Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിനുള്ളിൽ ആ കാഴ്ച കണ്ട് യാചകബാലൻ നടുങ്ങി

x-default പ്രതീകാത്മക ചിത്രം.

അന്നു മുതലാണ് ജോൺ എന്ന യാചകബാലൻ അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയത്. ചെറുപ്പത്തിൽ അമ്മയെ നഷ്ടപ്പെട്ട അവന് വീടു വിട്ട് തെരുവിലേക്കിറങ്ങേണ്ടി വന്നത് സ്വന്തം അച്ഛൻ കാരണമായിരുന്നു. അച്ഛന്റെ ഉപദ്രവം സഹിക്കവയ്യാതെ വീടുവിട്ടുറങ്ങിയപ്പോൾ അവന് കൈമുതലായുണ്ടാ യിരുന്നത് നന്മവറ്റാത്ത മനസ്സു മാത്രമായിരുന്നു.

മനസ്സിന്റെ നന്മകൊണ്ടു മാത്രം വിശപ്പാറ്റാനാവില്ലെന്ന് തെരുവിലെത്തി അധികദിവസം കഴിയുന്നതിനു മുമ്പു തന്നെ അവനു മനസ്സിലായി. അങ്ങനെ തെരുവിലെ മറ്റുകുട്ടികളെപ്പോലെ തന്നെ അവനും ഉപജീവന മാർഗ്ഗമെന്ന നിലയിൽ ഭിക്ഷാടനത്തെ ആശ്രയിച്ചു. നെയ്റോബിലെ തെരുവുകളിൽ തിരക്കേറിയറോഡിലൂടെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അവൻ ഭിക്ഷയെടുപ്പ് തുടർന്നു.

ഭിക്ഷാടകരായ കുട്ടികളിൽ ഭൂരിപക്ഷം പേരും കള്ളന്മാരാണെന്നു വിശ്വസിച്ചിരുന്ന സമൂഹത്തിൽ നിന്ന് ഏറെ ആക്ഷേപവും അപമാനവും സഹിക്കേണ്ടി വന്നു ജോണിന്. വിശപ്പിനു മുന്നിൽ അഭിമാനം തോറ്റുപോയ നിമിഷങ്ങളിൽ വിഷമത്തോടെയാണെങ്കിലും ഭിക്ഷാടനം തുടരാൻ അവൻ നിർബന്ധിതനായി. ഒരു ദിവസം ഭിക്ഷാടനത്തിനിടെ കാറിൽക്കണ്ട ഒരു കാഴ്ചയാണ് അവന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്.

ആ കാഴ്ച കണ്ട് ആദ്യം ഒരു നടുക്കമാണ് അവന്റെയുള്ളിൽ ഉണ്ടായത്. കാറിന്റെ ഡ്രൈവിങ്സീറ്റിൽ ഒരു സ്ത്രീയാണുണ്ടായിരുന്നത്. മുഖത്തും ശരീരത്തും നിറയെ ട്യൂബുകളും ഹുക്കുകളുമുള്ള അവരെക്കണ്ട് പതറിപ്പോയ ജോൺ അവർക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ ആകാംക്ഷ പ്രകടിപ്പിച്ചു. തന്റെ പേര് ഗ്ലാഡിസ് എന്നാണെന്നും ശ്വാസകോശം പ്രവർത്തനരഹിതമായതുകൊണ്ട് എപ്പോഴും ഓക്സിജൻടാങ്ക് സമീപത്തു കരുതണമെന്നും ഓക്സിജൻ ടാങ്കുമായി ശരീരത്തെ ബന്ധിപ്പിക്കുന്ന ട്യൂബുകളാണ് ശരീരത്തിലുള്ളതെന്നും അവർ പറഞ്ഞു.

begging

ലോകത്ത് തന്നെക്കാളും മോശം അവസ്ഥയിൽ ആളുകൾ ജീവിക്കുന്നുണ്ടെന്ന് അന്നാദ്യമായാണ് ജോൺ മനസ്സിലാക്കിയത്. അവന്റെ മനസ്സ് വല്ലാതെ നൊന്തുപോയി. സ്വന്തമായി ശ്വാസം കഴിക്കാൻ കൂടി പാടുപെടുന്ന ഒരു മനുഷ്യജീവിതത്തെക്കുറിച്ചോർത്തപ്പോൾ അവൻ പൊട്ടിക്കരഞ്ഞു. അന്നു താൻ ഭിക്ഷാടനത്തിലൂടെ അന്നു സമ്പാദിച്ച തുക മുഴുവൻ ഗ്ലാഡിസിനു നൽകിക്കൊണ്ട് അവൻ അവരുടെ കൈകൾ ചേർത്തു പിടിച്ചു.

തന്നേക്കാൾ ഇപ്പോൾ പണത്തിനാവശ്യം ഗ്ലാഡിസിനാണെന്ന് ആരും പറയാതെ തന്നെ ആ ചെറിയ പയ്യൻ മനസ്സിലാക്കിയിരുന്നു. ഗ്ലാഡിസിന്റെ ജീവിതത്തിലെ വലിയ ദുരന്തത്തിന്റെ ആഴമറിയാതെയാണ് അവൻ തന്നാലാകുന്ന ചെറിയതുക അവർക്കു നൽകിയത്. കൊടിയ ഗാർഹിക പീഡനത്തിന്റെ ഇരയായിരുന്നു ഗ്ലാഡിസ്.ഭർത്താവ് ചെയ്ത ക്രൂരതമൂലം കാഴ്ചപോലും നഷ്ടപ്പെടാറായിരുന്നു ആ പാവത്തിന്. ഭർത്താവിന്റെ ക്രൂരതയാണ് അവളുടെ ശ്വാസകോശം തകർത്തതും.

ഒരു യാചക ബാലൻ തന്റെ അന്നത്തെ സമ്പാദ്യം കാറിൽ സഞ്ചരിക്കുന്ന ഒരു സ്ത്രീക്ക് നൽകുന്ന അപൂർവകാഴ്ച ആ വഴികടന്നുപോയ ഒരു യാത്രക്കാരൻ പകർത്തി. ഇരുവരുടെയും ചിത്രങ്ങൾക്കൊപ്പം ജീവിതകഥ കൂടി ചേർത്ത് അയാൾ അത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. നല്ല മനസ്സുള്ള യാചകബാലന്റെ കഥ അങ്ങനെ വെർച്വൽ ലോകത്ത് വൈറലായി.

ഇരുവരെയും സാമ്പത്തികമായി സഹായിക്കാമെന്ന ഉറപ്പുമായി പലരും മുന്നോട്ടു വന്നു. അങ്ങനെ ഇവരുടെ കഥയറിഞ്ഞ അപരിചിതരെല്ലാവരും കൂടി 54,75,600 രൂപയോളം ശേഖരിച്ച് ഇവർക്ക് നൽകി. ചികിത്സയ്ക്കാവശ്യമായ പണം ലഭിച്ചപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി ഗ്ലാഡിസ് ഇന്ത്യയിലേക്കു പറന്നു. അപ്പോൾ ജോണിന്റെ അവസ്ഥയോ എന്നു ചിന്തിക്കാൻ വരട്ടെ. നന്മയുള്ള ഹൃദയമുള്ളവരെ ദൈവം ഒരിക്കലും ദീർഘകാലം കഷ്ടപ്പെടുത്തില്ല. അവനെ ഒരു പാടു സ്നേഹിക്കാൻ മനസ്സുള്ള ഒരു സ്ത്രീ തെരുവിൽ നിന്ന് അവനെ ദത്തെടുത്തു. നിസ്സി എന്ന സ്ത്രീ മാതൃസ്നേഹം തുളുമ്പുന്ന അവരുടെ ഹൃദയവാതിലും വീടിന്റെ വാതിലും ആ കുട്ടിക്കുവേണ്ടി തുറന്നു കൊടുത്തു.

eerie hand outstretched

മറ്റുകുട്ടികളെപ്പോലെ മിടുക്കനായ അവനിപ്പോൾ സ്കൂളിൽ പോകുന്നുണ്ട്. ഹൃദയത്തിൽ വറ്റാത്ത നന്മയുടെ ഉറവയുള്ള അവനെത്തേടി സൗഭാഗ്യങ്ങൾ വന്നു. അമ്മ നഷ്ടപ്പെട്ട അവനിന്ന് രണ്ട് അമ്മമാരുടെ സ്നേഹം അനുഭവിക്കുന്നുണ്ട്. ഗ്ലാഡിസും നിസ്സിയും അവന് വേണ്ടുവോളം മാതൃസ്നേഹം നൽകുന്നുണ്ട്. സ്വന്തം വീടുവിട്ട് പെരുവഴിയിലിറങ്ങേണ്ടി വന്ന അവനിപ്പോൾ കയറിക്കിടക്കാൻ ഒരു വീടുണ്ട്. സ്വപ്നം കാണാൻ നല്ലൊരു ഭാവിയുണ്ട്. നമ്മൾ എന്താണോ ലോകത്തിന് നൽകുന്നത് ലോകം അതു തന്നെ നമുക്കും തിരിച്ചു നൽകും എന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുന്നതാണ് ജോണെന്ന കൊച്ചുമിടുക്കന്റെ ജീവിതമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ അവന്റെ ജീവിതകഥയറിഞ്ഞവരുടെ പ്രതികരണം.

മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ സ്നേഹിക്കാനും  ആശങ്കയില്ലാതെ കൈയിലുള്ളത് പങ്കുവെയ്ക്കാനും കഴിവുള്ളവർക്കായി ലോകം അദ്ഭുതങ്ങൾ കാത്തുവെയ്ക്കുമെന്നു പറഞ്ഞുകൊണ്ടാണ് ജോണഇന്റെയും ഗ്ലാഡിസിന്റെയും കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്.