ഒരിക്കലും ഒരച്ഛന് കുഞ്ഞിനെ മുലയൂട്ടാനാവില്ല. ആ സത്യം മറ്റാരേക്കാളും നന്നായി ഈ അച്ഛനും അറിയാം. എങ്കിലും സ്വന്തം കുഞ്ഞിനുവേണ്ടി അദ്ദേഹം അതു ചെയ്തു. മാക്സാ മില്യൻ എന്ന അച്ഛനെ ലോകം ഹീറോയെന്നു വിളിക്കാനുള്ള കാരണം അറിയണമെങ്കിൽ അദ്യം അദ്ദേഹത്തിന്റെയുള്ളിലെ ആർദ്രമായ ഹൃദയത്തെക്കുറിച്ചറിയണം.
ഭാര്യയുടെ സങ്കീർണ്ണമായ പ്രസവത്തോടെയാണ് മാക്സയുടെ ജീവിതം മാറിമറിഞ്ഞത്. ജൂൺ 26നാണ് മാക്സായുടെ ഭാര്യ ഏപ്രിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനത്തിൽ സന്തോഷിച്ചിരുന്ന മാക്സായെ തേടിയെത്തിയത് പ്രസവത്തോടെ ഏപ്രിലിന്റെ ആരോഗ്യനില മോശമാണെന്ന വാർത്തയാണ്.
ചികിത്സയുടെ ഭാഗമായി ഏപ്രിലിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതിനെത്തുടർന്ന് കുഞ്ഞിന്റെ ഉത്തരവാദിത്തം മാക്സാ ഏറ്റെടുത്തു. മകൾക്ക് റോസ്‍ലി എന്നു പേരുമിട്ടു. കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ മാക്സായെ ഏറ്റവുമലട്ടിയത് അവൾക്ക് അമ്മയുടെ മുലപ്പാൽ നൽകാൻ സാധിക്കില്ലല്ലോ എന്നോർത്തായിരുന്നു.
കുപ്പിപ്പാൽ നൽകാമെന്ന നിർദേശം ഡോക്ടർമാരും നഴ്സുമാരും മുന്നോട്ടുവച്ചങ്കിലും മുലപ്പാൽ കുടിക്കുന്നത് കുഞ്ഞ് എക്സ്പീരയൻസ് ചെയ്യണമെന്ന് മാക്സാ ശഠിച്ചു. അങ്ങനെയാണ് നഴ്സിന്റെ സഹായത്തോടെ അച്ഛന്റെ മാറിൽ മുഖം ചേർത്ത് അവൾ പാലുകുടിക്കാൻ ശീലിച്ചത്.
നഴ്സിന്റെ ഒരു സൂത്രവിദ്യയിലൂടെയാണ് അച്ഛന്റെ മാറിൽ നിന്ന് പാലുകുടിക്കാൻ കുഞ്ഞു റോസ്‌ലിന് അവസരം ലഭിച്ചത്. സിറിഞ്ചു വഴി ബന്ധിപ്പിച്ച ട്യൂബിന്റെ അറ്റത്ത് നിപ്പിൾ ഘടിപ്പിച്ച് മാക്സായുടെ നെഞ്ചിൽ ചേർത്തുകൊടുത്തുകൊണ്ടാണ് ആ അച്ഛന്റെ ആഗ്രഹത്തിന് നഴ്സ് കൂട്ടു നിന്നത്.
മാക്സാ കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് ഈ അച്ഛൻ വാർത്തകളിൽ നിറഞ്ഞതും അദ്ദേഹം ലോകത്തിന്റെ ഹീറോ ആയതും.