നീണ്ട 80 വർഷങ്ങൾ പരസ്പരം മടുക്കാതെ, വെറുക്കാതെ പ്രണയിച്ച ദമ്പതികളുടെ കഥയുമായാണ് ഇക്കുറി ആ ഫൊട്ടോഗ്രാഫറെത്തിയത്. പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെ ഇവരുടെ പ്രണയവും ദിനംപ്രതി തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ജിഎംബി ആകാശ് എന്ന ഫൊട്ടോഗ്രാഫർ ആ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പ്രണയകഥ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്.
പക്കാ അറേഞ്ചഡ് മാര്യേജ് ആയിരുന്നു ഇവരുടേത്. തന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് തന്റെ മാതാപിതാക്കൾ പോയതും. തന്റെ പേരു കേട്ടയുടൻ തന്നെ പെൺവീട്ടുകാർആലോചന നിരസിച്ചതുമെല്ലാം ചെറുചിരിയോടെ ഓർത്തെടുക്കുമ്പോൾ മുത്തശ്ശന്റെ അരികിൽത്തന്നെയുണ്ട് ആ സുന്ദരി മുത്തശ്ശിയും.
കറുത്ത ചന്ദ്രൻ എന്ന് അർഥം വരുന്ന ഒരു പേരായിരുന്നു തനിക്കെന്നും അതാണ് പെൺവീട്ടുകാരിൽ ആശയക്കുഴപ്പമുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. പേരുപോലെ അത്ര കറുത്തിട്ടല്ല എന്നു തെളിയിക്കുന്നതിനുവേണ്ടി തന്നെയും കൂട്ടി അമ്മ ഒരിക്കൽക്കൂടി പെൺകുട്ടിയുടെ വീട്ടിൽ പോകാൻ തയാറായെന്നും കാരണം അമ്മയ്ക്ക് അവളെ അത്രയും ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
അതിസുന്ദരിയായ ആ പെൺകുട്ടി ആദ്യകാഴ്ചയിൽത്തന്നെ തന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചെന്നും സംഭ്രമം മൂലം അതിനൊന്നും മറുപടി പറയാതെ വെറുതെ തലകുലുക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറയുന്നു. 'വീട്ടിൽ നിറയെ മരങ്ങളുണ്ടോ? വിവാഹം കഴിഞ്ഞെത്തിയാൽ ഗ്രാമത്തിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ തന്നെ അനുവദിക്കുമോ? പുഴയിൽ നീന്താൻ കൊണ്ടുപോകാൻകഴിയുമോ? പാവങ്ങൾക്ക് എന്നും ഭക്ഷണം നൽകാൻ അനുവദിക്കുമോ? എന്നൊക്കെയായിരുന്നു അവളുടെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങളുടെയൊക്കെ ഉത്തരം അനുകൂലമാണെങ്കിൽ വിവാഹത്തിന് തയാറാണെന്ന് അവൾ മറുപടി നൽകി.
അങ്ങനെ വിവാഹമൊക്കെ കഴിഞ്ഞ് ഒരു യാത്രക്കിടെയിലാണ് അത് സംഭവിച്ചത്. ഗ്രാമത്തിലേക്ക് മടങ്ങും വഴി രാത്രിയിൽ കുറോളുകൾ ഞങ്ങളെ തടഞ്ഞു. എന്റെ കൈയിലുള്ള പണവും അവളുടെ ആഭരണങ്ങളുമെല്ലാം അവർ ഊരി വാങ്ങി. ശേഷം ഇനിയും എന്റെ പക്കൽ എന്തെങ്കിലും അവശേഷിക്കുന്നുണ്ടേോ എന്നറിയാനായി എന്റെ ഷർട്ടിന്റെ പോക്കറ്റ് വലിച്ചു കീറി. കൊള്ളക്കാർ എന്നെ ആക്രമിക്കാൻ മുതിരുന്നതു കണ്ടപ്പോൾ അത്രയും നേരം നിശ്ശബ്ദയായിരുന്നവൾ ദേഷ്യത്തോടെ പ്രതികരിച്ചു.
ഞങ്ങളുടെ പക്കലുള്ളതെല്ലാം നിങ്ങൾക്കു നൽകിക്കഴിഞ്ഞെന്നും എന്റെ ഭർത്താവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ട് കൊള്ളക്കാരിലൊരാളെ അവൾ തല്ലാനും ചീത്ത പറയാനും തുടങ്ങി. ഇതുകണ്ട് കലിപൂണ്ട കൊള്ളസംഘത്തിലെ മറ്റൊരുവൻ അവന്റെ കൈയിലിരുന്ന വിളക്ക് എന്റെ ഭാര്യയുടെ മുഖത്തിനു നേരെ ചേർത്തുപിടിച്ചു. വിളക്കിന്റെ പ്രകാശത്തിൽ അവളുടെ മുഖം കണ്ട അവന്റെ ഭാവം പെട്ടന്നുമാറി. അഗ്നിപോലെ ജ്വലിച്ചു നിന്ന അവൻ മഞ്ഞുപോലെ ഉരുകി.
യാചകർക്ക് എന്നും ഭക്ഷണം കൊടുക്കുന്ന സ്ത്രീയല്ലേ നിങ്ങൾ, ഞാനും അമ്മയും പലവട്ടം നിങ്ങളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് അയാൾ ഞങ്ങളിൽ നിന്നും തട്ടിയെടുത്തതെല്ലാം തിരികെത്തന്നു'. ഭാര്യയുടെ നന്മയെക്കുറിച്ച് ആ മുത്തശ്ശൻ വാചാലനായി. 'ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 80 വർഷമായി. എല്ലാവർഷവും ഞങ്ങളിരുവരും ചേർന്ന് ഗ്രാമത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കാറുണ്ട്. 80 വർഷവും എല്ലാദിവസവും അവൾ യാചകർക്ക് ആഹാരം മുടങ്ങാതെ നൽകുന്നുണ്ട്. 80 വർഷത്തിനിടെ ഒരു ദിവസം പോലും ഞങ്ങൾ പിരിഞ്ഞു കഴിഞ്ഞിട്ടില്ല.
അവളാണ് എന്റെ എല്ലാം. അവളുടെ സൗന്ദര്യത്തിൽ ഞാൻ വീണുപോകുന്നു. അവളുടെ നന്മയും പോസിറ്റീവ് മനോഭാവവും എന്നെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മനോഹരമാണ് 80 വർഷത്തെ എന്റെ വിവാഹജീവിതം.