എന്റെ മോനെ അവൾ മയക്കിയെടുത്തു; വില്ലത്തി അമ്മായിയമ്മമാർ വായിക്കാൻ

പ്രതീകാത്മക ചിത്രം.

വിവാഹപ്രായമെത്തിയാലും എന്റെ മകന് ഞാനില്ലാതെ ഒന്നിനും പറ്റില്ല എന്നു ഗർവ് പറയുന്ന അമ്മമാർ തീർച്ചയായും ഈ അമ്മയുടെ വാക്കുകൾ കേൾക്കണം. അമ്മയുടെ വാത്സല്യം അമ്മായിയമ്മപ്പോരിലേക്കു വഴിമാറാനുള്ള കൃത്യമായ കാരണത്തെ തുറന്നു കാട്ടിക്കൊണ്ടാണ് ഹൃദയസ്പർശിയായ ഭാഷയിൽ ആ അമ്മ പേരന്റിങ് രഹസ്യങ്ങളെക്കുറിച്ച് തുറന്നു പറയുന്നത്.

ഭക്ഷണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്ന വിഡിയോ അവസാനിക്കുന്നത് കുടുംബബന്ധങ്ങളിലെ കെട്ടുറപ്പിനുവേണ്ട അത്യാവശ്യ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടു കൂടിയാണ്. പേരന്റിങ് എന്താണെന്ന് മൃഗങ്ങളെ കണ്ടു പഠിക്കണം എന്നാണ് ആ അമ്മയ്ക്ക് പറയാനുള്ളത്. തന്റെ വീട്ടിൽ ഒരു സുന്ദരിപ്പൂച്ചയുണ്ടെന്നും. അവൾക്ക് നാലു കുഞ്ഞുങ്ങളുണ്ടെന്നും അവൾ കുഞ്ഞുങ്ങളെ വളർത്തുന്ന രീതി താൻ കൗതുകത്തോടെ കണ്ടിരിക്കാറുണ്ടെന്നും ആ അമ്മ പറയുന്നു. ആദ്യത്തെ ദിവസം എലിയെ വേട്ടയാടിക്കൊന്ന് മക്കളുടെ മുന്നിലിടുന്ന പൂച്ചയമ്മ രണ്ടാം ദിവസം മക്കൾക്ക് നൽകുന്നത് പാതിജീവനുള്ള എലിയെയാണ്. മൂന്നാം ദിവസം ഇരതേടാൻ കുഞ്ഞുങ്ങളെ ഒപ്പം കൂട്ടുന്ന പൂച്ച നാലാം ദിവസം അവരെ ഇരതേടാൻ തനിയെ വിടും.

എന്നാൽ മനുഷ്യരാകട്ടെ മക്കൾ എത്ര വലുതായാലും അവരെ സ്വതന്ത്രരായി വിടാതെ അടുക്കിപ്പിടിക്കും. എന്റെ മോൻ എന്റെ മോൻ എന്ന് വാത്സല്യം തുളുമ്പുന്ന അമ്മമാർ എത്ര വേഗമാണ് ക്രൂരയായ അമ്മായിയമ്മയായി മാറുന്നതെന്നും അവർ ചോദിക്കുന്നു. എന്റെ മോനെ അവൾ മയക്കിയെടുത്തതാണെന്ന് പല അമ്മമാരും പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും പുരുഷന്മാർ എന്നെങ്കിലും ഒരു പെണ്ണിൽ മയങ്ങണമെന്നത് പ്രകൃതി നിയമമാണെന്നും പിന്നെയെന്തിനാണ് അവനൊരു പെൺകുട്ടിയെ സ്നേഹിച്ച് ജീവിതത്തിലേക്ക് കൂടെക്കൂട്ടുമ്പോൾ ഇങ്ങനെ സംസാരിക്കുന്നതെന്നും ആ അമ്മ ചോദിക്കുന്നു.

വിവാഹം കഴിക്കാൻ മകൻ തീരുമാനിച്ചാൽ നീ വിവാഹം കഴിച്ച് ഈ വീട്ടിലേക്ക് കൊണ്ടുവരുന്ന പെൺകുട്ടിയുടെ കണ്ണ് ഒരിക്കലും നിറയരുതെന്ന് വാക്കാണ് മകന്റെ കൈയിൽ നിന്ന് ഓരോ മാതാപിതാക്കളും വാങ്ങേണ്ടതെന്നും ആ അമ്മ പറയുന്നു. തന്നെ വിവാഹം കഴിക്കുന്ന പുരുഷന്റെ കണ്ണ് താൻ കാരണം ഒരിക്കലും നിറയരുതെന്ന വാക്ക് പെൺകുട്ടിയുടെ അമ്മയും അവളോട് വാങ്ങണമെന്നും ഈ അമ്മ ഓർമ്മിപ്പിക്കുന്നു.

അമ്മയ്ക്കെയപ്പോഴും അമ്മ മാത്രമായിരിക്കാനേ കഴിയൂ. എന്നാൽ ഒരു ഭാര്യയ്ക്ക് അമ്മയാവാനും കഴിയും. പെറ്റുവളർത്തിയ മക്കൾ എന്തു പറഞ്ഞാലും ഒരമ്മ അതു സഹിച്ചെന്നു വരും എന്നാൽ അന്നോളം അന്യനായ പുരുഷൻ വിവാഹശേഷം ചെയ്യുന്ന നല്ലതും ചീത്തയുമായ എല്ലാകാര്യങ്ങളും ഒരു ഭാര്യ സഹിക്കുകയെന്നു പറഞ്ഞാൽ അതൊരു വലിയ കാര്യം തന്നെയാണ്.

പുരുഷന്മാർ പുരുഷന്മാരായിരിക്കാൻ കാരണം അതിനുള്ള അനുവാദം സ്ത്രീകൾ നൽകുന്നതുകൊണ്ടാണ്. അല്ലാത്ത പക്ഷം അവർ മനുഷ്യരായി മാറിയേനം. തിരിച്ച് സ്ത്രീകൾ സ്ത്രീകളായിരിക്കാൻ കാരണം  അതിനുള്ള അനുവാദം പുരുഷന്മാർ സ്ത്രീകൾക്ക് നൽകുന്നതുകൊണ്ടാണ് അല്ലെങ്കിൽ അവർ ദൈവങ്ങളായേനം എന്നാണ് ആ അമ്മയ്ക്ക് പറയാനുള്ളത്.

കുടുംബത്തിലെ ഭക്ഷണ ശീലത്തെക്കുറിച്ചും ആ അമ്മയ്ക്ക് ഏറെ പറയാനുണ്ട്. തന്റെ കുട്ടിക്കാലത്തെ അനുഭവം രസകരമായി പങ്കുവച്ചുകൊണ്ട് ആ അമ്മ പറഞ്ഞതിങ്ങനെ:- കുട്ടിക്കാലത്ത് വീട്ടിൽ മധുരപലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ അതു കൈയിൽ കിട്ടാനുള്ള കൊതിപിടിച്ച ഒരു കാത്തിരിപ്പുണ്ട്. അമ്മയുടെ നേരെ കൈ നീട്ടുമ്പോൾ സഹോദരങ്ങളെക്കൂടി വിളിച്ചുകൊണ്ടു വരാൻ പറയും. ചേച്ചി വരുമ്പോൾ ചേട്ടൻ വരില്ല. എല്ലാവരും കൂടി ഒരുമിച്ചെത്തുമ്പോൾ ഊണിനു കാലമായിട്ടുണ്ടാകും.

ഊണിന്റെ സമയത്ത് അമ്മ മധുരം വിളമ്പില്ല വയറു നിറഞ്ഞില്ലേ ഇനിയും പിന്നെ മധുരം തരാമെന്നാകും മറുപടി. ഇഷ്ടപ്പെട്ട ഭക്ഷണത്തിനു വേണ്ടിയുള്ള ആ കാത്തിരിപ്പിനൊടുവിൽ അമ്മ അത് കൈയിൽ വച്ചു തരുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞാൽതീരുന്നതല്ല. കൈയിൽ കിട്ടിയ പലഹാരം നോക്കി കുറേനേരം കൂടി കൊതിയിറക്കിയിരിക്കുമ്പോൾ അമ്മ വീണ്ടും ചോദിക്കും. കൊതിപിടിച്ച് വാങ്ങിയിട്ട് എന്താ അത് കഴിക്കാതിരിക്കുന്നതെന്ന്. അപ്പോഴൊക്കെ ഞാൻ അമ്മയോടു പറയുന്ന മറുപടി തിന്നാൽ അത് തീർന്നു പോകില്ലേ അമ്മേയെന്നാണ്.

പണ്ടത്തെ നഴ്സറി റൈമിൽ പോലുമുണ്ട് കുടുംബത്തിലെ സാമ്പത്തികാവസ്ഥകൾ വ്യക്തമാക്കുന്ന വരികൾ എന്നു പറഞ്ഞുകൊണ്ട്  ആ വരികൾ ഉദ്ധരിച്ചുകൊണ്ട് ഒരു ചെറിയകഥ പറയുന്നുണ്ട് ആ അമ്മ

ദോശ അമ്മേ ദോശ

കലക്കിച്ചുട്ടദോശ

അരിശുമാവ് ഉഴുന്തുമാവ്

രണ്ടും കൂടെ

കലക്കിച്ചുട്ട ദോശ

അച്ഛനുക്ക് നാല്

അമ്മാവക്ക് മൂന്ന്

അണ്ണനിക്ക് രണ്ട്

പാപ്പാവ്ക്ക് ഒന്ന്

ഈ കൊച്ചുപാട്ടിലുണ്ട് കുടുംബത്തിന്റെ സാമ്പത്തീകാവസ്ഥയും ഭക്ഷണരീതികളും. നിശ്ചയിച്ചതിൽ കൂടുതലായി ആഹാരസാധനങ്ങൾ വിളമ്പനാവാത്ത അവസ്ഥ അന്നുണ്ടായിരുന്നു. കുടുംബത്തിലെ മുതിർന്ന സ്ത്രീ അത്താഴത്തിന് ചോറും കറികളുമെല്ലാം വലിയൊരു പാത്രത്തിലാക്കി കൂട്ടിയിളക്കി വീട്ടിലെല്ലാവരെയും ഊട്ടുന്ന കാഴ്ചയും അന്നൊക്കെ പതിവായിരുന്നു. പാത്രം വടിച്ചു കഴിയുമ്പോഴും വയറു നിറയാത്ത കുട്ടികളോട് ധാരാളം വെള്ളം കുടിക്കാൻ പറയുമായിരുന്നുവെന്നും ആ അമ്മ ഓർക്കുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെയും പങ്കുവയ്ക്കുന്നതിന്റെയും സന്തോഷമറിഞ്ഞാണ് അന്നത്തെ കുട്ടികൾ വളർന്നിരുന്നതെന്നും ആ അമ്മ പറയുന്നു.

ഇന്ന് പലഹാരങ്ങളും മധുരപലഹാരങ്ങളും നിറച്ച ബോക്സുകൾ ഒറ്റക്കുട്ടികളുടെ മുൻപിലേക്ക് വച്ചുനീട്ടുന്ന മാതാപിതാക്കളെയാണ് കാണാനാവുക. പലഹാരത്തിന്റെ ഒരുമുറി കടിച്ചും തുപ്പിയും തല്ലിക്കഴിപ്പിച്ചും കുഞ്ഞുങ്ങൾ ആ ഭക്ഷണങ്ങൾ കഴിച്ചു കഴിയുമ്പോൾ കുട്ടികൾ വിശപ്പിന്റെയും പങ്കുവയ്പ്പിന്റെയും വിലയറിയാതെ പോകുന്നു. അതുപോലെയാണ് ബർത്ത്ഡേ ആഘോഷങ്ങളിലെ ധൂർത്തും. പിറന്നാൾ എന്നു കേൾക്കുമ്പോഴേ അച്ഛനമ്മമാർ ഭീമൻ കേക്കിന് ഓർഡർ കൊടുക്കുകയായി. പിന്നെ കാണുന്നത് പിറന്നാൾ ദിവസം കേക്ക് മുറിച്ച് അത് പരസ്പരം മുഖത്തു വാരിത്തേക്കുന്ന കുട്ടികളെയാണ്. അങ്ങനെയുള്ള കുട്ടികളോട് ഞാൻ ചോദിക്കാറുണ്ട് നാളെ നിങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റിന് ഫെയർ ആൻഡ് ലൗലിയാണോ ഉണ്ടാവുകയെന്ന്. 

ഭക്ഷണത്തിന്റെ വിലയറിയാതെ ആർഭാടം കാണിക്കുന്ന കുഞ്ഞുങ്ങൾ ഒന്നോർക്കണം. ആ കേക്ക് ഉണ്ടാക്കി വിൽക്കുന്ന കുടുംബത്തിലെ കുഞ്ഞുങ്ങൾ ഒരുപക്ഷേ ആ കേക്കിന്റെ രുചി അറിഞ്ഞിട്ടുണ്ടാവില്ല. അവരുടെ അച്ഛനും അമ്മയ്ക്കും അത്രവിലകൂടിയ കേക്ക് മക്കൾക്കായി ഉണ്ടാക്കിക്കൊടുക്കാൻ ഒരിക്കലും കഴിഞ്ഞിട്ടുമുണ്ടാവില്ല. ആ അമ്മയുടെ വാക്കുകൾ തമിഴിലാണെങ്കിലും ഹൃദയത്തിന് ഭാഷയുടെ അതിർവരമ്പുകളില്ലാത്തതിനാൽ ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണിപ്പോൾ.