്ടി വന്നില്ലലോ.., വേദന അറിയാതെ കുഞ്ഞിനെ കിട്ടിയില്ലേ... എല്ലാം എളുപ്പം കഴിഞ്ഞില്ലേ തുടങ്ങിയ ക്രൂര തമാശകൾക്ക് ആണ് അത് വരേ അനുഭവിച്ചതിനെക്കാൾ വേദന കൂടുതൽ..
നെല്ല് കുത്തുന്നതിനിടയിൽ പ്രസവിച്ച കഥയും കുളിക്കടവിൽ വെച്ച് വേദന വന്നതും പ്രസവം കഴിഞ്ഞു വന്നു കുളിച്ച കഥയും പറഞ്ഞു വന്ന ആയമ്മ എന്റെ ഉത്തരങ്ങളും കഥ പറച്ചിലും കേട്ട് മൗനം പാലിച്ചപ്പോൾ ഞാൻ ഒന്നോർത്തു "അമ്മയ്ക്കും കുഞ്ഞിനും സുഖമായിരിക്കുന്നോ എന്നൊരു ചോദ്യം മാത്രം മതിയായിരുന്നു വേദനയെല്ലാം മറന്നു കൊണ്ട് എന്റെ മുഖത്ത് ചിരി വിടരാൻ..
സിസേറിയൻ ഒരു പൂ പറിക്കുന്ന ലാഘവത്തോടെ കാണുന്നവരോടും മത്സരമായി കാണുന്നവരോടും ഒന്ന് മാത്രം.. ഒരു സൂചി പോലും ശരീരത്തിൽ വെറുതെ തൊടരുതെന്ന് ആഗ്രഹിക്കുമ്പോൾ കീറി മുറിച്ചായാലും പ്രസവിച്ചായാലും വേദനകൾക്കൊടുവിൽ കുഞ്ഞിന്റെ ശബ്ദം കാതിൽ പതിയുമ്പോൾ അമ്മയുടെ കണ്ണീരിനു പാതിവിരാമമിടുന്ന ആ ഒരു നിമിഷത്തിന്റെ അഴകും മിഴിവും ഒരുപോലെയാണ്..
അത് സത്യം..