അഭിഷേക് ബച്ചൻ പങ്കുവച്ച ഒരു കളർഫുൾ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. തന്റെ ജീവിതത്തിലെ മൂന്ന് പ്രധാന വ്യക്തികളുടെ ചിത്രങ്ങളാണ് മൈ ഗേൾസ് എന്ന അടിക്കുറിപ്പോടെ അഭിഷേക് പങ്കുവച്ചത്. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും ശ്ലോകമേത്തയും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും അഭിഷേകിന്റെ അനന്തരവളായ നവ്യയുടെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
അഭിഷേകിന്റെ സഹോദരി ശ്വേതയുടെയും ബിസിനസ്സുകാരനായ നിഖിൽ നന്ദയുടെയും മകളാണ് നവ്യ. ഇവർക്ക് അഗസ്ത്യ എന്നൊരു മകൻ കൂടിയണ്ട്. അബുജാനി– സന്ദീപ് ഘോഷ്‌ലെ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിച്ചാണ് അംബാനി കുടുംബത്തിലെ വിവാഹനിശ്ചയച്ചടങ്ങിൽ ശ്വേതയും നവ്യയുമെത്തിയത്. വൈറ്റ് കളർ സാരിയ്ക്കൊപ്പം ട്രെൻഡി ബ്ലൗസ് ധരിച്ച് ശ്വേതയെത്തിയപ്പോൾ പച്ച നിറത്തിൽ ഗോൾഡൻ വർക്കുള്ള സാരിയിൽ നവ്യ തിളങ്ങി.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് അഭിഷേകും ഐശ്വര്യയും ആരാധ്യയും വിവാഹനിശ്ചയച്ചടങ്ങിൽ പങ്കെടുത്തത്. ഗോൾഡൻ സാരിയിൽ ഐശ്വര്യ തിളങ്ങിയപ്പോൾ പിങ്ക് ലെഹങ്കയിൽ ക്യൂട്ട് ലുക്കിലായിരുന്നു ആരാധ്യ.