ആരാധകർക്കായി താരങ്ങൾ അവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മനസ്സു നിറഞ്ഞ ഇഷ്ടത്തോടെ ആരാധകർ ആ ചിത്രങ്ങൾക്കു നൽകുന്ന കമന്റുകൾ എന്തെങ്കിലും അവർ വായിക്കാറുണ്ടോ?. ജാൻവി കപൂറിന്റെ വൈറലായ ചിത്രം കണ്ടാണ് ആരാധകർക്ക് അങ്ങനെയൊരു സംശയം തോന്നിയത്. ജാൻവി ശ്രീദേവിയുടെ കാർബൺകോപ്പിയാണെന്നും ശ്രീദേവിയുടെ മനോഹരമായ കണ്ണുകൾ ജാൻവിക്ക് ലഭിച്ചിട്ടുണ്ടെന്നും ജാൻവിയിലൂടെയാണ് ഇപ്പോൾ തങ്ങൾ ശ്രീദേവിയെക്കാണുന്നതെന്നുമൊക്കെയാണ് ആ വൈറൽ ചിത്രത്തിന് താഴെ ആരാധകർ കുറിച്ചത്.
തന്നെ കാണാൻ അമ്മയെപ്പോലെയുണ്ടെന്നു പറയുന്നത് എല്ലാ പെൺമക്കൾക്കും ഇഷ്ടമാണ്. ഒരുപക്ഷേ ജാൻവി ആ കമന്റുകൾ കണ്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അവർക്കത് സന്തോഷം നൽകുമെന്നും ആരാധകർ വിശ്വസിക്കുന്നു. ജൂലൈ 20 ന് റിലീസ് ചെയ്യുന്ന തന്റെ കന്നിച്ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ ജാൻവി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ടപ്പോൾ ശ്രീദേവിയെ കാണുന്നതുപോലെയാണ് തോന്നിയതെന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റ് ചെയ്തത്.
ഇതാദ്യമായല്ല അമ്മയുടെ പേരിൽ ജാൻവി വാർത്തകളിൽ നിറയുന്നത്. മരണാനന്തരം രാജ്യം ദേശീയ പുരസ്കാരം നൽകി ശ്രീദേവിയെ ആദരിച്ച ചടങ്ങിൽ പുരസ്കാരമേറ്റു വാങ്ങാൻ അച്ഛനും സഹോദരിയ്ക്കുമൊപ്പം ജാൻവിയെത്തിയത് അമ്മയുടെ സാരിയുടുത്തുകൊണ്ടായിരുന്നു. മാർച്ചിലാണ് ദുബായിയിലെ ഹോട്ടൽമുറിയിലെ ബാത്ടബിൽ വീണ് ശ്രീദേവി മുങ്ങിമരിച്ചത്. അമ്മയുടെ മരണശേഷം അധികം വൈകാതെ തന്നെ തന്റെ കന്നിച്ചിത്രത്തിനുവേണ്ടിയുള്ള പ്രമോഷണൽ പരിപാടിയിൽ ജാൻവിക്ക് സജീവമാകേണ്ടി വന്നു.
മെയിൽ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അമ്മയുടെ മരണശേഷം തങ്ങളുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ജാൻവി തുറന്നു പറഞ്ഞിരുന്നു. മാസികയ്ക്കു വേണ്ടി കരൺജോഹറാണ് ജാൻവിയെ ഇൻറർവ്യൂ ചെയ്തത്. താൻ അഭിനയിച്ച ചിത്രത്തിന്റെ 25 മിനിറ്റ് ദൈർഘ്യമുള്ള ഫൂട്ടേജ് അമ്മയെ കാണിച്ചിരുന്നുവെന്നും. ചിത്രങ്ങൾ കണ്ട അമ്മ ആദ്യം ചൂണ്ടിക്കാട്ടിയത് കൂടുതൽ മെച്ചമാക്കേണ്ട കാര്യങ്ങളെക്കുറിച്ചായിരുന്നുവെന്നും മേക്കപ്പിനെ ചെറിയ പിഴവിനെക്കുറിച്ചൊക്കെ അമ്മ പറഞ്ഞു തന്നിരുന്നുവെന്നും ജാൻവി പറഞ്ഞു.